മോസ്‌കോ: ഭ്രമണപഥത്തില്‍ ചിത്രീകരിച്ച ആദ്യ സിനിമയുടെ ചിത്രീകരണത്തിന് ശേഷം റഷ്യന്‍ സിനിമാസംഘം ഭൂമിയില്‍ തിരിച്ചെത്തി. 12 ദിവസം നീണ്ട ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ നടത്തിയ ചിത്രീകരണത്തിന് ശേഷം ഞായറാഴ്ചയാണ് അഭിനേത്രിയും സംവിധായകനും ബഹിരാകാശ യാത്രികനുമടങ്ങുന്ന സംഘം കസാഖിസ്ഥാനില്‍ ലാന്‍ഡ് ചെയ്തത്.
റഷ്യന്‍ ബഹിരാകാശയാത്രികന്‍ ഒലെഗ് നൊവിറ്റ്‌സ്‌കി, നടി യൂലിയ പെരെസില്‍ദ്, നിര്‍മാതാവും സംവിധായകനുമായ ക്ലിം ഷിപെന്‍കൊ എന്നിവര്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്നും സൊയുസ് ങട18 സ്‌പേസ് ക്രാഫ്റ്റില്‍ തിരിച്ചെത്തിയ തായി നാസ അറിയിച്ചു.
റഷ്യന്‍ ഹെലികോപ്റ്റര്‍ വഴി കസാഖിസ്ഥാനിലെ കരഗാണ്ടയില്‍ ലാന്‍ഡ് ചെയ്യുന്ന സംഘം അവിടെ നിന്നും റഷ്യയിലെ സ്റ്റാര്‍ സിറ്റിയിലെ യൂറി ഗഗാറിന്‍ കോസ്‌മൊനോട്ട് ട്രെയിനിങ് സെന്ററിലേക്ക് പോകും.
റഷ്യന്‍ സംഘത്തിന്റെ ഈ സിനിമ, അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ച പോലെ തന്നെ പുറത്തിറങ്ങുകയാണെങ്കില്‍ സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌കിന്റെയും നാസയുടെയും സംയുക്ത സഹകരണത്തോടെ ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസ് കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച ‘ബഹിരാകാശ’ സിനിമയെ ഇത് മറികടക്കും.
ഈ മാസം ആദ്യമായിരുന്നു സംഘം സിനിമാ ഷൂട്ടിംഗിനായി ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്ക് പോയത്. ‘ദ ചലഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ബഹിരാകാശയാത്രികന്റെ ജീവന്‍ രക്ഷിക്കുവാനായി ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്ക് പോകുന്ന വനിതാ സര്‍ജന്റെ കഥയാണ് പറയുന്നത്.
സിനിമയുടെ ബഡ്ജറ്റ്, കഥ എന്നിവ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചില യഥാര്‍ത്ഥ ബഹിരാകാശയാത്രികരും സിനിമയില്‍ അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്.
സംഘം ഭൂമിയില്‍ ലാന്‍ഡ് ചെയ്തതും ചിത്രീകരിച്ച് സിനിമയില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളിലൊരാള്‍ എ.എഫ്.പി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.
സിനിമ വിജയിക്കുകയാണെങ്കില്‍ ഇന്ന് ബഹിരാകാശ ഗവേഷണരംഗത്ത് ചൈനയോടും അമേരിക്കയോടും മത്സരിക്കുന്ന റഷ്യയ്ക്ക് ബഹിരാകാശരംഗത്തെ പഴയ സോവിയറ്റ് യൂണിയന്‍ പ്രതാപത്തിലേക്ക് തിരിച്ചു പോകാനുള്ള അവസരം കൂടിയായിരിക്കും അത്.