| Friday, 24th June 2022, 9:28 am

പാശ്ചാത്യ രാജ്യങ്ങളുടെ സ്വാര്‍ത്ഥതയ്ക്ക് മുന്നില്‍ നമ്മള്‍ ബ്രിക്‌സ് രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണം; ഉച്ചകോടിയില്‍ പുടിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: പാശ്ചാത്യ രാജ്യങ്ങളുടെ സ്വാര്‍ത്ഥ നടപടികള്‍ക്ക് മുന്നില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ സഹകരിച്ച് നില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.

ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ബ്രസീല്‍, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക രാജ്യങ്ങളുടെ നേതാക്കളോടായിരുന്നു പുടിന്‍ ഇക്കാര്യം പറഞ്ഞത്. ഉക്രൈനില്‍ നടത്തുന്ന ആക്രമണങ്ങളെത്തുടര്‍ന്ന് റഷ്യക്ക് മേല്‍ അമേരിക്കയും വിവിധ യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുടിന്റെ പ്രതികരണം.

”ചില രാജ്യങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ കാരണം ആഗോള സാമ്പത്തികരംഗത്തുണ്ടായ ഈ പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് പുറത്തുകടക്കുന്നതിന് വേണ്ടി, സത്യസന്ധവും പരസ്പരം ഉപകാരപ്രദവുമായ സഹകരണത്തിലൂടെ മാത്രമേ നമുക്ക് ശ്രമിക്കാനാവൂ,” ഉച്ചകോടിയില്‍ ഓണ്‍ലൈനായി പങ്കെടുത്തുകൊണ്ട് പുടിന്‍ പറഞ്ഞു.

മള്‍ട്ടിപോളാര്‍ സിസ്റ്റം വികസിപ്പിച്ച് കൊണ്ടുവരണമെങ്കില്‍ ബ്രിക്‌സ് രാജ്യങ്ങളുടെ നേതൃത്വം അത്യാവശ്യമാണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഉപരോധങ്ങളെ ഷി ചിന്‍പിങ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍ നിലവിലെ ആഗോള പ്രതിസന്ധിക്ക് കാരണം യൂറോപ്യന്‍ രാജ്യങ്ങളാണെന്നായിരുന്നു പുടിന്റ ആരോപണം.

പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ നശിപ്പിക്കാന് ശ്രമിക്കുകയാണെന്നും സാമ്പത്തിക ഉപരോധം സാമ്പത്തിക യുദ്ധപ്രഖ്യാപനത്തിന് തുല്യമാണെന്നും പുടിന്‍ പറഞ്ഞു.

ചൈനയാണ് ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രസീല്‍ പ്രസിഡന്റ് സെയ്ര്‍ ബോള്‍സൊനാരൊ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.

ഫെബ്രുവരിയില്‍ റഷ്യയും ഉക്രൈനും തമ്മിലുള്ള ആക്രമണങ്ങള്‍ ആരംഭിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ ബ്രിക്‌സ് ഉച്ചകോടിയാണിത്. വിര്‍ച്വലായാണ് ഉച്ചകോടി നടക്കുന്നത്.

Content Highlight: Russian president Vladimir Putin calls on BRICS to Cooperate to face Western countries’ Selfish Actions

We use cookies to give you the best possible experience. Learn more