അമേരിക്കയെ വലയ്ക്കുന്ന ഹവാന സിന്‍ഡ്രോം; പിന്നില്‍ റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സ്: റിപ്പോര്‍ട്ട്
World News
അമേരിക്കയെ വലയ്ക്കുന്ന ഹവാന സിന്‍ഡ്രോം; പിന്നില്‍ റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സ്: റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd April 2024, 12:22 pm

വാഷിങ്ടണ്‍: അമേരിക്കയെ വലയ്ക്കുന്ന ഹവാന സിന്‍ഡ്രത്തിന് പിന്നില്‍ റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സാണെന്ന് റിപ്പോര്‍ട്ടുകള്‍. ദി ഇന്‍സൈഡര്‍, ഡെര്‍ സ്പീഗല്‍, സിബിഎസ്’സ് 60 മിനിറ്റ്‌സ് എന്നീ മാധ്യമങ്ങളുടെ സംയുക്ത റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

അമേരിക്കയിലെ നയതന്ത്രജ്ഞര്‍ അനുഭവിക്കുന്ന നിഗൂഢമായ രോഗമാണ് ഹവാന സിന്‍ഡ്രോം. റഷ്യന്‍ സോണിക് വെപ്പണറികള്‍ നയതന്ത്രജ്ഞരെ ലക്ഷ്യമിട്ടിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിന് ശേഷമാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

റഷ്യയുടെ യൂണിറ്റ് 29155ലെ അംഗങ്ങള്‍ ഉപയോഗിച്ച എനര്‍ജി വെപ്പണുകളില്‍ നിന്നാണ് ഹവാന സിന്‍ഡ്രോം ഉണ്ടായിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. റഷ്യയുടെ വിദേശ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദിയായ യൂണിറ്റാണ് യൂണിറ്റ് 29155.

2018ല്‍ ബ്രിട്ടനില്‍ പാര്‍ട്ടി വിട്ടുപോയ സെര്‍ജി സ്‌ക്രിപാലിനെ വിഷം കൊടുക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള ഒരുപാട് അന്താരാഷ്ട്ര സംഭവങ്ങള്‍ക്ക് കുറ്റാരോപിതരായ യൂണിറ്റ് കൂടെയാണ് ഇത്.

എന്നാല്‍ ഈ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണ് എന്നാണ് ക്രെംലിന്‍ വക്താവ് പ്രതികരിച്ചത്. തെളിവുകളൊന്നും ഇല്ലാത്തതിനാല്‍ ഈ കാര്യം വെറും ആരോപണമാണെന്നാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത്.

‘ഹവാന സിന്‍ഡ്രോം നിരവധി വര്‍ഷങ്ങളായി മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. തുടക്കം മുതല്‍ ഇതിന് പിന്നില്‍ റഷ്യയാണെന്നാണ് ആരോപണം. എന്നാല്‍ ഇതിന് തെളിവുകളൊന്നും ഇതുവരെ ആരും പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ട് ഇതെല്ലാം അടിസ്ഥാനരഹിതമായ വെറും ആരോപണം മാത്രമാണ്,’ ദിമിത്രി പെസ്‌കോവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2016 മുതല്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരില്‍ കണ്ടെത്തുന്ന അജ്ഞാതരോഗമാണ് ഹവാന സിന്‍ഡ്രോം. ചെവിക്കുള്ളിലെ മൂളല്‍, ശരീരത്തിലെ ബാലന്‍സ് നഷ്ടമാകല്‍, ഓര്‍മ കുറവ്, തലവേദന, കാഴ്ച പ്രശ്‌നങ്ങള്‍ എന്നിവയായിരുന്നു ലക്ഷണങ്ങള്‍.

ക്യൂബയിലെ ഹവാനയില്‍ വെച്ചാണ് ആദ്യമായി ഹവാന സിന്‍ഡ്രോം ഒരു യു.എസ് നയതന്ത്രജ്ഞനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് ചൈനയിലെയും യൂറോപ്പിലെയും വാഷിങ്ടണിലെയും എംബസി ജീവനക്കാരിലും രോഗം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

Content Highlight: Russian Military Intelligence Behind The Havana Syndrome