അഫ്ഗാനിലെ താലിബാന്‍ ഭീഷിണിക്കിടെ അതിര്‍ത്തിയില്‍ സൈനികാഭ്യാസവുമായി റഷ്യ
World
അഫ്ഗാനിലെ താലിബാന്‍ ഭീഷിണിക്കിടെ അതിര്‍ത്തിയില്‍ സൈനികാഭ്യാസവുമായി റഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd August 2021, 4:25 pm

ടെര്‍മിസ്: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീഷണിക്കിടെ ഉസ്ബക്കിസ്ഥാനിലെ ടെര്‍മ്മിസ് സൈനിക പ്രദേശത്ത് റഷ്യ – ഉസ്ബക്കിസ്ഥാന്‍ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസത്തില്‍ 1500 ഓളം സൈനികര്‍ പങ്കെടുക്കും. ഉസ്ബക്കിസ്ഥാനിലെ സൈനികാഭ്യാസത്തിനു ശേഷം താജിക്കിസ്ഥാനിലും ഇരു സേനകളും സൈനികാഭ്യാസം നടത്തുന്നുണ്ട്.

ആഗസ്ത് 5ന് താജിക്കിസ്ഥാനില്‍ ആരംഭിക്കുന്ന സൈനികാഭ്യാസത്തില്‍ റഷ്യയുടെയും ഉസ്ബക്കിസ്ഥാന്റെയും സൈനികര്‍ പങ്കെടുക്കും.

യു.എസ് സൈനിക പിന്മാറ്റത്തോടെ കലുഷിതമായ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് നടത്തുന്ന ഈ സൈനികാഭ്യാസങ്ങള്‍ക്ക് അതിന്റെതായ പ്രാധാന്യം ഉണ്ട്. അഫ്ഗാന്‍ പ്രതിസന്ധി മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് സുരക്ഷാഭീഷണി ആയി മാറുമോ എന്ന് റഷ്യ ആശങ്കപ്പെടുന്നു. വടക്കന്‍ അഫ്ഗാനില്‍ നിന്നും റഷ്യയുടെ തെക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മധ്യ ഏഷ്യന്‍ പ്രദേശങ്ങളിലേക്ക് ഉണ്ടാവാന്‍ ഇടയുള്ള അഭയാര്‍ത്ഥി പ്രവാഹവും റഷ്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സൈനികാഭ്യാസത്തിലെ റഷ്യന്‍ സാന്നിധ്യവും വര്‍ധിപ്പിച്ചിട്ടുണ്ട്.

ആഗസ്ത് 5ന് താജിക്കിസ്ഥാനില്‍ ആരംഭിക്കുന്ന സൈനികാഭ്യാസത്തില്‍ 1800 റഷ്യന്‍ സൈനികര്‍ പങ്കെടുക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആദ്യം നിശ്ചയിച്ച 1000 സൈനികര്‍ക്ക് പകരമാണിത്. ഇതുള്‍പ്പടെ 2500 ഓളം സൈനികര്‍ തജാക്കിസ്ഥാനില്‍ അണിചേരും.

ഇതിനു പുറമെ റഷ്യന്‍ സൈന്യത്തിന്റെ 420 യൂണിറ്റ് സൈനിക സാമഗ്രികളും അഭ്യാസത്തില്‍ പങ്കെടുക്കും.

ഏകദേശം 300 ഓളം കവചിത വാഹനങ്ങളും 25 ഓളം ഹെലിക്കോപ്ടറുകളും യുദ്ധവിമാനങ്ങളും സൈനികാഭ്യാസത്തിന്റെ ഭാഗമാകുമെന്ന് താജിക്കിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിര്‍ത്തിയിലെ സുരക്ഷാഭീഷണികള്‍ നേരിടാന്‍ സൈന്യത്തെ തയ്യാറാക്കുകയാണ് സൈനികാഭ്യാസത്തിന്റെ ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Russian, Uzbek Militaries Begin Joint Afghan Border Drills