| Sunday, 9th April 2023, 3:53 pm

എന്തോരം റെക്കോര്‍ഡുകളാണീ 26കാരന്‍ ഐ.പി.എല്ലില്‍ സ്വന്തമാക്കുന്നത്; ഇത്തവണയും ഈ ചെന്നൈ താരം ഓറഞ്ച് ക്യാപ്പ് തൂക്കുമോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോ എന്ന് അറിയപ്പെടുന്ന മുംബൈ- ചെന്നൈ പോരാട്ടത്തിനാണ് കഴിഞ്ഞ ദിവസം വാങ്കഡെ സ്‌റ്റേഡിയം സാക്ഷിയായത്. ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്സ് തകര്‍ത്തത്.

മുംബൈ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടക്കുകയായിരുന്നു. അജിങ്ക്യ രഹാനെ പുറത്തെടുത്ത മിന്നും പ്രകടനമാണ് ചെന്നൈയുടെ വിജയത്തനിന് നിര്‍ണായകമായത്.

ഇതുകൂടാതെ ചെന്നൈ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിന്റെ ദിവസം കൂടിയായിരുന്നു ശനിയാഴ്ച. മുംബൈ ഇന്ത്യന്‍സുമായുള്ള മത്സരത്തോടെ ഏറ്റവും വേഗത്തില്‍ 3000 ടി20 റണ്‍സ് തികക്കുന്ന ഇന്ത്യന്‍ ബാറ്ററാകാന്‍ റുതുരാജ് ഗെയ്ക്വാദിനായി.

തന്റെ 91ാം ഇന്നിങ്ങ്‌സിലാണ് താരം ഈ നേട്ടം തന്റെ പേരിലാക്കിയത്. 93 ഇന്നിങ്ങ്‌സില്‍ 3000 കടന്ന കെ.എല്‍. രാഹുലിനെ മറികടന്നാണ് റുതുരാജ് ഗെയ്ക്വാദിന്റെ നേട്ടം.

ഷോണ്‍ മാര്‍ഷ്(85 ഇന്നിങ്സ്), ഡി ആര്‍സി ഷോര്‍ട്ട്(86), ഡെവണ്‍ കോണ്‍വേ(86), ക്രിസ് ഗെയ്ല്‍(87), ആരോണ്‍ ഫിഞ്ച്(90) എന്നിവരാണ് ഈ നേട്ടത്തില്‍ റുതുരാജിന് മുന്നിലുള്ള ഇന്ത്യക്കാരല്ലാത്ത മറ്റ് താരങ്ങള്‍.

2021ലെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സിനുള്ള ഓറഞ്ച് ക്യാപ്പ് നേടിയ താരം കൂടിയാണ് റുതുരാജ്. ആ സീസണില്‍ കിരീടം നേടിയ സി.എസ്.കെ നിരയില്‍ 635 റണ്‍സ് നേടാന്‍ റുതുരാജിന് കഴിഞ്ഞിരുന്നു.

2023ലെ ഐ.പി.എല്ലിലും റുതുരാജ് ഗെയ്ക്വാദ് തന്നെയാണ് നിലവില്‍ ഓറഞ്ച് ക്യാപ്പിന്റെ ഉടമ. ആദ്യ ഇന്നിങ്‌സില്‍ 50 പന്തില്‍ 92 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 31 പന്തില്‍ 57 റണ്‍സും നേടിയ മത്സരത്തില്‍ 36 പന്തില്‍ 40 റണ്‍സുമാണ് താരം നേടിയത്.
ഇതുവരെ മൂന്ന് മത്സരങ്ങളില്‍ 14 സിക്‌സുകളാണ് താരത്തിന്റെ സമ്പാദ്യം.

അതേസമയം, 2023ലെ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ചെന്നൈ നേടുന്ന രണ്ടാം വിജയമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. മറുവശത്ത് മുംബൈ തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി.

Content Highlight: ruturaj gaikwad batting perfomance in 2023 IPL

We use cookies to give you the best possible experience. Learn more