മോസ്‌കോ: റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെക്കുറിച്ച് പ്രതികരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.
ഡോണ്‍ബാസ് പ്രദേശത്തെ ജനങ്ങളെ ഉക്രൈന്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് പറഞ്ഞ പുടിന്‍ ഡോണ്‍ബാസിലെ ജനങ്ങള്‍ തെരുവുനായകളല്ലെന്നും ഉക്രൈനെതിരെ നീങ്ങാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നെന്നും പ്രതികരിച്ചു.
റഷ്യന്‍ സ്റ്റേറ്റ് അഫിലിയേറ്റഡ് മാധ്യമമായ റഷ്യ ടുഡേയോടുള്ള പുടിന്റെ പ്രതികരണത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
”ഉക്രൈനിലേക്ക് റഷ്യന്‍ സേനയെ അയക്കുന്നതിന് എടുത്ത തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ ഇപ്പോഴത്തെ ആക്രമണത്തെ ഒഴിവാക്കാന്‍ പറ്റാത്ത തരത്തിലായിരുന്നു നടന്നുകൊണ്ടിരുന്ന സംഭവങ്ങള്‍,” എന്നായിരുന്നു പുടിന്‍ ശനിയാഴ്ച ആര്‍.ടി. ന്യൂസിനോട് പ്രതികരിച്ചത്.
”ഓപ്പറേഷന്‍ ആരംഭിച്ച സമയത്ത് തന്നെ ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. തീരുമാനം എടുക്കുന്നതിന് മുന്നേയും ഞാന്‍ ഈ കാര്യം പറഞ്ഞുകൊണ്ടിരുന്നു. ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു എന്നതില്‍ സംശയമില്ല,” പുടിന്‍ പറഞ്ഞതായി റഷ്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഉക്രൈന്‍ പ്രവിശ്യയായ ഡോണ്‍ബാസിനെക്കുറിച്ചും പുടിന്‍ സംസാരിച്ചു. ഡോണ്‍ബാസില്‍ ഉക്രൈന്‍ സര്‍ക്കാര്‍ മിലിറ്ററി ഓപ്പറേഷനുകള്‍ നടത്തി ജനങ്ങളെ അടിച്ചമര്‍ത്തിയെന്നായിരുന്നു പുടിന്റെ ആരോപണം.
”ഡോണ്‍ബാസിലെ ജനങ്ങള്‍ തെരുവുനായകളല്ല. 13,000നും 14,000നും ഇടയില്‍ ആളുകള്‍ ഈ വര്‍ഷക്കാലങ്ങളിലായി അവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.
500ലധികം കുട്ടികള്‍ കൊല്ലപ്പെടുകയോ വൈകല്യങ്ങള്‍ ബാധിക്കുകയോ ചെയ്തിട്ടുണ്ട്. സഹിക്കാന്‍ പറ്റാത്ത കാര്യമെന്തെന്നാല്‍, ഇക്കഴിഞ്ഞ എട്ട് വര്‍ഷവും പരിഷ്‌കൃതരെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാശ്ചാത്യരൊന്നും ഇക്കാര്യം ശ്രദ്ധിച്ച് പോലുമില്ല എന്നതാണ്,” പുടിന്‍ കൂട്ടിച്ചേര്‍ത്തു.
ഉക്രൈന്റെ തെക്കുകിഴക്കന്‍ ഭാഗത്തായാണ് ഡോണ്‍ബാസ് പ്രദേശം.
ഡോണ്‍ബാസിലെ ഡൊനെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് എന്നീ പ്രവിശ്യകള്‍ വിഘടനവാദികളുടെ നിയന്ത്രണത്തിലാണ്. 2014ല്‍ ഈ പ്രവിശ്യകളെ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക്സ് എന്ന പേരില്‍ സ്വതന്ത്രമായി പ്രഖ്യാപിച്ചിരുന്നു.
ഉക്രൈന്റെ ഭൂമിശാസ്ത്രപരമായ ഇന്റഗ്രിറ്റിയും ഡൊനെറ്റ്സ്‌ക്, ലുഹാന്‍സ് പ്രവിശ്യകളിലെ ജനങ്ങളുടെ താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ റഷ്യ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ ഉക്രൈന്‍ സര്‍ക്കാര്‍ ഡോണ്‍ബാസിനെ ബ്ലോക്ക് ചെയ്ത് അവിടത്തെ ജനങ്ങളെ അടിച്ചമര്‍ത്തിയെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.
2010 മുതല്‍ 2014 വരെ ഉക്രൈന്‍ ഭരിച്ചിരുന്ന വിക്ടര്‍ യാനുകോവിചിനെ ഭരണഘടനാ വിരുദ്ധമായി സ്ഥാനത്ത് നിന്നും അട്ടിമറിയിലൂടെ താഴെയിറക്കിയതാണ് ഉക്രൈനിലെ സ്ഥിതി വഷളാക്കിയതെന്നും പുടിന്‍ ആര്‍.ടി ന്യൂസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
അതിനുവേണ്ടി പാശ്ചാത്യരാജ്യങ്ങള്‍ അഞ്ച് ബില്യണ്‍ ഡോളര്‍ വരെ ചെലവാക്കിയെന്നും ഇത് അവര്‍ നിഷേധിക്കന്നില്ലെന്നും പുടിന്‍ ആരോപിച്ചു.
റഷ്യയുമായി വളരെയടുത്ത ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുവാനും നാറ്റോ സൈനികസഖ്യവും യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധങ്ങള്‍ കുറക്കുന്നനും ശ്രമിച്ചിരുന്നയാളായിരുന്നു യാനുകോവിച്.
2014ല്‍ യൂറോമൈതാന്‍ റെവലൂഷന്‍ പൊട്ടിപ്പുറപ്പെട്ടതോടെ യാനുകോവിചിന് സ്ഥാനമൊഴിയേണ്ടി വരികയായിരുന്നു.
എന്നാല്‍ യാനുകോവിച്ചിന് പിന്നാലെ അധികാരത്തില്‍ വന്ന പെട്രോ പൊറൊഷെന്‍കോവും പിന്നീട് വന്ന വൊളോഡിമിര്‍ സെലന്‍സ്‌കിയും പക്ഷെ റഷ്യ വിരുദ്ധ നിലപാടുകളായിരുന്നു സ്വീകരിച്ചിരുന്നത്.
ഫെബ്രുവരി 24നായിരുന്നു ഉക്രൈനില്‍ റഷ്യ ആക്രമണമാരംഭിച്ചത്. 11 ദിവസം പിന്നിടുമ്പോഴും ആക്രമണം അയവില്ലാതെ തുടരുകയാണ്.
Content Highlight: Russian president Vladimir Putin about, the decision to attack Ukraine, Donbass