ഓസീസിന്റെ വരവിന് മുമ്പ് 84, അഞ്ച് മത്സരത്തിന് ശേഷം 7ാം റാങ്ക്; കുതിപ്പല്ല ഇത് ഗെയ്ക്വാദിന്റെ ഉദയം
Sports News
ഓസീസിന്റെ വരവിന് മുമ്പ് 84, അഞ്ച് മത്സരത്തിന് ശേഷം 7ാം റാങ്ക്; കുതിപ്പല്ല ഇത് ഗെയ്ക്വാദിന്റെ ഉദയം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th December 2023, 10:44 am

ഐ.സി.സി ടി-20 റാങ്കിങ്ങില്‍ വന്‍ കുതിപ്പുണ്ടാക്കി ഇന്ത്യന്‍ സൂപ്പര്‍ താരം ഋതുരാജ് ഗെയ്ക്വാദ്. പരമ്പരക്ക് പിന്നാലെ 74 സ്ഥാനങ്ങള്‍ മെച്ചപ്പെടുതതിയാണ് ഗെയ്ക്വാദ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടം നേടിയത്. നിലവില്‍ ടി-20 ബാറ്ററര്‍മാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഗെയ്ക്വാദ്.

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ തകര്‍പ്പന്‍ പ്രകടമനമാണ് ഗെയ്ക്വാദിന് തുണയായത്. കരിയറിലെ ആദ്യ അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയടക്കം നിരവധി നേട്ടങ്ങള്‍ ഗെയ്ക്വാദ് ഈ പരമ്പരയില്‍ സ്വന്തമാക്കിയിരുന്നു.

വിശാഖപട്ടണത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഡയമണ്ട് ഡക്കായാണ് ഗെയ്ക്വാദ് മടങ്ങിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ഗെയ്ക്വാദ് മൂന്നാം മത്സരത്തില്‍ സെഞ്ച്വറിയും നേടിയിരുന്നു.

പരമ്പരയിലെ അഞ്ച് മത്സരത്തില്‍ നിന്നും 55.75 എന്ന മികച്ച ശരാശരിയിലും 159.28 എന്ന സ്‌ട്രൈക്ക് റേറ്റിലും 23 റണ്‍സണ് ഗെയ്ക്വാദ് നേടിയത്.

പരമ്പരക്കിടെ താരം ആറാം റാങ്കിലേക്കുയര്‍ന്നിരുന്നെങ്കിലും അവസാന മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ഒരു റാങ്ക് താഴേക്കിറങ്ങിയിരുന്നു. നിലവില്‍ 688 എന്ന റേറ്റിങ്ങാണ് ഗെയ്ക്വാദിനുള്ളത്. ഡിസംബര്‍ ഒന്നിലെ അപ്‌ഡേഷനില്‍ 700 എന്ന റേറ്റിങ് പോയിന്റും ആറാം റാങ്കുമായിരുന്നു ഗെയ്ക്വാദിനുണ്ടായിരുന്നത്.

ഒന്നാം റാങ്കിലെ സൂര്യകുമാര്‍ യാദവിന് ശേഷം ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും ഗെയ്ക്വാദ് തന്നെയാണ്. 19ാം റാങ്കിലുള്ള ജെയ്‌സ്വാളാണ് ടി-20 റാങ്കിങ്ങിലെ മൂന്നാമത് താരം

(ഐ.സി.സി ടി-20 ബാറ്റര്‍മാകരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

ഈ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ രവി ബിഷ്‌ണോയ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു. അഫ്ഗാന്‍ സൂപ്പര്‍ താരം റാഷിദ് ഖാനെ മറികടന്നുകൊണ്ടാണ് ബിഷ്‌ണോയ് ഒന്നാമതെത്തിയത്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസായി തെരഞ്ഞെടുക്കപ്പെട്ടതും ബിഷ്‌ണോയ് തന്നെയായിരുന്നു.

(ഐ.സി.സി ടി-20 ബൗളര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

ഇതോടെ ഏറ്റവും മികച്ച ടി-20 ടീം, മികച്ച ടി-20 ബാറ്റര്‍, മികച്ച ടി-20 ബൗളര്‍ എന്നീ നേട്ടങ്ങളെല്ലാം ഇന്ത്യയുടെ പേരില്‍ തന്നെയാണ്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ താരമുള്ളത്. 204 റേറ്റിങ്ങുമായി ഹര്‍ദിക് പാണ്ഡ്യയാണ് മൂന്നാമന്‍.

 

Content Highlight: Ruturaj Gaikwad climbs 74 ranks after Australia’s tour of India