|

ടി-ട്വന്റിയില്‍ പുറത്താക്കി, ടെസ്റ്റ് ടീമില്‍ എടുത്തു; പരമ്പര വിജയിച്ചാല്‍ റാങ്കിങ്ങില്‍ ഒന്നാമത്

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാനെതിരായ ടി-ട്വന്റി പരമ്പരക്ക് ശേഷം ഇംഗ്ലണ്ടുമായിട്ടുള്ള ഇന്ത്യയുടെ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ നടക്കാനിരിക്കുകയാണ്. ജനുവരി 25ന് ഹൈദരബാദിലാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് പരമ്പര നടക്കുന്നത്. ഇതിനോടകം ബെന്‍ സ്‌റ്റോക്‌സ് നയിക്കുന്ന ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. പക്ഷെ ഇന്ത്യന്‍ സ്‌ക്വാഡ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇതിന് മുമ്പ് 2021 – 2022 വര്‍ഷത്തിലായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും അഞ്ച് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര കളിച്ചത്. 2021 വര്‍ഷത്തില്‍ ആദ്യത്തെ നാല് ടെസ്റ്റില്‍ 2-1ന് ഇന്ത്യ മുന്നിലായിരുന്നു. എന്നാല്‍ 2022ല്‍ നടന്ന അഞ്ചാമത് ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിച്ചതോയെ പരമ്പര 2-2ന് സമനിലയിലാകുകയായിരുന്നു. 2023ല്‍ കഴിഞ്ഞ ആഷസ് പരമ്പരയിലും സമനില നേടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു.

സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റില്‍ ഇന്ത്യയും സമനില സ്വന്തമാക്കിയിരുന്നു. രണ്ട് ടെസ്റ്റ് മത്സരത്തില്‍ ഇരുവരും ഓരോ വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യന്‍ സ്‌ക്വാഡ് പുറത്ത് വിട്ടിട്ടില്ലെങ്കിലും ഋതുരാജ് ഗെയ്ക്വാദ് ടെസ്റ്റില്‍ ടീമില്‍ എത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഫ്ഗാനിസ്ഥാന്‍ ടി-ട്വന്റി പരമ്പരയില്‍ നിന്നും താരത്തെ മാറ്റി നിര്‍ത്തിയിരുന്നു. ഇതോടെ അഞ്ച് പരമ്പരകള്‍ അടങ്ങുന്ന ടെസ്റ്റിലെ മൂന്നാമത്തെ മത്സരത്തിലേക്കാണ് ഗെയ്ക്വാദിന് അവസരം ലഭിച്ചത്.

മത്സരത്തില്‍ കണങ്കാലിന് പരിക്ക് പറ്റിയ മുഹമ്മദ് ഷമിക്ക് മൂന്ന് മത്സരങ്ങള്‍ നഷ്ടപ്പെടുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പരിക്ക് കാരണം സര്‍ജറിക്ക് വിധേയനായ സൂര്യകുമാറും കളിക്കില്ല. പരമ്പരയില്‍ മുഹമ്മദ് സിറാജിനേയും ജസ്പ്രീത് ബുംറയേയും ഇന്ത്യക്ക് ലഭ്യമാകും. ഇംഗ്ലണ്ടിനോടുള്ള പരമ്പര വിജയിച്ചാല്‍ ടെസ്റ്റ് റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത് എത്താന്‍ ഇന്ത്യക്ക് കഴിയും.

ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, രെഹന്‍ അഹമ്മദ്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ ഫോക്‌സ്, ഒല്ലി പോപ്പ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഗസ് അറ്റ്കിന്‍സണ്‍, ഷോയിബ് ബഷീര്‍, ടോം ഹാര്‍ട്‌ലി, ജാക്ക് ലീച്ച്, ഒല്ലി റോബിന്‍സണ്‍ , മാര്‍ക്ക് വുഡ്.

Content Highlight: Ruturaj Gaikwad in Test Team