ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 27 റണ്‍സിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫിലേക്ക് മുന്നേറിയിരുന്നു. സീസണിലെ ആദ്യ എട്ട് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രം ഉണ്ടായിരുന്ന ബെംഗളൂരു പിന്നീട് നടന്ന ആറ് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് പ്ലേ ഓഫിന് യോഗ്യത നേടിയത്.
റോയല്‍ ചലഞ്ചേഴ്‌സിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടാന്‍ സാധിച്ചത്.
ചെന്നൈയ്ക്ക് വേണ്ടി രചിന്‍ രവീന്ദ്ര 37 പന്തില്‍ 61 റണ്‍സും രവീന്ദ്ര ജഡേജ 22 പന്തില്‍ പുറത്താവാതെ 42 റണ്‍സും നേടി മികച്ച പ്രകടനമാണ് നടത്തിയത്. അവസാന ഓവറുകളില്‍ എം.എസ്. ധോണി 13 പന്തില്‍ 25 നേടി ചെന്നൈ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയത്. 192.31 സ്ട്രൈക്ക് റേറ്റില്‍ മൂന്നു ഫോറുകളും ഒരു സിക്സുമാണ് ധോണി നേടിയത്. എന്നാല്‍ അവസാന ഓവറിലെ രണ്ടാം പന്തില്‍ ധോണി പുറത്താവുകയായിരുന്നു.
അതേമയം ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദ് ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു. ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പന്തില്‍ യാഷ് ദയാലിന് ക്യാച്ച് നല്‍കിയാണ് ചെന്നൈ നായകന്‍ മടങ്ങിയത്. രണ്ടാം തവണയാണ് ഈ സീസണില്‍ ഗെയ്ക്വാദ് പൂജ്യത്തിന് പുറത്താവുന്നത്. ഇതിന് പിന്നാലെ ഒരു മോശം നേട്ടമാണ് റിതുരാജിനെ തേടിയെത്തിയത്. 2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിനു പുറത്താവുന്ന ക്യാപ്റ്റന്‍ എന്ന മോശം നേട്ടമാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്.
2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യം റണ്‍സിന് പുറത്തായ ക്യാപ്റ്റന്‍, എത്ര തവണ പുറത്തായി എന്നീ ക്രമത്തില്‍
റിതുരാജ് ഗെയ്ക്വാദ്-2
സഞ്ജു സാംസണ്‍-1
ശ്രേയസ് അയ്യര്‍-1
അതേസമയം ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിനായി നായകന്‍ ഫാഫ് ഡുപ്ലസിസ് 39 പന്തില്‍ 54 റണ്‍സും വിരാട് കോഹ്‌ലി 29 പന്തില്‍ 47 റണ്‍സും രജത് പടിദാര്‍ 23 പന്തില്‍ 41 റണ്‍സും കാമറൂണ്‍ ഗ്രീന്‍ 17 പന്തില്‍ 38 റണ്‍സും നേടി മികച്ച പ്രകടനമാണ് നടത്തിയത്.
Content Highlight: Ruturaj Gaikwad create a unwanted record in IPL 2024