റഷ്യന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്ക പദ്ധതിയൊരുക്കുന്നു: ആരോപണവുമായി റഷ്യന്‍ വിദേശകാര്യ സഹമന്ത്രി
മോസ്‌കോ: റഷ്യയുടെ അതിര്‍ത്തിക്കുള്ളില്‍ കടന്നുകയറി അമേരിക്ക വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ജി റിയാബ്‌കോവ്.
അമേരിക്ക റഷ്യക്കെതിരെ സങ്കര യുദ്ധം നടത്തുകയാണെന്നും ഭരണ നേതൃത്വത്തെ അട്ടിമറിക്കാന്‍ പദ്ധതിയൊരുക്കുന്നുവെന്നും സഹമന്ത്രി സെര്‍ജി റിയാബ്‌കോവ് ആരോപിച്ചു. വസ്തുതകളെ അടിസ്ഥാനപ്പെടുത്തി ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തേണ്ടത് അനിവാര്യമാണെന്ന് റിയാബ്‌കോവ് ചൂണ്ടിക്കാട്ടി.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഭരണത്തിനുമെതിരെയായി നടന്ന വാഗ്‌നര്‍ സ്വകാര്യ സൈനിക സംഘത്തിന്റെ കലാപശ്രമം രാഷ്ട്രീയക്കാരും മാധ്യമ സ്ഥാപനങ്ങളും പരസ്യമായി ആഘോഷിച്ചതില്‍ സെര്‍ജി റിയാബ്‌കോവ് അപലപിച്ചു.
സൈനിക സംഘത്തിന്റെ കലാപശ്രമത്തില്‍ പങ്കില്ലെന്ന് അമേരിക്ക നിഷേധിച്ചെങ്കിലും പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കലാപത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാമെന്ന വസ്തുതകള്‍ സ്ഥാപനങ്ങള്‍ പുറത്തിവിട്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 ഫെബ്രുവരിയില്‍ റഷ്യ ഉക്രൈനില്‍ സൈനിക പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം യു.എസും റഷ്യയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് അമേരിക്ക റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ഉക്രൈനിന് പതിനായിരക്കണക്കിന് ഡോളര്‍ സൈനിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പാശ്ചാത്യ നിര്‍മിത ആയുധങ്ങള്‍ ഉക്രൈനിലേക്ക് എത്തിക്കുന്ന യു.എസും മറ്റു നാറ്റോ രാജ്യങ്ങളും യഥാര്‍ത്ഥത്തില്‍ യുദ്ധത്തില്‍ നേരിട്ട് പങ്കാളികളാണെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി പറഞ്ഞു.