അമേരിക്ക കാരണം രക്ഷപ്പെട്ട ഒരു രാജ്യത്തിന്റെ പേരെങ്കിലും പറയാനാകുമോ; യു.എസിന്റേത് സ്വേച്ഛാധിപത്യം, ദൈവത്തിന്റെ ദൂതരാണെന്നാണ് അവരുടെ വിചാരം: റഷ്യന്‍ വിദേശകാര്യ മന്ത്രി
ന്യൂയോര്‍ക്ക്: യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത് അമേരിക്കക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് (Sergey Lavrov). സെപ്റ്റംബര്‍ 13 മുതല്‍ 27 വരെ ആസ്ഥാനമായ ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ 77ാമത് വാര്‍ഷിക ജനറല്‍ അസംബ്ലി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യ രാജ്യങ്ങള്‍ക്ക് റഷ്യയോട് ‘വിചിത്രമായ’ ഒരു ഭയമാണുള്ളതെന്നും (grotesque fear) പറഞ്ഞ ലാവ്‌റോവ്, അമേരിക്കയെ പോലുള്ള രാജ്യങ്ങള്‍ തന്റെ രാജ്യത്തെ ‘നശിപ്പിക്കാന്‍’ ശ്രമിക്കുന്നതായും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മുമ്പില്ലാത്ത വിധം റഷ്യോഫോബിയ (Russophobia) വ്യാപിച്ചതായും ഐക്യരാഷ്ട്രസഭക്ക് മുന്നില്‍ പറഞ്ഞു.
റഷ്യക്കെതിരായും മറ്റുമുള്ള ഉപരോധ മാര്‍ഗങ്ങളിലൂടെ ലോകത്തെ മുഴുവന്‍ തങ്ങളുടെ കൈവെള്ളയിലൊതുക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും ലോകത്ത് ഏതുകോണില്‍ നടക്കുന്ന ജിയോപൊളിറ്റിക്കല്‍ മാറ്റങ്ങളെയും തങ്ങളുടെ ആധിപത്യത്തിന് നേരെയുള്ള ഭീഷണിയായാണ് വരേണ്യ വര്‍ഗക്കാരായ പാശ്ചാത്യ രാജ്യങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.
”യു.എസിന്റേത് കലര്‍പ്പില്ലാത്ത, വ്യക്തമായ സ്വേച്ഛാധിപത്യമാണ്, അല്ലെങ്കില്‍ അത് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ്. ഏകധ്രുവ ലോകത്തെ തിരികെ കൊണ്ടുവരാനാണ് അവരുടെ ശ്രമം.
ചരിത്രത്തിന്റെ മാര്‍ച്ച് തടയാനാണ് യു.എസിന്റെയും സഖ്യ കക്ഷികളുടെയും ശ്രമം. ശീതയുദ്ധത്തില്‍ ‘വിജയികളായി’ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം, ‘ദൈവത്തിന്റെ ഭൂമിയിലെ ദൂതരാണ്’ തങ്ങള്‍ എന്നാണ് യു.എസ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത, അതൃപ്തിയുള്ള ഏതൊരു രാജ്യത്തിനെതിരെയും എപ്പോഴും എന്തും ചെയ്യാനുള്ള ‘വിശുദ്ധമായ’ അവകാശം തങ്ങള്‍ക്കുണ്ടെന്നാണ് യു.എസ് സ്വയം ധരിച്ചു വെച്ചിരിക്കുന്നത്,” ലാവ്റോവ് പറഞ്ഞു.
ഇറാഖിലും ലിബിയയിലും യു.എസ് നടത്തിയ യുദ്ധങ്ങളെയും റഷ്യന്‍ വിദേശകാര്യ മന്ത്രി നിശിതമായി വിമര്‍ശിച്ചു. ”അമേരിക്കന്‍ തീരങ്ങളില്‍ നിന്നും വളരെ അകലെ, ഇറാഖിലും ലിബിയയിലും അവര്‍ നടത്തിയ അക്രമങ്ങളും യുദ്ധങ്ങളും ഞങ്ങള്‍ ഓര്‍ക്കുന്നുണ്ട്. അവിടത്തെ ആയിരങ്ങളുടെ ജീവനാണ് യു.എസിന്റെ നടപടികള്‍ കാരണം നശിപ്പിക്കപ്പെട്ടത്.
അത് ലോകത്തിന്റെ താല്‍പര്യ പ്രകാരമായിരുന്നില്ല. അമേരിക്കയുടെ സ്വന്തം ഇഷ്ടമായിരുന്നു. മിഡില്‍ ഈസ്റ്റിലാണ് അമേരിക്ക ഇത്തരം സാഹസികതകള്‍ കൂടുതലായും നടത്തുന്നത്, സ്വന്തം രാജ്യത്ത് ഇതിനൊന്നും മുതിരില്ല.
