'ഈ 103 മില്യണ്‍ ഡോളര്‍ ഉക്രൈനിലെ കുട്ടികളുടെ ഭാവിക്ക് വേണ്ടി'; സമാധാനത്തിന് ലഭിച്ച നൊബേല്‍ പുരസ്‌കാര മെഡല്‍ ലേലം ചെയ്ത് റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍
World News
'ഈ 103 മില്യണ്‍ ഡോളര്‍ ഉക്രൈനിലെ കുട്ടികളുടെ ഭാവിക്ക് വേണ്ടി'; സമാധാനത്തിന് ലഭിച്ച നൊബേല്‍ പുരസ്‌കാര മെഡല്‍ ലേലം ചെയ്ത് റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st June 2022, 8:01 am

മോസ്‌കോ: റഷ്യ- ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉക്രൈനിലെ കുട്ടികളെ സഹായിക്കുന്നതിന് വേണ്ടി തന്റെ നൊബേല്‍ സമ്മാനം ലേലത്തിന് വെച്ച് റഷ്യയുടെ നൊബേല്‍ പുരസ്‌കാര ജേതാവ് ദിമിത്രി മുറടോവ്. 103.5 മില്യണ്‍ ഡോളറാണ് മെഡലിന് ലേലത്തില്‍ ലഭിച്ചിരിക്കുന്നത്.

2021ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ റഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ മുറടോവ് തിങ്കളാഴ്ചയായിരുന്നു തനിക്ക് ലഭിച്ച നൊബേല്‍ പുരസ്‌കാര മെഡല്‍ ലേലത്തിന് വെച്ചത്.

ഉക്രൈനില്‍ യുദ്ധം കാരണം വീട് വിട്ട് പോകേണ്ടി വരുന്ന കുട്ടികളുടെ പുനരധിവാസത്തിന് വേണ്ടിയുള്ള യുനിസെഫിന്റെ പദ്ധതികളിലേക്കായിരിക്കും ലേലത്തുക നേരിട്ട് പോവുക. പുരസ്‌കാരം വില്‍ക്കുന്നതിന് പുറമെ താന്‍ അഞ്ച് ലക്ഷം ഡോളര്‍ സംഭാവനയായി നല്‍കുമെന്നും മുറടോവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

”അഭയാര്‍ത്ഥി കുട്ടികള്‍ക്ക് ഭാവിയിലേക്കുള്ള ഒരു സാധ്യത നല്‍കുക, എന്നതാണ് സംഭാവനയുടെ ഐഡിയക്ക് പിന്നില്‍,” അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മുറടോവ് പറഞ്ഞു. ഉക്രൈനില്‍ അനാഥരായി പോകുന്ന കുട്ടികളെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും മുറടോവ് കൂട്ടിച്ചേര്‍ത്തു.

”അവര്‍ക്ക് അവരുടെ ഭാവി തിരിച്ച് നല്‍കേണ്ടതുണ്ട്,” മുറടോവ് പറഞ്ഞു.

അതേസമയം ലേലത്തിന് വെച്ച നൊബേല്‍ പുരസ്‌കാരത്തിന് 5,50,000 ഡോളര്‍ വരെയായിരുന്നു തുടക്കത്തില്‍ തുക പറഞ്ഞിരുന്നു. ഇത് പിന്നീട് കുത്തനെ ഉയരുകയായിരുന്നു.

സ്വതന്ത്ര റഷ്യന്‍ പത്രമായ നൊവായ ഗസെറ്റയുടെ (Novaya Gazeta) സ്ഥാപകന്‍ എന്ന രീതിയിലാണ് മുറടോവിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫും മുറടോവായിരുന്നു. റഷ്യ ഉക്രൈനില്‍ ആക്രമണമാരംഭിച്ചതിന് പിന്നാലെ, കഴിഞ്ഞ മാര്‍ച്ചില്‍ പത്രം അടച്ചുപൂട്ടുകയായിരുന്നു.

ഫിലിപ്പീന്‍സ് മാധ്യമപ്രവര്‍ത്തക മരിയ റെസ്സക്കൊപ്പമായിരുന്നു മുറടോവ് നൊബേല്‍ സമാധാന പുരസ്‌കാരം പങ്കുവെച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു റഷ്യ ഉക്രൈനില്‍ അധിനിവേശ ശ്രമങ്ങളും ആക്രമണങ്ങളും ആരംഭിച്ചത്. അന്ന് മുതല്‍ തന്നെ ഇതിനെ വിമര്‍ശിച്ച് മുറടോവ് രംഗത്തെത്തിയിരുന്നു.

Content Highlight: Russian journalist Dmitry Muratov sells his Nobel Prize for Ukrainian children