മുംബൈ: ഉത്കര്‍ഷ പവാറിന് താലി ചാര്‍ത്തി ജീവിതത്തിലെ പുതിയ ഇന്നിംഗ്‌സ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ യുവതാരം റുതുരാജ് ഗെയ്ക്വാദ്. ചെന്നൈ സൂപ്പര്‍ കിങ്സിനായി അടുത്തിടെ ഐ.പി.എല്‍ കിരീടം നേടിയ ഗെയ്ക്വാദിന്റെ വിവാഹം ജൂണ്‍ മൂന്നിന് മുംബൈയില്‍ വെച്ച് നടക്കും. രണ്ട് വര്‍ഷമായി ഇരുവരും പ്രണയിത്തിലായിരുന്നുവെന്ന് ഇന്ത്യ ടുഡേ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ഐ.പി.എല്ലിന്റെ പതിനാറാം പതിപ്പില്‍ സി.എസ്.കെ.യുടെ ടോപ് സ്‌കോററായിരുന്നു ഗെയ്ക്വാദ്. ഫൈനലില്‍ താരത്തെ പ്രോത്സാഹിപ്പിക്കാന്‍ ഉത്കര്‍ഷ സ്റ്റേഡിയത്തിലെത്തിയിരുന്നു. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയതിന് ശേഷം സൂപ്പര്‍ കിംഗ്സിന്റെ ആഘോഷങ്ങളില്‍ ഉത്കര്‍ഷ പവാറിനൊപ്പമാണ് ഗെയ്ക്വാദ് എത്തിയിരുന്നത്.
കിരീട നേട്ടത്തിന് പിന്നാലെ ധോണിക്കൊപ്പമുള്ള ഇരുവരുടേയും ഫോട്ടോ ശ്രദ്ധേയമായിരുന്നു. വിവാഹം പ്രമാണിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിന്ന് റുതുരാജ് പിന്മാറിയിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയുടെ വനിതാ താരമാണ് ഉത്കര്‍ഷ. വലംകൈയ്യന്‍ ബാറ്ററും പേസ് ബൗളറുമാണ് താരം. മഹാരാഷ്ട്രയ്ക്ക് വേണ്ടി 10 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റും നേടിയിട്ടുണ്ട്. 2021 നവംബര്‍ 15ന് പഞ്ചാബിനെതിരെയാണ് ഉത്കര്‍ഷ അവസാനമായി കളിച്ചത്.
11 വയസ് മുതല്‍ ക്രിക്കറ്റ് കളിയോടായിരുന്നു അവള്‍ക്ക് താല്‍പര്യം. മഹാരാഷ്ട്രയുടെ വനിതാ ഏകദിന ടീമില്‍ അടുത്തിടെ താരം കളിച്ചിരുന്നു. പൂനെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍ ആന്‍ഡ് ഫിറ്റ്‌നെസ് സയന്‍സസില്‍ (ഐ.എന്‍.എഫ്.എസ്) പഠിക്കുകയാണ് അവരിപ്പോള്‍.