ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന ടി-20 മത്സരത്തില്‍ സിംബാബ്‌വെയെ 23 റണ്‍സിനാണ് ഇന്ത്യ തകര്‍ത്ത്. പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം വിജയമാണ് ഇന്ത്യ നേടുന്നത്. ആവേശകരമായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് മാത്രമാണ് നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി യുവ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 49 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറും അടക്കം 66 റണ്‍സാണ് താരം നേടിയത്. തുടര്‍ന്ന് നാലാമനായി ഇറങ്ങിയ റിതുരാജ് ഗെയ്ക്വാദും ഇന്ത്യയെ മികച്ച രീതിയിലാണ് മുന്നോട്ട് കൊണ്ടുപോയത്. 28 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറും അടക്കം 49 റണ്‍സ് നേടിയാണ് താരം പുറത്തായത്. ഒരു റണ്‍സിന് ഫിഫ്റ്റി നഷ്ടപ്പെട്ടെങ്കിലും മറ്റൊരു തകര്‍പ്പന്‍ നേട്ടമാണ് ഗെയ്ക്വാദിനെ തേടിയെത്തിയത്.
ഇന്റര്‍നാഷണല്‍ ടി-20യില്‍ 20 ഇന്നിങ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാവാനാണ് റിതുരാജിന് സാധിച്ചത്.