മോസ്‌കോ: കരുതല്‍ സൈന്യത്തോട് യുദ്ധത്തിന് തയ്യാറെടുക്കാനായി അണിനിരക്കാന്‍ നിര്‍ദേശം നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യ-ഉക്രൈന്‍ യുദ്ധം ഏഴ് മാസത്തോളം എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ യുദ്ധക്കളത്തില്‍ തങ്ങളുടെ അപ്രമാദിത്വം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് റഷ്യയുടെ ഈ നീക്കം.
യുദ്ധ തയ്യാറെടുപ്പിനായി മൂന്ന് ലക്ഷത്തോളം വരുന്ന കരുതല്‍ സൈനികരോട് അണിചേരാന്‍ അധികൃതര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
‘ഇതൊരു മണ്ടത്തരമല്ല, ഞങ്ങളുടെ ഭൂപ്രദേശം സംരക്ഷിക്കാന്‍ എല്ലാ സന്നാഹങ്ങളും പയറ്റും’ എന്നാണ് യുദ്ധ പ്രഖ്യാപനത്തിന് ശേഷം പുടിന്‍ പാശ്ചാത്യ ശക്തികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം, കിഴക്കന്‍ ഉക്രൈനില്‍ റഷ്യന്‍ അധീനതയിലുള്ള പ്രദേശങ്ങള്‍ റഷ്യയില്‍ ചേരുന്നത് സംബന്ധിച്ച് ഹിത പരിശോധന നടത്തുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഉക്രൈന്‍ അധിനിവേശത്തില്‍ റഷ്യയെ പിന്തുണക്കുന്ന ലുഹാന്‍സ്‌ക് പീപിള്‍സ് പബ്ലിക് (എല്‍.പി.ആര്‍), ഡൊനെറ്റ്സ്‌ക് പീപിള്‍സ് റിപ്പബ്ലിക് (ഡി.പി.ആര്‍) എന്നീ സ്വയം പ്രഖ്യാപിത ഭരണകേന്ദ്രങ്ങളാണ് ഈ മാസം 23 മുതല്‍ 27 വരെ ഹിത പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
ഹിത പരിശോധന അനുകൂലമായാല്‍ ഡി.പി.ആറിനെ റഷ്യയുടെ ഭാഗമായി അംഗീകരിക്കണമെന്ന് ഡി.പി.ആര്‍ മേധാവി ഡെനിസ് പുഷിലിന്‍ സമൂഹ മാധ്യമത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ അഭിസംബോധന ചെയ്തുകൊണ്ട് കുറിച്ചു.
അതേസമയം, എല്‍.പി.ആര്‍ നിയന്ത്രിക്കുന്ന റഷ്യന്‍ അനുകൂല വിഘടനവാദികള്‍ ഹിത പരിശോധനയ്ക്കുള്ള നിയമം പാസാക്കി. റഷ്യ 95 ശതമാനം പ്രദേശങ്ങളും നിയന്ത്രണത്തിലാക്കിയ കെഴ്‌സണ്‍ മേഖലയിലും ഹിത പരിശോധന നടത്താന്‍ തീരുമാനമായിട്ടുണ്ട്.
ആണവ നിലയം സ്ഥിതി ചെയ്യുന്ന സപൊറീഷ്യയിലും റഷ്യന്‍ അനുകൂല ഭരണ നേതൃത്വം ജനങ്ങളുടെ തീരുമാനമറിയാന്‍ വോട്ടെടുപ്പിനൊരുങ്ങുകയാണ്.
റഷ്യയില്‍ ചേരണമെന്ന് ആഗ്രഹിക്കുന്ന പ്രദേശങ്ങള്‍ ഹിത പരിശോധന നടത്തട്ടെയെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. അതത് പ്രദേശങ്ങളിലെ ജനങ്ങള്‍ അവരുടെ വിധി തീരുമാനിക്കട്ടെയെന്നും ലവ്‌റോവ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഹിത പരിശോധന കൊണ്ട് ഒരുമാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പ്രതികരിച്ചു.
Content Highlight: Russian President Vladimir Putin announced a partial mobilization