ഓസ്‌ട്രേലിയക്കെതിരായ നാലാം ടി-20യില്‍ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യയുടെ യുവ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദ്. ടി-20 ഫേര്‍മാറ്റില്‍ വേഗത്തില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ഗെയ്ക്വാദ് സ്വന്തമാക്കിയിരിക്കുന്നത്.
ഇപ്പോള്‍ റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഏഴ് റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഗെയ്ക്വാദിനെ തേടി തകര്‍പ്പന്‍ നേട്ടമെത്തിയത്.
121ാം മത്സരത്തിലെ 116ാം ഇന്നിങ്‌സിലാണ് ഗെയ്ക്വാദ് 4000 റണ്‍സ് എന്ന നേട്ടത്തിലെത്തിയത്. ഇന്ത്യന്‍ ദേശീയ ടീമിന് പുറമെ ചെന്നൈ സൂപ്പര്‍ കിങ്‌സിനും ആഭ്യന്തര തലത്തില്‍ മഹാരാഷ്ട്രക്കും വേണ്ടി മാത്രമാണ് താരം ടി-20യില്‍ ബാറ്റേന്തിയത്.
ഓസീസിനെതിരായ നാലാം ടി-20ക്ക് മുമ്പ് 38.76 എന്ന ശരാശരിയിലും 139.37 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്ണടിച്ചുകൂട്ടിയത്.
ടി-20യില്‍ അഞ്ച് സെഞ്ച്വറിയും 27 അര്‍ധ സെഞ്ച്വറിയുമാണ് താരത്തിന്റെ പേരിലുള്ളത്. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് ഗെയ്ക്വാദ് അവസാനമായി ടി-20യില്‍ സെഞ്ച്വറി നേടിയത്. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ടി-20 സെഞ്ച്വറി കൂടിയായിരുന്നു അത്.
അന്താരാഷ്ട്ര തലത്തില്‍ 18 മത്സരത്തിലെ 16 ഇന്നിങ്‌സില്‍ നിന്നും 490 റണ്‍സാണ് ഗെയ്ക്വാദ് നേടിയത്(നാലാം ടി-20ക്ക് മുമ്പ്). 37.69 എന്ന ശരാശരിയും 142.03 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് അന്താരാഷ്ട്ര തലത്തില്‍ ഗെയ്ക്വാദിനുള്ളത്.
അതേസമയം, റായ്പൂരില്‍ 28 പന്ത് നേരിട്ട് 32 റണ്‍സ് നേടി ഗെയ്ക്വാദ് പുറത്തായിരിക്കുകയാണ്. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 114.29 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ 134 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 11 പന്തില്‍ 19 റണ്‍സുമായി ജിതേഷ് ശര്‍മയും 20 പന്തില്‍ 29 റണ്‍സുമായി റിങ്കു സിങ്ങുമാണ് ക്രീസില്‍.
ഇന്ത്യ പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, അക്സര്‍ പട്ടേല്‍, ദീപക് ചഹര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.
ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍
ജോഷ് ഫിലിപ്പ്, ട്രാവിസ് ഹെഡ്, ബെന്‍ മക്ഡെര്‍മോട്ട്, ആരോണ്‍ ഹാര്‍ഡി, ടിം ഡേവിഡ്, മാറ്റ് ഷോര്‍ട്ട്, മാത്യൂ വേഡ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ബെന്‍ ഡ്വാര്‍ഷിയസ്, ക്രിസ് ഗ്രീന്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, തന്‍വീര്‍ സാംഘ.
Content highlight: Ruturaj Gaikwad becomes the fastest Indian batter to score 4000 T20 runs