” ആധുനിക മന:ശ്ശാസ്ത്രത്തിന് തറക്കല്ലിട്ടത് ഞാനാണെന്നാണോ നിങ്ങളുടെ വിചാരം?” ദസ്തയോവ്‌സ്‌കിയെ വായിച്ചിട്ടുള്ള എത്രയോ പേര്‍ ഒരുപക്ഷേ ഇതിനകം ചോദിച്ചിട്ടുള്ള ചോദ്യം തന്നെയല്ലേ ഇത്. ദസ്തയോവ്‌സ്‌കി, തന്നെ ഒരു പാട് കാര്യങ്ങള്‍ പഠിപ്പിച്ചതായി അദ്ദേഹം ഏറ്റുപറയുന്നു. തുടര്‍ന്ന് ഫ്രോയ്ഡ്, ദസ്തയോവ്‌സ്‌കിയുടെ കഥാപാത്രങ്ങളിലേക്കും അതിലൂടെ ദസ്തയോവ്‌സ്‌കിയിലേക്കും വെളിച്ചം വീശിക്കൊണ്ട് ഒരു മനോസഞ്ചാരം നടത്തുന്നു . ദസ്തയേവ്‌സ്‌കിയിലെ മന:ശ്ശാസ്ത്രജ്ഞനെ അന്വേഷിക്കുന്നവര്‍ക്കുള്ള ഒരുപാട് സൂചനകള്‍, ഫ്രോയ്ഡ് ചെറുതെങ്കിലും നിര്‍ണായകമായ തന്റെ പ്രഭാഷണത്തിലൂടെ ഇവിടെ നല്‍കുന്നു.
| പുസ്തകസഞ്ചി / രാജേഷ് കണക്കത്ത് |
പുസ്തകം : റഷ്യന്‍ ക്രിസ്തു ( നോവല്‍ )
പേജുകള്‍ : 214
പ്രസാധകര്‍: ബുക്കര്‍മേന്‍, ഇടപ്പള്ളി
രേഖാ ചിത്രങ്ങള്‍: ഷാജി അപ്പുക്കുട്ടന്‍
വില : 200
ഒരുവന്റെ വ്യക്തിപരമായ സന്തുഷ്ടി, മറ്റുള്ളവരുടെ അസന്തുഷ്ടിയില്‍ നിന്നുമാണോ ഉണ്ടാകേണ്ടത് എന്ന് പ്രശസ്തമായ പുഷ്‌കിന്‍ അനുസ്മരണ പ്രഭാഷണത്തില്‍ ദസ്തയോവ്‌സ്‌കി ചോദിച്ചിട്ടുണ്ട്. മനുഷ്യ മനസ്സിന്റെ കടലാഴങ്ങള്‍ അറിയുവാനും അറിയിക്കുവാനും നിയോഗിക്കപ്പെട്ട ഒരാള്‍ക്ക് മാത്രം എയ്യുവാന്‍ കഴിയുന്ന ധാര്‍മ്മികമായ ചോദ്യം ! പ്രഭാഷണം കേട്ടിരുന്ന സകലരും ഈ ചോദ്യം കേട്ടതോടെ വൈകാരികമായി ഇളകി മറിഞ്ഞു എന്ന് ചരിത്രം പറയുന്നു.
പ്രഭാഷണം അവസാനിച്ചപ്പോള്‍ അതുവരെ ശത്രുക്കളായിരുന്നവര്‍ കണ്ണീരോടെ ആലിംഗനം ചെയ്യുന്ന കാഴ്ചകള്‍ കാണുമാറായി. ദീര്‍ഘകാലം വൈരത്തിലിരുന്ന രണ്ട് വൃദ്ധര്‍ പരിസരബോധം മറന്ന് തന്നെ എടുത്തുയര്‍ത്തിയെന്ന് ദസ്തയോവ്‌സ്‌കി അന്നയ്ക്ക് അയച്ച കത്തില്‍ അഭിമാനത്തോടെ എഴുതി. യഥാര്‍ത്ഥ സ്‌നേഹത്തിലേക്കുള്ള പാതയിലെത്തുവാന്‍, ഓരോരുത്തരും സ്വന്തം ഹൃദയത്തെ നിരന്തരം വിശുദ്ധീകരിക്കേണ്ടതുണ്ട് എന്ന് തന്റെ അനിതരസാധാരണമായ ശൈലിയിലൂടെ, ലോകജനതയെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്ന, യുഗപ്രഭാവനായ ആ കവിയ്ക്കുള്ള കൃതജ്ഞതാഭരിതമായ ഒരു പ്രണാമമാണ് വേണു വി ദേശത്തിന്റെ “റഷ്യന്‍ ക്രിസ്തു”.
