കീവ്: ഉക്രൈന്‍ നഗരമായ കീവിന് നേരെ വീണ്ടും മിസൈല്‍ ആക്രമണം ശക്തമാക്കി റഷ്യ. മെയ് മാസത്തില്‍ ഇത് പതിനാറാം തവണയാണ് കീവിന് റഷ്യന്‍ സേന മിസൈലാക്രമണം നടത്തുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ രാത്രിയും ഇന്ന് പകലുമായാണ് റഷ്യ മിസൈലാക്രമണം തുടരുന്നതെന്ന് ഉക്രൈന്‍ സൈന്യം സ്ഥിരീകരിച്ചു. ഉക്രേനിയന്‍ തലസ്ഥാനത്തിന്റെ മധ്യ ജില്ലകളിലാണ് ആക്രമണം നടന്നത്.
അതേസമയം, റഷ്യന്‍ മിസൈലുകളെല്ലാം വെടിവെച്ചിട്ടെന്നും ആളപായങ്ങളില്ലെന്നും ഉക്രൈന്‍ സ്ഥിരീകരിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇന്നലെ അര്‍ധരാത്രിയോടെ ഉക്രൈനിന്റെ പടിഞ്ഞാറന്‍ പ്രവിശ്യകളിലാണ് കൂടുതല്‍ ആക്രമണമുണ്ടായത്.
ഉക്രൈന്റെ വ്യോമകേന്ദ്രങ്ങളില്‍ റഷ്യന്‍ സേന മിസൈലാക്രമണം നടത്തിയെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ആര്‍.ഐ.എ സ്ഥിരീകരിച്ചു. ഇസ്‌കാന്‍ഡര്‍ വിഭാഗത്തിലുള്ള ബാലിസ്റ്റിക് മിസൈലുകളും എസ്-300, എസ്-400 മിസൈലുകളും റഷ്യ പ്രയോഗിച്ചെന്നാണ് റഷ്യന്‍ സേന വ്യോമസേന അറിയിച്ചത്.
അതേസമയം, റഷ്യന്‍ മിസൈലാക്രമണം ഉക്രൈന്‍ സേന ഫലപ്രദമായി തടഞ്ഞതായി ഉക്രൈന്‍ സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഉക്രൈന്‍ വ്യോമസേനാ വിഭാഗത്തെ അഭിനന്ദിച്ച് ഉക്രൈന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി രംഗത്തെത്തി.
കഴിഞ്ഞ ദിവസം നടന്ന ഏറ്റവും രൂക്ഷമായ ഡ്രോണ്‍ ആക്രമണത്തെ ചെറുത്ത് തോല്‍പ്പിച്ചത് വ്യോമയാന മന്ത്രാലയമാണെന്നും അദ്ദേഹം അഭിനന്ദിച്ചു. റഷ്യയുടെ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ഉക്രൈനുണ്ടെന്നും തന്റെ വ്യോമസേനാംഗങ്ങളെല്ലാം ഹീറോകളാണെന്നും സെലെന്‍സ്‌കി പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.