| Thursday, 24th February 2022, 1:29 pm

ഉക്രൈനില്‍ നവ നാസികളും തീവ്രവലതുപക്ഷ വാദികളും ശക്തി പ്രാപിക്കുന്നു; ഭരണകൂടം വൈവിധ്യത്തെ അംഗീകരിക്കുന്നില്ല: പുടിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ഉക്രൈനില്‍ നവ നാസികളും തീവ്രവലതുപക്ഷ വാദികളും ശക്തി പ്രാപിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.

ഇക്കഴിഞ്ഞ തിങ്കളാഴ്ച, തലസ്ഥാനമായ മോസ്‌കോയില്‍ റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തിലാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്.

ഉക്രൈന്‍ സര്‍ക്കാര്‍ അവിടത്തെ വിവിധ ഉക്രൈനിയന്‍ വംശജരുടെ വൈവിധ്യം അംഗീകരിക്കുന്നില്ലെന്നും ഉക്രൈനിലെ റഷ്യന്‍ ഓര്‍ത്തോഡോക്‌സ് സഭാവിശ്വാസികളെ പീഡിപ്പിക്കുകയാണെന്നും പുടിന്‍ പ്രസംഗത്തില്‍ പറഞ്ഞു.

”ഉക്രൈന്‍ സര്‍ക്കാര്‍ അവിടത്തെ വിവിധ ഉക്രൈനിയന്‍ വംശജരുടെ വൈവിധ്യത അംഗീകരിക്കുന്നില്ല. ഉക്രൈനിലെ റഷ്യന്‍ ഓര്‍ത്തോഡോക്‌സ് സഭാവിശ്വാസികളെ പീഡിപ്പിക്കുകയാണ്. ഉക്രൈനില്‍ നവ നാസികളും തീവ്രവലതുപക്ഷ വാദികളും ശക്തി പ്രാപിക്കുന്നു, അവരുടെ പ്രവര്‍ത്തനങ്ങള്‍ ഉക്രൈനിലെ സാധാരണക്കാരെ ബാധിക്കുന്നു.

നവനാസികളും തീവ്രവലതുപക്ഷവും ശക്തി പ്രാപിക്കുന്ന ഉക്രൈനില്‍ സ്വന്തം മണ്ണില്‍ ജീവിക്കാനും സ്വന്തം ഭാഷ സംസാരിക്കാനും, സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാനുമുള്ള പ്രാഥമിക അവകാശത്തിനുവേണ്ടിയാണ് ജനങ്ങള്‍ പോരാടുന്നത്,” പുടിന്‍ പറഞ്ഞു.

ഉക്രൈന്‍ റഷ്യക്ക് ഒരു അയല്‍രാജ്യമല്ലെന്നും റഷ്യയുടെ നമ്മുടെ സ്വന്തം ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്നും പുടിന്‍ പ്രസംഗത്തില്‍ പറഞ്ഞു.

”ഇന്ന് കാണുന്ന ഉക്രൈന്‍ എന്ന ഭൂപ്രദേശം ഒരു സോവിയറ്റ് സൃഷ്ടിയാണ്. അവിടത്തെ വലിയൊരു പ്രദേശം റഷ്യ ആയിരുന്നു. ഉക്രൈന്‍ റഷ്യക്ക് വെറുമൊരു അയല്‍രാജ്യം മാത്രമല്ല. അവിടെ താമസിക്കുന്നവര്‍ റഷ്യക്കാരാണ്.

പുരാതനകാലം മുതല്‍, ചരിത്രപരമായി റഷ്യന്‍ ഭൂമിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ആളുകള്‍ തങ്ങളെ റഷ്യക്കാരും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളും എന്ന് വിളിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിനുമുമ്പ്, ഈ പ്രദേശത്തിന്റെ ഒരു ഭാഗം റഷ്യന്‍ ഭരണകൂടത്തില്‍ വീണ്ടും ചേര്‍ന്നപ്പോഴും അതിനുശേഷവും ഇത് സംഭവിച്ചു.

അതിനാല്‍, ആധുനിക ഉക്രൈന്‍ പൂര്‍ണ്ണമായും റഷ്യ സൃഷ്ടിച്ചതാണ്. 1917ലെ വിപ്ലവത്തിന് തൊട്ടുപിന്നാലെയാണ് ഈ പ്രക്രിയ ആരംഭിച്ചത്. ലെനിനും കൂട്ടാളികളും റഷ്യയോട് അങ്ങേയറ്റം കഠിനമായ വിധത്തിലാണ് ഇത് ചെയ്തത്- ചരിത്രപരമായി റഷ്യന്‍ ഭൂമിയെ വേര്‍പെടുത്തി, അവിടെ താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളോട് അവര്‍ എന്താണ് ചിന്തിക്കുന്നതെന്ന് ആരും ചോദിച്ചില്ല,” പുടിന്‍ പറഞ്ഞു.

