ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയെ ആശ്രയിച്ചതില്‍ തെറ്റുപറ്റി; ഇനി അവരുമായി സഹകരിക്കില്ല; വായനക്കാരോട് ഖേദം പ്രകടിപ്പിച്ച് 'ദി ഇന്റര്‍നാഷണല്‍' മാഗസിന്‍
World
ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയെ ആശ്രയിച്ചതില്‍ തെറ്റുപറ്റി; ഇനി അവരുമായി സഹകരിക്കില്ല; വായനക്കാരോട് ഖേദം പ്രകടിപ്പിച്ച് 'ദി ഇന്റര്‍നാഷണല്‍' മാഗസിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd September 2021, 1:42 pm

ലണ്ടന്‍: ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ നല്‍കിയ തെറ്റായ ഒരു വാര്‍ത്ത വസ്തുത പരിശോധിക്കാതെ വായനക്കാരിലെത്തിച്ചതിന് ഖേദം പ്രകടിപ്പിച്ച് ദി ഇന്റര്‍നാഷണല്‍ മാഗസിന്‍.

വാര്‍ത്ത തയാറാക്കുന്നതില്‍ ഇന്ത്യന്‍ മാധ്യമത്തെ ആശ്രയിച്ചതില്‍ തെറ്റുപറ്റിയെന്നും ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സികളുമായി ഇനി ഒരു ബന്ധവുമുണ്ടാകില്ലെന്നും ‘ദി ഇന്റര്‍നാഷണല്‍’ മാഗസിന്‍ അറിയിച്ചു.

തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇന്ത്യന്‍ മാധ്യമത്തെ ആശ്രയിച്ചതിന്റെ പേരില്‍ തങ്ങള്‍ക്ക് സംഭവിച്ച പിഴവിനെ കുറിച്ച് മാഗസിന്‍ തുറന്നുപറഞ്ഞത്.

തിങ്കളാഴ്ച റഷ്യയിലെ പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആറു സഹപാഠികളെ വെടിവെച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതില്‍ വന്ന പിഴവിനാണ് ദി ഇന്റര്‍നാഷണല്‍ ക്ഷമചോദിച്ചിരിക്കുന്നതെന്നാണ് സൂചന.

എന്നാല്‍ ഇന്ത്യയിലെ ഏത് വാര്‍ത്താ ഏജന്‍സിയെ ആശ്രയിച്ചാണ് പ്രസ്തുത വാര്‍ത്ത നല്‍കിയതെന്ന് ഇന്റര്‍നാഷണല്‍ മാഗസിന്‍ വ്യക്തമാക്കിയിട്ടില്ല.

‘പ്രിയ വായനക്കാരേ,

റഷ്യയിലെ ഇസ്‌ലാമിസ്റ്റ് ആക്രമണം സംബന്ധിച്ചുള്ള പോസ്റ്റില്‍ വന്ന ആശയക്കുഴപ്പത്തില്‍ ഇന്റര്‍നാഷണല്‍ മാഗസിന്‍ ക്ഷമ ചോദിക്കുകയാണ്. ഇന്ത്യന്‍ മീഡിയയിലെ ചിലരെ ഞങ്ങള്‍ ആശ്രയിച്ചതാണ് ഈ ആശയക്കുഴപ്പത്തിന് കാരണം. ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയുമായുള്ള ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും സഹകരണമാണിത്,’ എന്നാണ് ദി ഇന്റര്‍നാഷണല്‍ മാഗസിന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

റഷ്യയിലെ ഉറാള്‍ നഗരത്തിലെ പേം യൂണിവേഴ്സ്റ്റിയില്‍ നടന്ന വെടിവെപ്പില്‍ ആറ് പേരായിരുന്നു കൊല്ലപ്പെട്ടത്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്നും ഏകദേശം 800 മൈല്‍ അകലെയായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി തന്നെയാണ് വെടിവെപ്പ് നടത്തിയതെന്ന് റഷ്യയുടെ ഔദ്യോഗിക അന്വേഷണ സംഘം പറഞ്ഞിരുന്നു.
വെടിവെപ്പില്‍ നിന്ന് രക്ഷപ്പെടാനായി വിദ്യാര്‍ത്ഥികള്‍ ക്യാംപസ് കെട്ടിടത്തിന്റെ ജനലിലൂടെ ചാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. റഷ്യയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ റെന്‍ ടി.വിയാണ് ഫൂട്ടേജ് പുറത്തു വിട്ടത്.

തോക്കുധാരിയായ യുവാവ് യൂണിവേഴ്സിറ്റി കെട്ടിടത്തിലേക്ക് കടക്കുകയും പ്രകോപനമേതും കൂടാതെ വെടിയുതിര്‍ക്കുകയായിരുന്നെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

താന്‍ മതവിശ്വാസിയല്ലെന്നും ആക്രമണം ആസൂത്രണം ചെയ്ത് നടത്തിയത് ഒറ്റക്കാണെന്നും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യം റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

എന്നാല്‍ ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ റഷ്യയില്‍ നടന്നത് ഇസ്‌ലാമിസ്റ്റ് ആക്രമണമാണെന്ന തരത്തിലായിരുന്നു വാര്‍ത്ത നല്‍കിയത്. അക്രമിയുടെ പേരിനുള്‍പ്പെടെ പ്രാധാന്യം നല്‍കിക്കൊണ്ടായിരുന്നു വാര്‍ത്ത. ഇന്ത്യയിലെ വലതുപക്ഷ അനുകൂല പ്രൊഫൈലുകളില്‍ നിന്നെല്ലാം ഈ വാര്‍ത്ത വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ദി ഇന്റര്‍നാഷണല്‍ മാഗസിനും റഷ്യയില്‍ നടന്നത് ഇസ്‌ലാമിസ്റ്റ് ആക്രമണമാണെന്ന തരത്തില്‍ പോസ്റ്റിട്ടതും. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് അറിഞ്ഞതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനവുമായി ദി ഇന്റര്‍നാഷണല്‍ രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Russian University Attack News, the international says sorry for depending indian media