ഖത്തര്‍: അന്താരാഷ്ട്ര മത്സരവേദിയില്‍ റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് പരസ്യപിന്തുണ നല്‍കി റഷ്യന്‍ ജിംനാസ്റ്റിക് താരം. റഷ്യന്‍ ജിംനാസ്റ്റിക് താരം ഇവാന്‍ കുലിയാക്കാണ് ദോഹയില്‍ വെച്ച് നടന്ന ജിംനാസ്റ്റിക് വേള്‍ഡ് കപ്പില്‍ റഷ്യയുടെ നടപടികള്‍ക്ക് പരസ്യ പിന്തുണയറിയിച്ചത്.
മത്സര ശേഷം, മെഡല്‍ദാന ചടങ്ങില്‍ വെച്ചായിരുന്നു കുലിയാക്ക് ലോകത്തെ ഞെട്ടിച്ചത്. ഇസെഡ് (Z) എന്നെഴുതിയ വസ്ത്രം ധരിച്ചായിരുന്നു താരം മെഡല്‍ സ്വീകരിക്കാന്‍ പോഡിയത്തിലേക്കെത്തിയത്.
ഉക്രൈനിലേക്കെത്തിയ റഷ്യയുടെ എല്ലാ മിലിറ്ററി ടാങ്കുകളിലും ‘Z’ എന്ന അക്ഷരം പതിച്ചിരുന്നു. ഇത് അധിനിവേശത്തിനുള്ള പിന്തുണയെ അടയാളപ്പെടുത്തുന്നതാണ്.
ഉക്രൈന്‍ താരമായ കോവ്ടുണ്‍ ഇലായയെ അടുത്ത് നിര്‍ത്തിക്കൊണ്ടായിരുന്നു കുലിയാക്ക് റഷ്യന്‍ അധിനിവേശത്തിനുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിച്ചത്. മത്സരത്തില്‍ ഇലായ സ്വര്‍ണ മെഡലും കുലിയാക്ക് വെങ്കല മെഡലും സ്വന്തമാക്കിയിരുന്നു.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ കായിക ലോകമൊന്നാകെ റഷ്യയെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനും അന്താരാഷ്ട്ര ചെസ് അസോസിയേഷനും റഷ്യയ്‌ക്കെതിരെ നടപടിയുമായി രംഗത്തെത്തിയിരുന്നു.
ഫുട്‌ബോള്‍ താരങ്ങള്‍ മത്സരത്തിനിടെയും ശേഷവും റഷ്യയുടെ നടപടിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. ഈയൊരു സാഹചര്യത്തില്‍ കൂടിയാണ് കുലിയാക്ക് റഷ്യയ്ക്കുള്ള പരസ്യ പിന്തുണ അറിയിച്ചത്.
എന്നാല്‍, കുലിയാക്കിന്റെ പ്രവൃത്തിയില്‍ ജിംനാസ്റ്റിക് അസോസിയേഷന്‍ കടുത്ത അതൃപ്തിയറിയിച്ചിട്ടുണ്ട്. താരത്തോട് വിശദീകരണമാവശ്യപ്പെടാനാണ് ഫെഡറേഷന്റെ തീരുമാനം.
‘ജിംനാസ്റ്റിക് എതിക് ഫൗണ്ടേഷനോട് കുലിയാക്കിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ അന്താരാഷ്ട്ര ജിംനാസ്റ്റിക് ഫെഡറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്,’ അവര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, തിങ്കളാഴ്ച മുതല്‍ എല്ലാ റഷ്യന്‍ ബെലാറൂസിയന്‍ ജിംനാസ്റ്റുകളെയും ഇനി നടക്കുന്ന എല്ലാ മത്സരങ്ങളില്‍ നിന്നും വിലക്കാനും ഫെഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.