മോസ്‌കോ: ഉക്രൈന്റെ പേരും പറഞ്ഞ് നാണംകെട്ടതും വൃത്തികെട്ടതും അപകടകരവുമായ ഗെയിം കളിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങളെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.
വ്യാഴാഴ്ച വാള്‍ഡായ് ഡിസ്‌കഷന്‍ ക്ലബില്‍ (Valdai Discussion Club) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ഉക്രൈന്‍ വിഷയവുമായി ബന്ധപ്പെട്ട് ഒടുവില്‍ അമേരിക്കയും സഖ്യകക്ഷികള്‍ക്കും റഷ്യയുമായി ചര്‍ച്ച നടത്തേണ്ടിവരുമെന്നും പുടിന്‍ പറഞ്ഞു
”ലോകകാര്യങ്ങള്‍ക്ക് മേലുള്ള പാശ്ചാത്യ ആധിപത്യത്തിന്റെ കാലഘട്ടം അവസാനിക്കുകയാണ്.
ഞങ്ങള്‍ ഒരു ചരിത്ര ഘട്ടത്തിലാണ് നില്‍ക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും അപകടകരവും പ്രവചനാതീതവും അതേസമയം പ്രധാനപ്പെട്ടതുമായ കാലമാണ് നമുക്ക് മുന്നിലുള്ളത്.
എന്നാല്‍ ഒടുവില്‍ ലോകത്തിന്റെ ഭാവിയെക്കുറിച്ച് പാശ്ചാത്യര്‍ക്ക് റഷ്യയുമായും മറ്റ് വലിയ ശക്തികളുമായും സംസാരിക്കേണ്ടിവരും,” റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.
നിലവില്‍ റഷ്യ- ഉക്രൈന്‍ സംഘര്‍ഷം നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും റഷ്യ പാശ്ചാത്യരെ തങ്ങളുടെ ശത്രുവായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊളോണിയലിസ ചിന്താഗതി കാരണം പാശ്ചാത്യ രാജ്യങ്ങള്‍ അന്ധരായി മാറിയിരിക്കുകയാണെന്നും ലോകത്തെ മറ്റ് ഭാഗങ്ങളെയും കീഴടക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും പുടിന്‍ തന്റെ പ്രസംഗത്തില്‍ ആരോപിച്ചു.
ഉക്രൈനില്‍ റഷ്യക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് നിരന്തരം ചിന്തിക്കുന്നുണ്ടെന്ന് പറഞ്ഞ പുടിന്‍ റഷ്യയ്ക്ക് മാത്രമേ ഉക്രൈന്റെ പ്രാദേശിക അഖണ്ഡത ഉറപ്പുനല്‍കാന്‍ കഴിയൂ എന്നും വ്യക്തമാക്കി.
ആണവശേഷി വര്‍ധിപ്പിക്കുന്നതിന്റെ സാധ്യതകളെ കുറിച്ചുള്ള ചോദ്യത്തിന്, ആണവായുധങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ആണവായുധ ഉപയോഗത്തിന്റെ അപകടവും നിലനില്‍ക്കുമെന്നും പുടിന്‍ മറുപടി നല്‍കി.
എന്നാല്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് താന്‍ ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും പുടിന്‍ വ്യക്തമാക്കി.
Content Highlight: Russian president Vladimir Putin says west is playing a dangerous and dirty game over Ukraine