ഭഗവത്ഗീത നിരോധിക്കണമെന്ന ഹരജി റഷ്യന്‍ കോടതി തള്ളി
India
ഭഗവത്ഗീത നിരോധിക്കണമെന്ന ഹരജി റഷ്യന്‍ കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st March 2012, 8:03 am

മോസ്‌കോ: ഭഗവത് ഗീതയുടെ പരിഭാഷ റഷ്യയില്‍ നിരോധിക്കണമെന്ന ഹരജി റഷ്യന്‍ കോടതി തള്ളി. തോംസ്‌ക് എന്ന സിബിരിയന്‍ നഗരത്തിലെ ജില്ലാകോടതിയാണ് ഹരജി തള്ളിയത്.

ഇന്തര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നസിന്റെ സ്ഥാപകനായ ഭക്തിവേദാനന്ദസ്വാമി പ്രഭുദേവ എഴുതിയ ഭഗവത്ഗീതയുടെ പരിഭാഷ നിരോധിക്കണമെന്നാവശ്യപ്പെട്ട് തോംസ്‌കിലെ പ്രോസിക്യൂട്ടര്‍മാരാണ് കോടതിയെ സമീപിച്ചത്. നേരത്തെ കീഴ്‌ക്കോടതിയില്‍ ഇവര്‍ ഇത് സംബന്ധിച്ച ഹരജി നല്‍കിയിരുന്നു. ഹരജി തള്ളിക്കൊണ്ടുള്ള കീഴ്‌ക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലാണ് ജില്ലാകോടതി തള്ളിയിരിക്കുന്നത്.

കീഴ്‌ക്കോടതിയുടെ വിധിയെ മേല്‍ക്കോടതി ശരിവെയ്ക്കുകയായിരുന്നെന്ന് ഐ.എസ്.കെ.സി.ഒ.എന്‍ ഡയറക്ടര്‍ ബിജേന്ദ്ര നന്ദന്‍ ദാസ് പറഞ്ഞു. റഷ്യന്‍ നീതിന്യായവ്യവസ്ഥയോട് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യയുടെ റഷ്യന്‍ അംബാസിഡര്‍ അജയ് മല്‍ഹോത്ര പറഞ്ഞു.

നേരത്തെ ഡിസംബര്‍ 28ന് കീഴ്‌ക്കോടതി ഇത് സംബന്ധിച്ച ഹരജി തള്ളിയപ്പോള്‍ ഇന്ത്യ ആവിധിയെ വൈകാരികമായ പ്രശ്‌നത്തിന് വിവേകമുള്ള പരിഹാരം എന്ന് പറഞ്ഞാണ് സ്വീകരിച്ചത്.

2011 ജൂണിലാണ് ഭഗവത് ഗീത നിരോധിക്കണമെന്നാവശ്യപ്പെട്ട് റഷ്യന്‍കോടതിയില്‍ ഹരജി നല്‍കിയത്. ഇത് ലോകമെമ്പാടും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ റഷ്യയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

1788ലാണ് റഷ്യയില്‍ ഭഗവത് ഗീത പ്രസിദ്ധീകരിച്ചത്. അതിനുശേഷം വിവിധ ഭാഷകളില്‍ നിരവധി തവണ ഭഗവത്ഗീത പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്.

Malayalam news

Kerala news in English