വെറും 27 റണ്‍സ്, അതില്‍ മൂന്ന് ഡക്ക്; ഒടുവില്‍ നാണക്കേടിന്റെ, ബാഡ് ലക്കിന്റെ ശാപത്തില്‍ നിന്നും പുറത്തുകടന്ന് ഗെയ്ക്വാദ്
IPL
വെറും 27 റണ്‍സ്, അതില്‍ മൂന്ന് ഡക്ക്; ഒടുവില്‍ നാണക്കേടിന്റെ, ബാഡ് ലക്കിന്റെ ശാപത്തില്‍ നിന്നും പുറത്തുകടന്ന് ഗെയ്ക്വാദ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 31st March 2023, 10:05 pm

ഐ.പി.എല്‍ 2023ലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഋതുരാജ് ഗെയ്ക്വാദിന്റെ വണ്‍ മാന്‍ ഷോയ്ക്കായിരുന്നു അഹമ്മദാബാദ് സാക്ഷ്യം വഹിച്ചത്. അര്‍ഹമായ സെഞ്ച്വറിയില്‍ നിന്നും എട്ട് റണ്‍സകലെ കാലിടറി വീണെങ്കിലും ടീമിന്റെ നെടുംതൂണാകാന്‍ ഗെയ്ക്വാദിന് സാധിച്ചു.

50 പന്തില്‍ നിന്നും ഒമ്പത് സിക്‌സറിന്റെയും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഗെയ്ക്വാദിന്റെ ഇന്നിങ്‌സ്. ഐ.പി.എല്‍ 2023ലെ ആദ്യ ബൗണ്ടറി, ആദ്യ സിക്‌സര്‍, ആദ്യ 50 തുടങ്ങി മികച്ച നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കിയാണ് ഗെയ്ക്വാദ് ആദ്യ ഇന്നിങ്‌സിനോട് വിട പറഞ്ഞത്.

മികച്ച നേട്ടങ്ങള്‍ പലതും സ്വന്തമാക്കാന്‍ സാധിച്ചെങ്കിലും സ്വന്തം ബാഡ് ലക്കില്‍ നിന്നും പുറത്ത് കടക്കാന്‍ ഗെയ്ക്വാദിന് സാധിച്ചു എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.

 

കഴിഞ്ഞ മൂന്ന് സിസണുകളിലായി ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ താരം പുറത്തെടുത്ത മോശം പ്രകടനത്തെ കവച്ചുവെക്കുന്നതായിരുന്നു ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്കെതിരായ വെടിക്കെട്ട് പ്രകടനം.

കഴിഞ്ഞ മൂന്ന് സീസണുകളിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്നുമായി, അതായത് ഒമ്പത് മത്സരത്തില്‍ നിന്നും ഗെയ്ക്വാദ് നേടിയത് വെറും 27 റണ്‍സാണ്. ഒരു മത്സരത്തില്‍ മാത്രമാണ് ഇരട്ടയക്കം നേടിയത്. ഒറ്റ റണ്‍സിന് പുറത്തായതാകട്ടെ രണ്ട് തവണയും.

കഴിഞ്ഞ മൂന്ന് സീസണിലെ ആദ്യ മൂന്ന് മത്സരത്തിലെ ഗെയ്ക്വാദിന്റെ പ്രകടനം

2022 – 0, 1, 1

2021 – 5, 5, 10

2020 – 0, 5, 0

 

താരത്തിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 177 റണ്‍സാണ് ചെന്നൈ നേടിയത്. ഗെയ്ക്വാദിന് പുറമെ 23 റണ്‍സ് നേടിയ മോയിന്‍ അലിയാണ് ടീം സ്‌കോറിലേക്ക് കാര്യമായി സംഭാവന ചെയ്തത്. ക്യാപ്റ്റന്‍ എം.എസ്. ധോണി ഏഴ് പന്തില്‍ നിന്നും 14 റണ്‍സ് നേടി.

ടൈറ്റന്‍സ് നിരയില്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നാല് ഓവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റ് ഷമിയും സ്വന്തമാക്കി.

33 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ അല്‍സാരി ജോസഫും 41 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തിയ ജോഷ്വാ ലിറ്റിലുമാണ് മറ്റ് വിക്കറ്റ് വേട്ടക്കാര്‍.

 

Content Highlight: Ruturaj Gaikwad gets out of the curse of bad luck