| Thursday, 14th December 2023, 8:16 pm

അമേരിക്കന്‍ റിപ്പോര്‍ട്ടറിനെതിരെയുള്ള ചാരവൃത്തി ആരോപണം; തടവുശിക്ഷ കാലയളവ് നീട്ടി റഷ്യന്‍ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ചാരവൃത്തി ആരോപിച്ച് തടവിലാക്കപ്പെട്ട അമേരിക്കന്‍ റിപ്പോര്‍ട്ടറുടെ മോചനത്തിനായുള്ള അപ്പീല്‍ തള്ളി റഷ്യന്‍ കോടതി. കേസുമായി ബന്ധപ്പെട്ട വിചാരണ പൂര്‍ത്തിയാകാത്തതിനാല്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ മോസ്‌കോ ലേഖകനായ ഇവാന്‍ ഗെര്‍ഷ്‌കോവിച്ച് വരുന്ന വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

രാജ്യത്തിന്റെ സുരക്ഷാ ചൂണ്ടിക്കാട്ടി ഇവാന്‍ ഗെര്‍ഷ്‌കോവിച്ചിനെ റഷ്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ തടവിലാക്കിയിരിക്കുകയാണ്. എന്നാല്‍ റഷ്യന്‍ സര്‍ക്കാര്‍ ആരോപിച്ച കുറ്റങ്ങള്‍ ഇവാന്‍ ഗെര്‍ഷ്‌കോവിച്ചും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റും വാള്‍ സ്ട്രീറ്റ് ജേര്‍ണലും നിഷേധിക്കുകയുണ്ടയി.

രാജ്യത്തെ ആയുധനിര്‍മാണ ശാലയെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ലഭിക്കാന്‍ ശ്രമിച്ചുവെന്നതാണ് റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് റിപ്പോര്‍ട്ടറിനെതിരെ ഉയര്‍ത്തുന്ന ആരോപണം. വിചാരണക്ക് ശേഷം കുറ്റം തെളിഞ്ഞാല്‍ ഗെര്‍ഷ്‌കോവിച്ച് 20 വര്‍ഷം തടവ് അനുഭവിക്കേണ്ടിവരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗെര്‍ഷ്‌കോവിച്ചിന്റെ വിചാരണക്ക് മുമ്പുള്ള തടവുശിക്ഷ 2024 ജനുവരി 30 വരെ നീട്ടണമെന്ന പ്രോസിക്യൂഷന്റെ വാദം ശരിവെച്ചുകൊണ്ട് മോസ്‌കോ സിറ്റി കോടതി ഇവാന്റെ അപ്പീല്‍ നിരസിച്ചു.

ഇവാന്‍ 250 ദിവസത്തിലേറെയായി തടവുശിക്ഷ അനുഭവിക്കുന്നതെന്നും ചെയ്യാത്ത കുറ്റത്തിന് എട്ട് മാസത്തിലേറെയായി അദ്ദേഹത്തിന്റെ ജീവിതം റഷ്യന്‍ സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും യു.എസ് അംബാസിഡര്‍ ലിന്‍ ട്രേസി പറഞ്ഞു. റഷ്യന്‍ അധികാരികള്‍ ഇവാനെ രാഷ്ട്രീയപരമായ ഒരു പണയക്കാരനായി ഉപയോഗിക്കാന്‍ തെരഞ്ഞെടുത്തത് സ്വീകാര്യമല്ലെന്നും ട്രേസി കൂട്ടിച്ചേര്‍ത്തു.

ജയിലില്‍ കഴിയുന്ന ഗെര്‍ഷ്‌കോവിച്ചിനും മുന്‍ യു.എസ് മറൈന്‍ സെക്യൂരിറ്റി എക്സിക്യൂട്ടീവായ പോള്‍ വീലനും അടക്കമുള്ള തടവുകാരെ കൈമാറുന്നത് സംബന്ധിച്ച് യു.എസുമായി ഒരു കരാറിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തടവുകാര്‍ക്ക് മേല്‍ ചുമത്തപ്പെട്ടിട്ടുള്ള ചാരവൃത്തിയടക്കമുള്ള ചാര്‍ജുകളിലുള്ള ഇളവുകളും ചര്‍ച്ച ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Content Highlight: Russian court extends American reporter’s prison term on espionage charges

Latest Stories

We use cookies to give you the best possible experience. Learn more