കീവ്: കിഴക്കന്‍ ഉക്രേനിയന്‍ നഗരമായ ഡിനിപ്രോയിലെ ആശുപത്രിക്ക് നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 26 പേര്‍ക്ക് പരിക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്. മൂന്നും ആറും വയസുള്ള രണ്ട് ആണ്‍കുട്ടികളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നതായി ഗവര്‍ണര്‍ സെര്‍ഹി ലൈസാക് പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി ഉക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. തകര്‍ന്ന ക്ലിനിക്കിന്റെ വീഡിയോ ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി പുറത്ത് വിട്ടു. കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നതും സ്ഥലത്ത് അഗ്നിരക്ഷാസേനകള്‍ എത്തിയിരിക്കുന്നതും വീഡിയോയില്‍ ഉണ്ട്.
വ്യാഴാഴ്ച രാത്രി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പ്രദേശം ആക്രമിക്കപ്പെട്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഡിനിപ്രോയാകെ തകര്‍ക്കപ്പെട്ടെന്നും ഏറെ ബുദ്ധിമുട്ടുള്ള ദിവസമായിരുന്നു ഇന്നലത്തേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെട്ടിടത്തിന് തീപിടിച്ചതായി കാണിച്ച് ഉക്രൈന്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഡിനിപ്രോയിലെ ആശുപത്രിയുടേതാണെന്ന് ബി.ബി.സി സ്ഥിരീകരിച്ചു.
റഷ്യയുടെ 31 ഡ്രോണുകളും 17 മിസൈലുകളും തകര്‍ത്തതായി ഉക്രൈന്‍ അധികൃതര്‍ പറഞ്ഞു. നിരവധി ഡ്രോണുകളും മിസൈലുകളും ഡിനിപ്രോയിലും കിഴക്കന്‍ നഗരമായ ഖാര്‍ക്കീവിലും പതിച്ചു. ഉക്രൈന്‍ തലസ്ഥാനമായ കീവിലും ആക്രമണമുണ്ടായി. ഉക്രൈന്‍ പ്രത്യാക്രമണത്തില്‍ ഡ്രോണുകള്‍ പതിച്ച് നിരവധി വീടുകള്‍ക്കും കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമുണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റഷ്യയിലെ ബെല്‍ഗോറോഡിലും കഴിഞ്ഞ ആഴ്ച ആക്രമണം നടന്നിരുന്നു. കൊസിന്‍ക പ്രദേശത്തും 130തോളം തവണ ആക്രമണമുണ്ടായി.
Contenthighlight: Russian missile attack on ukrain hospital