മോസ്‌കോ: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് തന്റെ ഏറ്റവുമടുത്ത സുഹൃത്താണെന്നും ചൈനയുമായുള്ളത് അഭൂതപൂര്‍വമായ പങ്കാളിത്തമാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. വ്യാഴാഴ്ചയായിരുന്നു പുടിന്റെ പ്രതികരണം.
”ചൈനയുമായുള്ള റഷ്യയുടെ ബന്ധം അഭൂതപൂര്‍വമായ ഒരു തലത്തിലാണ് എത്തിനില്‍ക്കുന്നത്. ഷി ചിന്‍പിങ് അടുത്ത സുഹൃത്താണ്,” പുടിന്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യ ഉക്രൈനില്‍ പ്രത്യേക സൈനിക നീക്കം (special military operation) ആരംഭിച്ചതിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമായിരുന്നു റഷ്യയും ചൈനയും തമ്മില്‍ ‘നോ ലിമിറ്റ്‌സ് പാര്‍ട്ണര്‍ഷിപ്പി’ല്‍ (no-limits partnership) ഒപ്പുവെച്ചത്.
യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയടക്കമുള്ള നാറ്റോ അംഗരാജ്യങ്ങളും ഉപരോധങ്ങള്‍ കടുപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് നിലവില്‍ റഷ്യ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അതിനിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ ജനറല്‍ സെക്രട്ടറിയായും രാജ്യത്തിന്റെ പ്രസിഡന്റായും ഷി ചിന്‍പിങ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ റഷ്യയും ചൈനയും തമ്മിലുള്ള ബന്ധവും പുടിനും ഷിയും തമ്മിലുള്ള ബന്ധവും ഇനിയും ശക്തിപ്പെടാനാണ് സാധ്യത.
തുടര്‍ച്ചയായി മൂന്നാം തവണയാണ് ഷി ചിന്‍പിങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ഒക്ടോബര്‍ 16 മുതല്‍ 22 വരെ നീണ്ടുനിന്ന സി.പി.സി ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസാണ് ഷിയെ വീണ്ടും നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
അതേസമയം ഉക്രൈനിലെ റഷ്യന്‍ ആക്രമണവും അധിനിവേശ ശ്രമങ്ങളും എട്ട് മാസം പിന്നിട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു റഷ്യ ഉക്രൈനില്‍ ആക്രമണം (അവര്‍ അവകാശപ്പെടുന്നത് പ്രകാരം സ്‌പെഷ്യല്‍ മിലിറ്ററി ഓപ്പറേഷന്‍) ആരംഭിച്ചത്.