ആഖ്യാനശൈലി കൊണ്ട് യഥാതഥമായും, കഥാപാത്രങ്ങളുടെ അനന്യമായ തെരഞ്ഞെടുപ്പിനാല്‍ കാവ്യാത്മകമായും അസ്ഥിത്വം തേടുന്ന ഈ നോവല്‍ ഒരു കൊച്ചു കുട്ടിക്ക് പോലും വായിക്കാവുന്ന തരത്തില്‍ അതീവ ലളിതമായും, സത്യാന്വേഷികളെ ഒരു ചുവടെങ്കിലും മുന്നോട്ട് നയിക്കുന്ന തരത്തില്‍ ആദര്‍ശാത്മകമായും രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നു. സാഹിത്യ കുതുകികളായ ദസ്തയോവ്‌സ്‌കിയന്‍ ആരാധകരാകട്ടെ തങ്ങള്‍ കാത്തിരുന്ന ഒരു കൃതി ഇതിലൂടെ കൈവന്നതില്‍ പുളകിതരാകുകയും ചെയ്യും.
നെടുങ്കന്‍ ആത്മഗതങ്ങളൊഴിവാക്കിക്കൊണ്ട് (അധോതലത്തില്‍ നിന്നുള്ള കുറിപ്പുകളിലെ ആദ്യഭാഗം അവിശ്വസനീയതയോടെ ഓര്‍ത്തു പോകുന്നു ) ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും റഷ്യന്‍ ക്രിസ്തുവിനെക്കുറിച്ചുള്ള തങ്ങളുടെ സാക്ഷ്യം ഹ്രസ്വമായി പറഞ്ഞു പോകുന്ന രീതിയിലാണ് ഓരോ അധ്യായവും സൃഷ്ടിച്ചിരിക്കുന്നത്.
ഏത് അധ്യായവും ക്രമം തെറ്റി വായിക്കാനുള്ള അരാജകമായ സ്വാതന്ത്ര്യം ഈ ഘടന വായനക്കാര്‍ക്കു നല്‍കുന്നുണ്ട്. ഓരോ കഥാപാത്രവും സ്വന്തം നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ, വൈകാരികതകള്‍ ഒരിക്കലുമില്ലാതെ, ദസ്തയോവ്‌സ്‌കിയെക്കുറിച്ച് ആത്മഗതം ചെയ്യെ തന്നെ, സൂക്ഷ്മമായി തങ്ങളുടെ അസ്ഥിത്വം കൂടി പ്രകാശിപ്പിക്കാന്‍ ശ്രമം നടത്തുന്ന രസകരമായ കാഴ്ച ഇതിലുണ്ട്.
ഒരു പക്ഷേ ദസ്തയോവ്‌സ്‌കിയോളം തന്നെ അദ്ദേഹത്തിന്റെ ആരാധകര്‍ അന്നയേയും സ്‌നേഹിക്കുന്നു. കാരണം അവരില്ലായിരുന്നുവെങ്കില്‍ ആ മഹനീയമായ കാവ്യജീവിതം ജീവിതത്തിന്റെ കടല്‍ ക്ഷോഭങ്ങളില്‍ എന്നേ നഷ്ടപ്പെടുമായിരുന്നു. അധ്യായങ്ങളില്‍ ഏറ്റവും ഹൃദ്യമായി തോന്നിയതും അന്നയുടെ ആത്മഗതം തന്നെ. നോവലിസ്റ്റിന് ഏറ്റവും തൃപ്തി നല്‍കിയ അധ്യായവും അതായിരിക്കുമോ?
നോവലിസ്റ്റിന്റെ ക്ഷണം സ്വീകരിച്ചെത്തുന്ന സിഗ്മണ്ട് ഫ്രോയ്ഡ് ഇങ്ങനെ ചോദിച്ചു കൊണ്ട് തുടങ്ങുന്നു, ” ആധുനിക മന:ശ്ശാസ്ത്രത്തിന് തറക്കല്ലിട്ടത് ഞാനാണെന്നാണോ നിങ്ങളുടെ വിചാരം?” ദസ്തയോവ്‌സ്‌കിയെ വായിച്ചിട്ടുള്ള എത്രയോ പേര്‍ ഒരുപക്ഷേ ഇതിനകം ചോദിച്ചിട്ടുള്ള ചോദ്യം തന്നെയല്ലേ ഇത്. ദസ്തയോവ്‌സ്‌കി, തന്നെ ഒരു പാട് കാര്യങ്ങള്‍ പഠിപ്പിച്ചതായി അദ്ദേഹം ഏറ്റുപറയുന്നു.
തുടര്‍ന്ന് ഫ്രോയ്ഡ്, ദസ്തയോവ്‌സ്‌കിയുടെ കഥാപാത്രങ്ങളിലേക്കും അതിലൂടെ ദസ്തയോവ്‌സ്‌കിയിലേക്കും വെളിച്ചം വീശിക്കൊണ്ട് ഒരു മനോസഞ്ചാരം നടത്തുന്നു . ദസ്തയേവ്‌സ്‌കിയിലെ മന:ശ്ശാസ്ത്രജ്ഞനെ അന്വേഷിക്കുന്നവര്‍ക്കുള്ള ഒരുപാട് സൂചനകള്‍, ഫ്രോയ്ഡ് ചെറുതെങ്കിലും നിര്‍ണായകമായ തന്റെ പ്രഭാഷണത്തിലൂടെ ഇവിടെ നല്‍കുന്നു. അതെ, എഴുത്തുകാരിലെ മന:ശ്ശാസ്ത്രജ്ഞന് ഒരു ഫ്രോയ്ഡിയന്‍ പ്രണാമം.
