| Thursday, 3rd March 2022, 11:37 am

ചെല്‍സിയെ വില്‍ക്കാനൊരുങ്ങി റഷ്യന്‍ ശതകോടീശ്വരന്‍ റോമന്‍ അബ്രമോവിച്; വില്‍പനത്തുക ഉക്രൈനിലെ റഷ്യന്‍ ആക്രമണത്തിന്റെ ഇരകള്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് ചെല്‍സിയെ വില്‍ക്കാനൊരുങ്ങി റഷ്യന്‍ ശതകോടീശ്വരനായ റോമന്‍ അബ്രമോവിച്. ഉക്രൈന്‍ റഷ്യ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ക്ലബ് ഉടമസ്ഥനായ അബ്രമോവിച് നിര്‍ണായക തീരുമാനമെടുത്തത്.

വില്‍പനത്തുക മുഴുവനായും ഉക്രൈനിലെ റഷ്യന്‍ ആക്രമണത്തിന്റെ ഇരകള്‍ക്കുവേണ്ടി നല്‍കുമെന്നും അബ്രമോവിച് വ്യക്തമാക്കി. ബുധനാഴ്ചയായിരുന്നു അദ്ദേഹം നിര്‍ണായക തീരുമാനം പുറത്തുവിട്ടത്.

റഷ്യയില്‍ നിന്നുള്ള ബിസിനസുകാര്‍ക്ക് ഉപരോധമേര്‍പ്പെടുത്താന്‍ ബ്രിട്ടണ് മേല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദമുള്ള സാഹചര്യത്തില്‍ കൂടിയാണ് അബ്രമോവിചിന്റെ നീക്കം.

തന്റെ ടീമിനോട് ഒരു ചാരിറ്റി ഫൗണ്ടേഷന് രൂപം നല്‍കാന്‍ നിര്‍ദേശം നല്‍കിയതായും അബ്രമോവിച് പ്രസ്താവനയില്‍ പറഞ്ഞു. ഇതിലൂടെയായിരിക്കും ഉക്രൈനികള്‍ക്ക് സഹായമെത്തിക്കുക.

യുദ്ധത്തില്‍ നിന്നുള്ള ഉക്രൈനിന്റെ ദീര്‍ഘകാല റിക്കവറിക്ക് വേണ്ട സാമ്പത്തിക പിന്തുണയും അടിയന്തര സഹായം വേണ്ട ഉക്രൈനിലെ ആക്രമണ ഇരകള്‍ക്ക് വേണ്ട ഫണ്ടിങ്ങും ചാരിറ്റി ഫൗണ്ടേഷനിലൂടെ നടപ്പിലാക്കാനാണ് തീരുമാനം.

എന്നാല്‍ ധൃതിയില്‍ ക്ലബ് വില്‍പന നടത്തില്ലെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ച് തന്നെയായിരിക്കും വില്‍പനയെന്നും അബ്രമോവിച് വ്യക്തമാക്കി.

കഴിഞ്ഞ 20 വര്‍ഷത്തോളമായി അബ്രമോവിചിന്റെ ഉടമസ്ഥതയിലാണ് ചെല്‍സി. 2003ലായിരുന്നു 190 മില്യണ്‍ ഡോളറിന് ചെല്‍സിയെ സ്വന്തമാക്കിയത്. ഇന്ന് മൂന്ന് ബില്യണ്‍ ഡോളറിലധികം ആസ്തിയാണ് ക്ലബിനുള്ളത്.

അതേസമയം, അബ്രമോവിച് അടക്കമുള്ള രാജ്യത്തെ റഷ്യന്‍ കോടീശ്വരന്മാര്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തണമെന്ന ആവശ്യം ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

നേരത്തെ റഷ്യന്‍ ബാങ്കുകള്‍ക്കും പുടിനുമായി അടുത്ത ആളുകള്‍ക്കും ബ്രിട്ടണില്‍ സ്വത്തുക്കളുള്ള റഷ്യന്‍ ധനികര്‍ക്കും മേല്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നു.


Content Highlight: Russian billionaire Roman Abramovich to sell Chelsea FC will donate to Victims in Ukraine

We use cookies to give you the best possible experience. Learn more