ആക്രമണം തുടങ്ങിയ ശേഷം ആദ്യമായി റഷ്യ- ഉക്രൈന്‍ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച; ഇരുവരും തുര്‍ക്കിയിലെത്തി
World News
ആക്രമണം തുടങ്ങിയ ശേഷം ആദ്യമായി റഷ്യ- ഉക്രൈന്‍ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച; ഇരുവരും തുര്‍ക്കിയിലെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th March 2022, 12:25 pm

ഇസ്താംബൂള്‍: റഷ്യ ഉക്രൈനില്‍ അധിനിവേശവും ആക്രമണങ്ങളും ആരംഭിച്ച ശേഷം ആദ്യമായി റഷ്യ- ഉക്രൈന്‍ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച നടക്കാനൊരുങ്ങുന്നു.

ട്രൈലാറ്ററല്‍ ചര്‍ച്ചകള്‍ക്ക് വേണ്ടി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയും തുര്‍ക്കിയിലെത്തി.

തുര്‍ക്കി, റഷ്യ, ഉക്രൈന്‍ എന്നീ രാജ്യങ്ങളിലെ ഉന്നത നയതന്ത്ര പ്രതിനിധികള്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇരുവരും തുര്‍ക്കിയിലെ റിസോര്‍ട്ട് പ്രവിശ്യയായ അന്‍ടല്യയില്‍ കഴിഞ്ഞദിവസം എത്തിയത്.

റഷ്യയും ഉക്രൈനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിനുള്ള തുര്‍ക്കിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ചര്‍ച്ചയും നടക്കുന്നത്. അന്‍ടല്യയിലെ ഡിപ്ലോമസി ഫോറത്തില്‍ വെച്ചായിരിക്കും വ്യാഴാഴ്ച ചര്‍ച്ച നടക്കുക.

ചര്‍ച്ച നടക്കുന്നതിന് മുമ്പ് വെവ്വേറെ ഹോട്ടലുകളിലായിട്ടായിരിക്കും രണ്ട് രാജ്യങ്ങളുടെയും നേതാക്കളെ താമസിപ്പിക്കുക.

ഇപ്പോഴത്തെ യുദ്ധത്തിന് ഒരു അവസാനമുണ്ടാകണമെന്ന ആഗ്രഹത്തോടെ റഷ്യയുടെ വിദേശകാര്യ മന്ത്രി ചര്‍ച്ചയെ സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബ പറഞ്ഞു.

”തികഞ്ഞ വിശ്വാസത്തോടുകൂടി അദ്ദേഹം ഈ ചര്‍ച്ചകളെ സമീപിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഒരു പ്രൊപ്പഗാണ്ട മനോഭാവവുമില്ലാതെ, റഷ്യ ആരംഭിച്ച യുദ്ധം എങ്ങനെ സമാധാനപരമായി അവസാനിപ്പിക്കാം എന്ന് ചിന്തിച്ച് ചര്‍ച്ചയെ സമീപിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ കുലേബ പ്രതികരിച്ചു.

തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രി മെവ്‌ലട് കവുസോഗ്‌ലുവായിരിക്കും ചര്‍ച്ചക്ക് നേതൃത്വം നല്‍കുക. റഷ്യക്കും ഉക്രൈനുമിടയില്‍ ശാശ്വതമായ വെടിനിര്‍ത്തല്‍ നടപ്പില്‍ വരുത്തുക എന്നതായിരിക്കും ചര്‍ച്ചയുടെ പ്രധാന ഉദ്ദേശമെന്നാണ് റിപ്പോര്‍ട്ട്.

റഷ്യക്കും ഉക്രൈനുമിടയിലെ ഇപ്പോഴത്തെ പ്രശ്‌നം ഒരു ദുരന്തത്തിലേക്ക് കലാശിക്കാതിരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നേരത്തെ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനും പ്രതികരിച്ചിരുന്നു. ഉക്രൈനുമായും റഷ്യയുമായും അടുത്ത ബന്ധമുള്ള രാജ്യമാണ് തുര്‍ക്കി.

അതേസമയം, റഷ്യയുടെ അധിനിവേശം അംഗീകരിക്കാനാവില്ലെന്ന് എര്‍ദോഗന്‍ പറഞ്ഞിരുന്നെങ്കിലും റഷ്യക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയ പാശ്ചാത്യരാജ്യങ്ങളുടെ നടപടിയെ പിന്തുണക്കുന്നതില്‍ നിന്നും തുര്‍ക്കി വിട്ടുനില്‍ക്കുകയായിരുന്നു.

ഫെബ്രുവരി 24നായിരുന്നു റഷ്യ ഉക്രൈന്‍ അധിനിവേശം ആരംഭിച്ചത്. യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോഴും, സമാധാന ചര്‍ച്ചകള്‍ പലവട്ടം നടന്നിട്ടും ഇരുരാജ്യങ്ങളും ഇതുവരെ സന്ധിയിലെത്തിയിട്ടില്ല.


Content Highlight: Russian Foreign Minister Sergey Lavrov and Ukrainian FM Dmytro Kuleba arrived in Turkey for trilateral talks