| Friday, 2nd September 2022, 12:54 pm

'പ്രസിഡന്റിന്റെ വര്‍ക്ക് ഷെഡ്യൂളില്‍ ഒഴിവില്ല'; ഗോര്‍ബച്ചേവിന്റെ സംസ്‌കാര ചടങ്ങില്‍ പുടിന്‍ പങ്കെടുക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: റഷ്യന്‍ വിപ്ലവ നായകനും സോവിയറ്റ് യൂണിയന്റെ അവസാനത്തെ നേതാവുമായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവിന്റെ സംസ്‌കാര ചടങ്ങുകളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പങ്കെടുക്കില്ല.

സെപ്റ്റംബര്‍ മൂന്ന് ശനിയാഴ്ച നടക്കാനിരിക്കുന്ന ഗോര്‍ബച്ചേവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പ്രസിഡന്റിന് പങ്കെടുക്കാനാവില്ലെന്ന് പുടിന്റെ ഓഫീസ് തന്നെയാണ് വ്യക്തമാക്കിയത്.

അതിനിടെ, റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയില്‍ ചെന്ന് പുടിന്‍ ഗോര്‍ബച്ചേവിന്റെ മൃതശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഈ ആശുപത്രിയില്‍ വെച്ചായിരുന്നു ഗോര്‍ബച്ചേവ് അന്തരിച്ചത്.

”നിര്‍ഭാഗ്യവശാല്‍, പ്രസിഡന്റിന്റെ വര്‍ക്ക് ഷെഡ്യൂള്‍ സെപ്റ്റംബര്‍ മൂന്നിന് അദ്ദേഹത്തെ ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. അതിനാല്‍ അദ്ദേഹം ഇന്ന് ഇത് ചെയ്യാന്‍ തീരുമാനിച്ചു,” പുടിന്റെ ആശുപത്രി സന്ദര്‍ശനത്തിന് പിന്നാലെ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാജ്യത്തിന്റെ മുഴുവന്‍ ബഹുമതികളോടെയുമുള്ള ഒരു സംസ്‌കാര ചടങ്ങ് ഗോര്‍ബച്ചേവിന് നല്‍കുന്നതിനും വ്ളാഡിമിര്‍ പുടിന്‍ അനുമതി നല്‍കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

ഗോര്‍ബച്ചേവ് മരിച്ച് 15 മണിക്കൂറുകളോളം കഴിഞ്ഞ ശേഷമായിരുന്നു പുടിന്‍ ഔദ്യോഗികമായി അനുശോചന സന്ദേശം പുറത്തുവിട്ടത്.

ശനിയാഴ്ച മോസ്‌കോയിലെ ഹാള്‍ ഓഫ് കോളംസിലെ ഒരു പൊതു ചടങ്ങിന് ശേഷമായിരിക്കും ഗോര്‍ബച്ചേവിന്റെ സംസ്‌കാരം നടക്കുക. മോസ്‌കോയിലെ തന്നെ നോവോഡെവിച്ചി (Novodevichy) സെമിത്തേരിയില്‍ തന്റെ ഭാര്യയുടെ കല്ലറക്ക് സമീപമായിരിക്കും ഗോര്‍ബച്ചേവിനേയും സംസ്‌കരിക്കുക.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലേക്കും ശീതകാല യുദ്ധത്തിന്റെ അവസാനത്തിലേക്കും വഴിവെച്ച നേതാവായി വിലയിരുത്തപ്പെടുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് (91) ഓഗസ്റ്റ് 30നായിരുന്നു വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മോസ്‌കോയില്‍ വെച്ച് അന്തരിച്ചത്.

സോവിയറ്റ് യൂണിയന്റെ എട്ടാമത്തെയും അവസാനത്തെയും പ്രസിഡന്റായിരുന്നു ഗോര്‍ബച്ചേവ്. 1985ലായിരുന്നു ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയന്റെ അധികാരമേറ്റെടുത്തത്. 1991ലായിരുന്നു സോവിയറ്റ് യൂണിയന്റെ പതനം.

1991ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെയായിരുന്നു അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.

രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയെ കൂടുതല്‍ ജനാധിപത്യവത്ക്കരിക്കാനും സാമ്പത്തിക ഘടനയെ ഡീസെന്‍ട്രലൈസ് ചെയ്യാനും ഗോര്‍ബച്ചേവ് നടത്തിയ ശ്രമങ്ങളാണ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തലുകള്‍.

1947 മുതല്‍ 1991 വരെ നീണ്ടുനിന്ന ശീതയുദ്ധത്തിന് അറുതിയുണ്ടാക്കിയത് ഗോര്‍ബച്ചേവായിരുന്നു.

സോവിയറ്റ് യൂണിയന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ തന്നെ ഗോര്‍ബച്ചേവ് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. 1990ല്‍ ശീതയുദ്ധം അവസാനിപ്പിക്കുന്നത് ഗോര്‍ബച്ചേവ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തെ നൊബേല്‍ സമ്മാനം നല്‍കി ആദരിച്ചിരുന്നു.

Content Highlight: Russian president Vladimir Putin pays tribute to Mikhail Gorbachev but won’t attend his funeral

We use cookies to give you the best possible experience. Learn more