മോസ്‌കോ: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട റഷ്യന്‍ ആണവസേന മേധാവിയുടെ മരണത്തില്‍ ഉക്രൈനെ പിന്തുണച്ച് എഡിറ്റോറിയല്‍ എഴുതിയ ലണ്ടനിലെ ടൈംസ് പത്രാധിപര്‍ക്കെതിരെ ഭീഷണിയുമായി റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി ഹെഡ് ദിമിത്രി മെദ്‌വദേവ്.
മോസ്‌കോ: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട റഷ്യന്‍ ആണവസേന മേധാവിയുടെ മരണത്തില്‍ ഉക്രൈനെ പിന്തുണച്ച് എഡിറ്റോറിയല്‍ എഴുതിയ ലണ്ടനിലെ ടൈംസ് പത്രാധിപര്‍ക്കെതിരെ ഭീഷണിയുമായി റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി ഹെഡ് ദിമിത്രി മെദ്‌വദേവ്.
കരസേന മേധാവി കിറിലോവിന്റെ മരണത്തിന് ശേഷം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഉക്രൈന്‍ ഏറ്റെടുത്തിരുന്നു. ഇതിനെ ‘നിയമപരമായ സൈനിക ലക്ഷ്യങ്ങള്‍’ എന്ന് ടൈംസ് പത്രം വിശേഷിപ്പിച്ചിരുന്നു. ഇതാണ് റഷ്യന്‍ ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചതെന്നാണ് സൂചന.
‘റഷ്യയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് എപ്പോഴും കൂട്ടാളികളുണ്ട്. അവരും ഇപ്പോള്‍ ഞങ്ങളുടെ സൈനിക ലക്ഷ്യങ്ങളാണ്. എഡിറ്റോറിയലിനു പിന്നില്‍ ഭീരുക്കളായി ഒളിച്ചിരിക്കുന്ന ദ ടൈംസിലെ കുറുക്കന്മാരെയും സൈനിക ലക്ഷ്യങ്ങളായി ഉള്‍പ്പെടുത്താം. ആ ലക്ഷ്യങ്ങളില്‍ പ്രസിദ്ധീകരണത്തിന്റെ മുഴുവന്‍ നേതൃത്വവും ഉള്‍പ്പെടും,’ മെദ്‌വദേവ് ടെലിഗ്രാമില്‍ എഴുതി.
ലണ്ടനില്‍ എന്തും സംഭവിക്കുമെന്നും അതിനാല്‍ ടൈംസിലെ പ്രവര്‍ത്തകര്‍ കരുതി ഇരിക്കണമെന്നും മെദ്‌വദേവ് പറയുന്നുണ്ട്. കഴിഞ്ഞ ദിവസം കിറിലോവിന്റെ മരണത്തില്‍ ഉക്രൈനിലെ സൈനിക-രാഷ്ട്രീയ നേതൃത്വങ്ങള്‍ തിരിച്ചടികള്‍ നേരിടുന്നതിനായി തയ്യാറായിരിക്കാനും ദിമിത്രി മെദ്‌വദേവ് ആവശ്യപ്പെട്ടിരുന്നു.
2008 നും 2012 നും ഇടയില്‍ റഷ്യയുടെ പ്രസിഡന്റായും മെദ്‌വദേവ് പ്രവര്‍ത്തിച്ചിരുന്നു.
അതേസമയം ടൈംസ് പത്രപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള മെദ്‌വദേവിന്റെ ഗുണ്ടാ ഭീഷണി നിരാശാജനകമാണെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പ്രതികരിച്ചു.
തങ്ങളുടെ രാജ്യത്തെ പത്രങ്ങള്‍ ഏറ്റവും മികച്ചതും ബ്രിട്ടീഷ് മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നതാണെന്നും ദ ടൈംസ് വായിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ലാമി എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് മോസ്‌കോയില്‍വെച്ച് റഷ്യയുടെ ആണവസേനാ മേധാവിയായ ഇഗോര്‍ കിറിലോവ് കൊല്ലപ്പെടുന്നത്. ചൊവ്വാഴ്ച്ച രാവിലെ മോസ്‌കോയിലെ ഒരു പാര്‍പ്പിട കെട്ടിട സമുച്ചയതിന് മുമ്പിലുണ്ടായ സ്ഫോടനത്തിലാണ് ഇഗോര്‍ കിറിലോവ് കൊല്ലപ്പെടുന്നത്.
ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോബ് പൊട്ടിത്തെറിച്ചായിരുന്നു മരണം. കിറിലോവിനൊപ്പം സഹായി ഇല്യ പോളികാര്‍പോവും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊലപാതകത്തില്‍ ഉസ്ബക്കിസ്ഥാന്‍ പൗരനായ 29കാരന്‍ പിടിയിലായതായി റഷ്യ അറിയിച്ചിരുന്നു.
Content Highlight: Russian security chief announces Time newspaper, which wrote an editorial in support of Ukraine, as the next target