ഉക്രൈനിലെ ഭരണകൂടം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും ജനങ്ങളെ പറ്റിക്കുകയാണെന്നും തങ്ങളുടെ വോട്ടര്‍മാരെ ഒറ്റിക്കൊടുത്ത് തീവ്ര വലതുപക്ഷ- തീവ്രവാദികളുടെ നയങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും പുടിന്‍ ആരോപിച്ചു. അമേരിക്കയുടെ ഒരു പാവയായാണ് ഉക്രൈനിലെ അധികാരവര്‍ഗം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

”ഉക്രേനിയന്‍ അധികാരികള്‍ അവിടെ താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ മാനസികാവസ്ഥയും ചരിത്രപരമായ ഓര്‍മകളും വികലമാക്കാന്‍ ശ്രമിച്ചു. ഉക്രേനിയന്‍ സമൂഹം തീവ്ര വലതുപക്ഷ ദേശീയതയുടെ ഉയര്‍ച്ചയെ അഭിമുഖീകരിച്ചതില്‍ അതിശയിക്കാനില്ല. അത് ആക്രമണാത്മക റസ്സോഫോബിയയിലേക്കും നവ നാസിസത്തിലേക്കും അതിവേഗം വികസിച്ചു. ഇത് വടക്കന്‍ കോക്കസസിലെ തീവ്രവാദ ഗ്രൂപ്പുകളില്‍ ഉക്രേനിയന്‍ ദേശീയവാദികളുടെയും നവ നാസികളുടെയും പങ്കാളിത്തത്തിനും റഷ്യയോടുള്ള വര്‍ധിച്ചുവരുന്ന പ്രാദേശിക അവകാശവാദങ്ങള്‍ക്കും കാരണമായി.

അടിസ്ഥാനപരമായി പ്രഭുവര്‍ഗ ഉക്രേനിയന്‍ അധികാരികള്‍ നടത്തിയ പാശ്ചാത്യ അനുകൂല നാഗരിക തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം ജനങ്ങളുടെ ക്ഷേമത്തിനായി മെച്ചപ്പെട്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നതല്ല. റഷ്യയുടെ ഭൗമരാഷ്ട്രീയ എതിരാളികളെ ഭക്തിപൂര്‍വ്വം ഉള്‍ക്കൊള്ളുന്ന സമയത്ത്, പാശ്ചാത്യ ബാങ്കുകളില്‍ അവരുടെ അക്കൗണ്ടുകള്‍ സൂക്ഷിക്കുന്നു. ചില വ്യാവസായിക- സാമ്പത്തിക ഗ്രൂപ്പുകളും അവരുടെ ശമ്പളപ്പട്ടികയിലുള്ള പാര്‍ട്ടികളും രാഷ്ട്രീയക്കാരും തുടക്കം മുതല്‍ ദേശീയവാദികളെയും തീവ്രവാദികളെയും ആശ്രയിച്ചിരുന്നു.

എന്നാല്‍ അവര്‍ കൊതിക്കുന്ന സ്ഥാനങ്ങള്‍ നേടിയ ശേഷം, ഉക്രൈന്‍ ഭരണകൂടം ഉടന്‍ തന്നെ തങ്ങളുടെ വോട്ടര്‍മാരെ ഒറ്റിക്കൊടുത്തു. അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ട് പോകുകയും പകരം തീവ്രവാദികള്‍ പ്രേരിപ്പിച്ച നയം നയിക്കുകയും ദ്വിഭാഷാവാദത്തെയും റഷ്യയുമായുള്ള സഹകരണത്തെയും പിന്തുണച്ച പൊതുസംഘടനകളെ പീഡിപ്പിക്കുകയും ചെയ്തു.

റഷ്യയുള്‍പ്പെടെ പല രാജ്യങ്ങള്‍ക്കും തീര്‍ച്ചയായും വെല്ലുവിളിയും പ്രശ്നവുമാകുന്ന അഴിമതി ഉക്രൈനില്‍ സാധാരണ പരിധിക്കപ്പുറമാണ്. അത് അക്ഷരാര്‍ത്ഥത്തില്‍ ഉക്രേനിയന്‍ രാഷ്ട്രത്വത്തെയും മുഴുവന്‍ സംവിധാനത്തെയും അധികാരത്തിന്റെ എല്ലാ ശാഖകളെയും തുളച്ചുകയറുകയും നശിപ്പിക്കുകയും ചെയ്തു.

അമേരിക്കയുടെ ഒരു പാവ ആയ ഉക്രൈനിലെ അധികാരവര്‍ഗം പാശ്ചാത്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്നു.അമേരിക്കന്‍- യൂറോപ്യന്‍ മിലിറ്ററി ബേസ് ആയി ഉക്രൈനെ മാറ്റുകയാണ് ഇവര്‍,” പുടിന്‍ പ്രസംഗത്തില്‍ പറഞ്ഞു.

ഉക്രൈന്‍ നാറ്റോയില്‍ ചേരുന്നത് റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാണെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

ഉക്രൈനില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നും അവിടെ സ്വതന്ത്ര ജുഡീഷ്യറി ഇല്ലെന്നും ആണവായുധങ്ങളുടെ കാര്യത്തില്‍ മുന്നേറുന്ന ഉക്രൈന്‍, റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്നും വ്‌ളാഡിമിര്‍ പുടിന്‍ കൂട്ടിച്ചേര്‍ത്തു.

