| Wednesday, 20th November 2024, 5:41 pm

ആണവായുധ ഭീഷണിയുമായി റഷ്യ; ആശങ്കയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: റഷ്യ ആണവായുധ നയത്തില്‍ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഭീതിയില്‍  യൂറോപ്യന്‍ രാജ്യങ്ങള്‍. അമേരിക്കന്‍ നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാന്‍ ബൈഡന്‍ ഭരണകൂടം ഉക്രൈന് അനുമതി നല്‍കിയതോടെയാണ് ആണവനയത്തില്‍ മാറ്റം വരുത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്.

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരായ റഷ്യയുടെ ഹൈബ്രിഡ് യുദ്ധ ആഹ്വാനത്തില്‍ ആശങ്കയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് പുടിന്‍ റഷ്യയുടെ ആണവനയത്തില്‍ മാറ്റം വരുത്തിയത്. പുതിയ നയപ്രകാരം രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ റഷ്യക്ക് അനുമതി ഉണ്ട്. അതിനാല്‍ ഇനി റഷ്യക്ക് നേരെയുണ്ടാകുന്ന ഏത് ആക്രമണങ്ങള്‍ക്കും തിരിച്ചടി നല്‍കാന്‍ റഷ്യക്ക് ആണവായുധങ്ങള്‍ ഉപയോഗിക്കാം.

ഉക്രൈനില്‍ നിന്നുള്ള വ്യോമാക്രമണം കടുപ്പിച്ചതോടെ ആണവായുധം ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ നയപ്രