|

അടിച്ച് പറത്തിയത് കിടിലന്‍ മൈല്‍സ്റ്റോണ്‍; ക്യാപ്റ്റന്‍ ഓണ്‍ ഫയര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോ മത്സരത്തില്‍ മുംബൈക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155ന് തളയ്ക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചു.

ആവേശം നിറഞ്ഞ മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് രചിന്‍ രവീന്ദ്രയാണ് 45 പന്തില്‍ പുറത്താകാതെ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 65 റണ്‍സ് നേടിയാണ് താരം പുറത്താകാതെ നിന്നത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 53 റണ്‍സും നേടി അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെയാണ് ഗെയ്ക്വാദ് മിന്നും പ്രകടനം കാഴ്ചവെച്ചത്.

ഇതോടെ താരം ഐ.പി.എല്ലില്‍ ഒരു വ്യക്തികത നാഴികകല്ലാണ് പിന്നിട്ടത്. ഐ.പി.എല്‍ പവര്‍പ്ലേയില്‍ ഗെയ്ക്വാദ് നേടിയ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. ഗെയ്ക്വാദ് 42 റണ്‍സാണ് ക്യാപ്റ്റന്‍ അടിച്ചെടുത്തത്. പവര്‍പ്ലേയില്‍ ആകെ എട്ട് ബൗണ്ടറികള്‍ നേടാനും ഗെയ്ക്വാദിന് സാധിച്ചു. പവര്‍പ്ലേയുടെ അവസാന ഓവറില്‍ മിച്ചല്‍ സാന്റ്‌നറെ രണ്ട് ഫോറും ഒരു സിക്‌സറും അടിച്ച് ചെന്നൈ നായകന്‍ ഏഴാം ഓവറില്‍ തന്റെ 19ാം അര്‍ധ സെഞ്ച്വറിയും നേടി.

മുംബൈയുടെ വിഘ്‌നേശ് പുത്തൂര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ദീപക് ചാഹര്‍, വില്‍ ജാക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മുന്‍ നായകന്‍ രോഹിത് ശര്‍മയെ പൂജ്യത്തിന് പുറത്താക്കിയാണ് ചെന്നൈ തുടങ്ങിയത്. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ശിവം ദുബെയ്ക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. ടീമിന് വേണ്ടി മികവ് പുലര്‍ത്താന്‍ സാധിച്ചത് സൂര്യകുമാര്‍ യാദവിനും തിലക് വര്‍മയ്ക്കുമാണ്. വിക്കറ്റിന് പിന്നില്‍ എം.എസ്. ധോണി ഒരിക്കല്‍ക്കൂടി ഇടിമിന്നലായപ്പോള്‍ സ്‌കൈ 26 പന്തില്‍ 29 റണ്‍സുമായി മടങ്ങി. തിലക് 31 റണ്‍സും നേടിയാണ് കൂടാരം കയറിയത്.

അവസാന ഓവറുകളില്‍ ദീപക് ചഹറിന്റെ ചെറുത്തുനില്‍പ്പാണ് മുംബൈയെ 150 കടത്തിയത്. 18 പന്തില്‍ പുറത്താകാതെ 28 റണ്‍സാണ് താരം നേടിയത്. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടി നൂര്‍ അഹമ്മദാണ് ചെന്നൈക്ക് വേണ്ടി തിളങ്ങിയത്. റിയാന്‍ റിക്കല്‍ടണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റോബിന്‍ മിന്‍സ് എന്നിവരെയാണ് താരം മടക്കിയത്.

താരത്തിന് പുറമെ ഖലീല്‍ അഹമ്മദ് നാല് ഓവര്‍ പന്തെറിഞ്ഞ് 29 റണ്‍സിന് മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ആര്‍. അശ്വിനും നഥാന്‍ എല്ലിസും ഓരോ വിക്കറ്റ് വീതവും നേടി.

Content Highlight: Ruturaj Gaikwad In Record Achievement In IPL 2025