”അന്താരാഷ്ട്ര സംഘടനകളുടെ അഭിപ്രായത്തില്‍, 2019ല്‍ ഏകദേശം 6 ദശലക്ഷം ഉക്രേനിയക്കാര്‍ക്ക്, ആ രാജ്യത്തെ മുഴുവന്‍ ജനസംഖ്യയുടെ ഏകദേശം 15 ശതമാനത്തോളം, ജോലി കണ്ടെത്താന്‍ വിദേശത്തേക്ക് പോകേണ്ടി വന്നു.

ഉക്രൈനില്‍ സ്വതന്ത്ര ജുഡീഷ്യറി ഇല്ല. കിയെവ് അധികാരികള്‍ പാശ്ചാത്യരുടെ ആവശ്യപ്രകാരം പരമോന്നത ജുഡീഷ്യല്‍ ബോഡികളായ കൗണ്‍സില്‍ ഓഫ് ജസ്റ്റിസ്, ജഡ്ജിമാരുടെ ഉയര്‍ന്ന യോഗ്യതാ കമ്മീഷന്‍ എന്നിവയിലെ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള മുന്‍ഗണനാ അവകാശം അന്താരാഷ്ട്ര സംഘടനകള്‍ക്ക് നല്‍കി.

കൂടാതെ, അഴിമതി തടയുന്നതിനുള്ള ദേശീയ ഏജന്‍സി, നാഷണല്‍ ആന്റി കറപ്ഷന്‍ ബ്യൂറോ, സ്‌പെഷ്യലൈസ്ഡ് ആന്റി കറപ്ഷന്‍ പ്രോസിക്യൂട്ടര്‍ ഓഫീസ്, ഹൈ ആന്റി കറപ്ഷന്‍ കോടതി എന്നിവയെ അമേരിക്ക നേരിട്ട് നിയന്ത്രിക്കുന്നു. അഴിമതിക്കെതിരെയുള്ള ഊര്‍ജിത ശ്രമങ്ങള്‍ എന്ന ഉദാത്തമായ മറവിലാണ് ഇതെല്ലാം ചെയ്യുന്നത്.

ഉക്രൈന്‍ സ്വന്തം ആണവായുധങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇന്ന് ഇതിനകം പ്രസ്താവിച്ചിട്ടുണ്ട്, ഇത് വെറും വീമ്പിളക്കലല്ല. സോവിയറ്റ് കാലഘട്ടത്തില്‍ തന്നെ സൃഷ്ടിച്ച ആണവ സാങ്കേതികവിദ്യകളും വിമാനം ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ എത്തിക്കുന്നതിനുള്ള വാഹനങ്ങളും സോവിയറ്റ് രൂപകല്‍പന ചെയ്ത 100 കിലോമീറ്ററിലധികം ദൂരപരിധിയുള്ള സൂക്ഷ്മ തന്ത്രപരമായ മിസൈലുകളും ഉക്രൈനിനുണ്ട്.

ഉക്രൈന് തന്ത്രപരമായ ആണവായുധങ്ങള്‍ നേടുന്നത് വളരെ എളുപ്പമായിരിക്കും, പ്രത്യേകിച്ചും കീവിന് വിദേശ സാങ്കേതിക പിന്തുണ ലഭിക്കുകയാണെങ്കില്‍. ഇതും നമുക്ക് തള്ളിക്കളയാനാവില്ല. ഉക്രൈന്‍ കൂട്ട നശീകരണ ആയുധങ്ങള്‍ നേടിയാല്‍, ലോകത്തും യൂറോപ്പിലും സ്ഥിതിഗതികള്‍ മാറും, പ്രത്യേകിച്ച് നമുക്ക്. റഷ്യയെ സംബന്ധിച്ചിടത്തോളം ഈ യഥാര്‍ത്ഥ അപകടത്തോട് പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല,” പുടിന്‍ പറഞ്ഞു.

ഉക്രൈന്‍ ഭരണകൂടം റഷ്യയോടുള്ള ശത്രുത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പുടിന്‍, രക്തച്ചൊരിച്ചിലുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും ഉക്രൈനിലെ ഭരണകൂടത്തിനായിരിക്കുമെന്നും പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

”കീവില്‍ അധികാരം പിടിച്ചെടുത്ത് അതില്‍ തുടരുന്ന ആക്രമണാത്മകവും ദേശീയവുമായ ഭരണകൂടം ഉടന്‍ ശത്രുത അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അല്ലാത്തപക്ഷം, രക്തച്ചൊരിച്ചിലിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും ഉക്രൈനിലെ ഭരണകൂടത്തിന്റെ മനസാക്ഷിയില്‍ ആയിരിക്കും,” പുടിന്‍ കൂട്ടിച്ചേര്‍ത്തു.


Content Highlight: Russian President Vladimir Putin speech about Ukraine

We use cookies to give you the best possible experience. Learn more