മോസ്‌കോ: എല്‍.ജി.ബി.ടി.ക്യു ഉള്ളടക്കമുള്ള വീഡിയോ പ്രസിദ്ധീകരിച്ചതിന് ടിക് ടോക്കിന് 40.77 ലക്ഷം രൂപ പിഴ ചുമത്തി റഷ്യ. എല്‍.ജി.ബി.ടി .ക്യു(ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ക്വിയര്‍) ഉള്ളടക്കമുള്ള വീഡിയോ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടിട്ടും നടപ്പാക്കാത്തതിനാണ് റഷ്യന്‍ കോടതി ചൊവ്വാഴ്ച ടിക് ടോക്കിന് പിഴ ചുമത്തിയത്.
റഷ്യന്‍ വാര്‍ത്താവിനിമയ നിയന്ത്രണ വിഭാഗമായ റോസ്‌കോംനാഡ്സറിന്റെ പരാതിയെത്തുടര്‍ന്ന് മോസ്‌കോയിലെ ടാഗന്‍സ്‌കി ഡിസ്ട്രിക്റ്റ് കോടതിയുടേതാണ് നടപടി. 30 ലക്ഷം റൂബിള്‍ (ഏകദേശം 40,77,480 രൂപ) ആണ് ടിക് ടോക് പിഴയായി അടക്കേണ്ടത്.
ഇതിനോടൊപ്പം തന്നെ ഉക്രൈനിലെ രാഷ്ട്രീയ നേതാവിന്റെ അഭിമുഖം സംപ്രേക്ഷണം ചെയത ആമസോണിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമായ ട്വിച്ചിനെതിരെയും വ്യാജമായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ കോടതി പിഴ ചുമത്തിയിട്ടുണ്ട്.
ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ ഉപദേശകനായ ഒലെക്‌സി അരെസ്‌റ്റോവിച്ചിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്തതിനാണ് റഷ്യന്‍ കോടതി ട്വിച്ചിനെതിരെ 55.41 ലക്ഷം രൂപ പിഴ ചുമത്തിയത്. അരെസ്‌റ്റോവിച്ചിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്തതിന് ഇതിന് മുമ്പും കോടതി ട്വിച്ചിന് പിഴ ചുമത്തിയിരുന്നു.
ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്ക്. എന്നാല്‍ കോടതി ഉത്തരവിനോട് കമ്പനി ഇതുവരെ പ്രതികരിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
എല്‍.ജി.ബി.ടി.ക്യു, റാഡിക്കല്‍ ഫെമിനിസം, പരമ്പരാഗത ലൈംഗിക ബന്ധങ്ങളെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാട് എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനെതിരായ റഷ്യന്‍ നിയമങ്ങള്‍ കമ്പനി ലംഘിച്ചതായി കോടതി കണ്ടെത്തുകയായിരുന്നു. ഈ വര്‍ഷം ആദ്യമാണ് ടിക് ടോക്ക് പ്രസ്തുത വിഡിയോ പ്രസിദ്ധീകരിച്ചത്.
അതിനിടെ, ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ റഷ്യന്‍ സര്‍ക്കാര്‍ ശക്തമാക്കി. റോസ്‌കോംനാഡ്സറിന്റെ പരാതിയില്‍ വാട്‌സാപ്പിനും സ്നാപ്ചാറ്റിനും ഈ വര്‍ഷം ആദ്യം കോടതി പിഴ ചുമത്തിയിരുന്നു. ഡേറ്റിങ് ആപ്പായ ടിന്‍ഡറിന്റെ ഉടമസ്ഥതയിലുള്ള സ്പോട്ടിഫൈ, മാച്ച് ഗ്രൂപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ക്കും റഷ്യ പിഴ ചുമത്തിയിട്ടുണ്ട്.