അമേരിക്കയുടെ അക്രമരീതിയിലുള്ള ഇടപെടലുകള്‍ കാരണം ഏതെങ്കിലുമൊരു രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടിട്ടുണ്ടോ, അങ്ങനെ ഒരു രാജ്യത്തിന്റെ പേരെങ്കിലും പറയാനാകുമോ,” ലാവ്‌റോവ് ചോദിക്കുന്നു.
റഷ്യയുടെ അതിര്‍ത്തികളിലേക്ക് നാറ്റോയെ കൊണ്ടുവരുന്നതിലൂടെ ഏഷ്യന്‍ രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കി കീഴടക്കാനാണ് യു.എസ് ലക്ഷ്യമിടുന്നതെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഐക്യരാഷ്ട്രസഭയിലെ ലാവ്‌റോവിന്റെ പ്രസംഗം കൃത്യമായും അമേരിക്കയെ ലക്ഷ്യം വെച്ചുള്ളതായിരുന്നെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ലോകത്തെ സ്വയം പ്രഖ്യാപിത മാസ്റ്ററാ’ണ് (self- proclaimed master of the world) യു.എസ് എന്നാണ് ലാവ്‌റോവ് പ്രസംഗത്തില്‍ പറയുന്നത്.
റഷ്യയുടെ സുരക്ഷക്ക് ഉക്രൈന്‍ ഭീഷണിയുയര്‍ത്തുന്നുവെന്നും റഷ്യയിലേക്കെത്താന്‍ യു.എസ് ഉക്രൈനെ ഉപയോഗിക്കുന്നുവെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി ആരോപിച്ചുവെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുന്‍ സോവിയറ്റ് രാജ്യങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള റഷ്യയുടെ ആശങ്കകള്‍ക്ക് ചെവി കൊടുക്കാന്‍ യു.എസ് വിസമ്മതിച്ചെന്നും റഷ്യക്കെതിരായ നിയമവിരുദ്ധ ഉപരോധം ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ വികസനത്തിന് ഭീഷണിയാണെന്നും പ്രസംഗത്തില്‍ സെര്‍ജി ലാവ്‌റോവ് കൂട്ടിച്ചേര്‍ത്തു.
റഷ്യക്കെതിരായ യു.എസിന്റെയും പാശ്ചാത്യരുടെയും ഉപരോധം യു.എന്‍ ചാര്‍ട്ടറുകള്‍ ലംഘിച്ചുകൊണ്ടുള്ള ഏകപക്ഷീയ, നിയമവിരുദ്ധ തീരുമാനമായിരുന്നു. ഇത് വെറുമൊരു പൊളിറ്റിക്കല്‍ ബ്ലാക്ക്‌മെയില്‍ ടൂളാണ്. ആയിരക്കണക്കിന് ജനങ്ങളുടെ നിത്യജീവിതത്തെയാണ് ഈ ഉപരോധം ബാധിക്കുന്നത്. റഷ്യക്ക് മേല്‍ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കയെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, നേരത്തെ റഷ്യ ഉക്രൈനില്‍ അധിനിവേശ ശ്രമങ്ങള്‍ ആരംഭിച്ച സമയത്ത് അമേരിക്കയടക്കമുള്ള നാറ്റോ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തുകയും പാശ്ചാത്യ മാധ്യമങ്ങള്‍ റഷ്യയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോഴും യു.എസിനെതിരായ കൗണ്ടര്‍ നരേറ്റീവുകളും പുറത്തുവന്നിരുന്നു.
സൊമാലിയയില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങളും യെമനില്‍ ആക്രമണങ്ങള്‍ നടത്താന്‍ സൗദി അറേബ്യയെ യു.എസ് സഹായിക്കുന്നതും വിമര്‍ശകര്‍ എടുത്തുപറഞ്ഞിരുന്നു. ഇതിന് പുറമെ താലിബാനും ഐ.എസ്.ഐ.എസും അല്‍ ഖ്വയിദയുമടക്കമുള്ള തീവ്രവാദ സംഘടനകളുടെ വളര്‍ച്ചക്ക് അമേരിക്കയുടെ ഇടപെടലുകളും തീരുമാനങ്ങളും എത്രത്തോളം കാരണമായെന്നതും ഒരു വിഭാഗമാളുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Content Highlight: Russian foreign minister Sergey Lavrov harsh criticism against America at UN General Assembly session