മോസ്‌കോ: അമേരിക്കക്കെതിരെ വിമര്‍ശനമുന്നയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.
കിഴക്കന്‍ യൂറോപ്പില്‍ നാറ്റോ സൈന്യത്തെ വിന്യസിക്കുന്നത് കുറക്കുന്നതിന് അമേരിക്കയുമായി ചര്‍ച്ച നടത്തി കരാറിലേര്‍പ്പെടാന്‍ സാധിക്കുമെന്ന കാര്യത്തില്‍ യാതൊരു പ്രതീക്ഷയുമില്ലെന്നായിരുന്നു പുടിന്‍ പ്രതികരിച്ചത്.
അമേരിക്കയെ ഒരു കാര്യത്തിലും വിശ്വസിക്കാനാവില്ലെന്നും ഒപ്പുവെച്ച കരാര്‍ ആയാല്‍ തന്നെയും വെറും ഒരു മിനിറ്റ് മുന്‍പെ നോട്ടീസ് തന്ന് അതില്‍ നിന്നും പിന്തിരിയുന്ന സ്വഭാവമാണ് അമേരിക്കയ്‌ക്കെന്നും പുടിന്‍ പറഞ്ഞു.
”നമുക്ക് വേണ്ടത് നീണ്ടകാലത്തേക്കുള്ള നിയമപരമായ ഉറപ്പുകളാണ്. പക്ഷെ എനിക്കും നിങ്ങള്‍ക്കും അവരെ വ്യക്തമായറിയാം. അവരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നതാണ് അത്,” പുടിന്‍ കൂട്ടിച്ചേര്‍ത്തു.
2002ല്‍ റഷ്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ ബാലിസ്റ്റിക് മിസൈല്‍ വിരുദ്ധ കരാറില്‍ നിന്നും അമേരിക്ക പിന്മാറിയതിനെക്കുറിച്ചും പുടിന്‍ എടുത്ത് പറഞ്ഞു. 1972ലായിരുന്നു ആ കരാറുണ്ടാക്കിയത്.
റഷ്യയില്‍ മിലിറ്ററി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു റഷ്യന്‍ പ്രസിഡന്റിന്റെ യു.എസ് വിമര്‍ശനം.