നിന്ദിതരും പീഡിതരും എന്ന നോവലില്‍ നിന്നും നായകനായ വാനിയ നമുക്ക് മുന്നിലെത്തുന്നത് ഏറ്റവും ശ്രദ്ധേയമായ ഒരു നിരീക്ഷണത്തോടെയാണ്. “ജീവിത നൗക തകര്‍ന്നവരെ മാത്രമേ ദസ്തയോവ്‌സ്‌കി കാണുന്നുള്ളു. അതാണ് അദ്ദേഹത്തിന്റെ ആനന്ദം “ദസ്തയോവ്‌സ്‌കിയുടെ കാവ്യജീവിതത്തെ ഹൃദയം കൊണ്ട് സ്പര്‍ശിക്കുന്ന ഇത്തരം സൂക്ഷ്മ നിരീക്ഷണങ്ങള്‍കൊണ്ട് സമ്പന്നമാണ് ഓരോ അധ്യായവും.
അന്ന! ഒരു പക്ഷേ ദസ്തയോവ്‌സ്‌കിയോളം തന്നെ അദ്ദേഹത്തിന്റെ ആരാധകര്‍ അന്നയേയും സ്‌നേഹിക്കുന്നു. കാരണം അവരില്ലായിരുന്നുവെങ്കില്‍ ആ മഹനീയമായ കാവ്യജീവിതം ജീവിതത്തിന്റെ കടല്‍ ക്ഷോഭങ്ങളില്‍ ( പ്രയോഗത്തിന് കടപ്പാട്: വേണു വി ദേശം) എന്നേ നഷ്ടപ്പെടുമായിരുന്നു. അധ്യായങ്ങളില്‍ ഏറ്റവും ഹൃദ്യമായി തോന്നിയതും അന്നയുടെ ആത്മഗതം തന്നെ. നോവലിസ്റ്റിന് ഏറ്റവും തൃപ്തി നല്‍കിയ അധ്യായവും അതായിരിക്കുമോ?
ആഖ്യാനത്തിലെ യഥാതഥ ശൈലി ഇവിടെ കാവ്യാത്മകമാകുന്നു. “സഹനത്തിന്റെ സമുദ്രങ്ങള്‍ താണ്ടിയ ആ മനുഷ്യനില്‍ ഞാന്‍ ചാരി നിന്നു” എന്ന് അന്ന. എങ്ങിനെയാണ് ലോകം കണ്ട ഏറ്റവും ഭ്രാന്തമായ ഭാവനയുള്ള എഴുത്തുകാരനെ അന്ന സഹിച്ചത് എന്ന ചോദ്യത്തിന് ഈ അധ്യായത്തില്‍ കൃത്യമായ ഉത്തരമുണ്ട്.
ദസ്തയോവ്‌സ്‌കി സ്വയം ഒരു ആത്മഗതത്തിന് നോവലില്‍ എത്തുന്നില്ല എന്ന സവിശേഷതയുണ്ട്, ദൈവം പോലും എത്തുന്നുണ്ടെങ്കിലും. ഓഷോയുടെയും ലെനിന്റെയുമെല്ലാം ആത്മഗതങ്ങളിലൂടെ ഒരേ സമയം ദാര്‍ശനികവും രാഷ്ട്രീയവുമായ അതിര്‍വരമ്പുകള്‍ കൂടി നോവലിസ്റ്റ് ഇവിടെ സര്‍ഗ്ഗാത്മകമായി മായ്ച്ചിടുന്നു. ഒപ്പം ലോകം കണ്ട ഏറ്റവും പ്രതിഭാധനനായ ഒരെഴുത്തുകാരനെക്കുറിച്ച് തുടര്‍ ചര്‍ച്ചകള്‍ക്കും, തുടരന്വേഷണങ്ങള്‍ക്കും വേദിയൊരുക്കുക കൂടി ചെയ്യുന്നു സൗമ്യമായി, ദീപ്തമായി.
വികാരവിക്ഷുബ്ധത പ്രതീക്ഷിക്കുന്ന വായനക്കാരെ ഈ നോവല്‍ ആകര്‍ഷിക്കണമെന്നില്ല. വായനക്കാരുടെ ഭാവനയില്‍ വിശ്വാസമര്‍പ്പിക്കുകയും അതിനെ മഹത്വപ്പെടുത്തുകയും ചെയ്യുന്ന നോവലിസ്റ്റിന്റെ സമീപനം നോവലിനെ എളിമയുള്ളതിനോടൊപ്പം ധന്യവുമാക്കുന്നു. ഷാജി അപ്പുക്കുട്ടന്റെ അനാര്‍ഭാടമെന്നാല്‍ സന്ദര്‍ഭോചിതമായ ചിത്രണം വായനയെ കൂടുതല്‍ ഹൃദ്യമാക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.