ഒമ്പത് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ കോഹ്‌ലി വീണേനെ; റെക്കോഡ് നേട്ടത്തില്‍ മൂന്നാമന്‍ ഗെയ്ക്വാദ്
Cricket
ഒമ്പത് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ കോഹ്‌ലി വീണേനെ; റെക്കോഡ് നേട്ടത്തില്‍ മൂന്നാമന്‍ ഗെയ്ക്വാദ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th December 2023, 10:34 am

ഇന്ത്യ-ഓസ്‌ട്രേലിയ ടി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി.

ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് ഋതുരാജ് ഗെയ്ക്വാദ് നടത്തിയത്. പരമ്പരയില്‍ നാല് മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 223 റണ്‍സാണ് ഗെയ്ക്വാദ് നേടിയത്.

ഈ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരുപിടി റെക്കോഡ് നേട്ടങ്ങളാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്കെതിരെയുള്ള ടി-20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമെന്ന ചരിത്രനേട്ടത്തിലേക്കാണ് ഗെയ്ക്വാദ് നടന്നുകയറിയത്.

231 റണ്‍സുമായി ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും 224 റണ്‍സ് നേടിക്കൊണ്ട് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍ രാഹുലും ആണ് ഗെയ്ക്വാദിന്റെ മുന്നിലുള്ളത്.

അവസാന മത്സരത്തില്‍ 12 പന്തില്‍ പത്ത് റണ്‍സ് മാത്രം നേടിയായിരുന്നു ഗെയ്ക്വാദ് പുറത്തായത്. ഒമ്പത് റണ്‍സ് കൂടി നേടിയിരുന്നെകില്‍ വിരാടിനെ മറികടന്നുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെയുള്ള ടി-20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറാന്‍ ഗെയ്ക്വാദിന് സാധിക്കുമായിരുന്നു.

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഇന്നിങ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ശ്രേയസ് അയ്യര്‍ 33 പന്തില്‍ 53 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്.

ഓസ്‌ട്രേലിയന്‍ ബൗളിങ്ങില്‍ ബെന്‍ ദ്വാര്‍ഷൂയിസ്, ജെസന്‍ ബെഹദ്രോഫ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ ഇന്നിങ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റും രവി ബിഷ്ണോയി, അര്‍ഷദീപ് സിങ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Content Highlight; Ruturaj Gaikwad has third most runs scorer against Australia in a T20I bilateral series in history.