ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ റഷ്യൻ പ്രോസിക്യൂട്ടർ ജനറൽ വിസമ്മതിച്ചെന്ന് റിപ്പോർട്ട്
World News
ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ റഷ്യൻ പ്രോസിക്യൂട്ടർ ജനറൽ വിസമ്മതിച്ചെന്ന് റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th November 2023, 10:03 am

മോസ്കോ: ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ റഷ്യയിലെ പ്രോസിക്യൂട്ടർ ജനറൽ വിസമ്മതിച്ചതായി പ്രാദേശിക മാധ്യമത്തിന്റെ റിപ്പോർട്ട്.

ഇസ്രഈലിൽ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്ന ആവശ്യമുയർന്ന സാഹചര്യത്തിലാണ് പ്രോസിക്യൂട്ടറുടെ ഓഫീസിൽ നിന്ന് തീരുമാനം ഉണ്ടായതെന്ന് മാഷ് ടെലിഗ്രാം ചാനൽ പറയുന്നു.

ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് ഡിഫൻസ് ഓഫ് ഹ്യൂമൻ റൈറ്റ്സ് അന്താരാഷ്ട്ര കമ്മിറ്റിയുടെ റഷ്യൻ ശാഖാ അധ്യക്ഷനായ ഇവാൻ മെൽനികോവ്, പ്രോസിക്യൂട്ടർ ജനറൽ ഇഗോർ ക്രാസ്നോവിന് കത്തെഴുതിയിരുന്നു.

റഷ്യക്കാർ ഉൾപ്പെടെ ചുരുങ്ങിയത് 900 സിവിലിയന്മാരെയെങ്കിലും ഹമാസ് കൊലപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാ പ്രായത്തിലുമുള്ള ഒരുപാട് പേരെ ബന്ദികളാക്കിയിട്ടുണ്ടെന്നും മെൽനികോവ് ചൂണ്ടിക്കാട്ടി.

എന്നാൽ ഹമാസിനെതിരായി റഷ്യയിൽ ഒരു ക്രിമിനൽ കേസ് പോലും ഉണ്ടായിട്ടില്ല എന്ന് കാണിച്ചാണ് പ്രോസിക്യൂട്ടർ തീരുമാനം അറിയിച്ചത് എന്നാണ് മാഷ് റിപ്പോർട്ട് ചെയ്യുന്നത്.

‘അതിനാൽ ഫലസ്തീനിയൻ മുന്നേറ്റത്തെ തീവ്രവാദമായി കണക്കാക്കുന്നത് തെറ്റാണ്,’ പ്രോസിക്യൂട്ടറുടെ ഓഫീസിലെ ഉദ്യോഗസ്ഥർ മാഷ് ചാനലിനോട് പറഞ്ഞു.

ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രഈലിൽ നടത്തിയ ആക്രമണത്തെ റഷ്യ അപലപിക്കുകയും റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ സംഭവത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, 9000 ഫലസ്തീനികളെ കൊലപ്പെടുത്തിയ ഇസ്രഈലി വ്യോമാക്രമണത്തെയും റഷ്യ ശക്തമായി അപലപിച്ചിരുന്നു. ഗസയിൽ നടന്നു കൊണ്ടിരിക്കുന്ന ദാരുണമായ സംഭവങ്ങൾ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല എന്ന് പുടിൻ പറഞ്ഞിരുന്നു.

ഫലസ്തീനിലെ ഇസ്രഈലി ആക്രമണം സംഘർഷത്തെ കൂടുതൽ വഷളാക്കുകയാണ് എന്നാണ് പുടിന്റെ ആരോപണം.

ഗസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട റഷ്യ ഇരുപക്ഷങ്ങൾക്കുമിടയിലെ പ്രശ്നം പരിഹരിക്കുന്നതിന് സമാധാനപരമായ മാർഗം കണ്ടെത്തണമെന്നും പറഞ്ഞു.

ദ്വിരാഷ്ട്രം എന്ന യു.എൻ സുരക്ഷാ കൗൺസിൽ നിർദേശത്തെ നിരന്തരം പിന്തുണക്കുന്ന നേതാക്കളിൽ ഒരാളാണ് പുടിൻ.

Content highlight: Russian prosecutor refuses to designate Hamas as ‘terrorists’; report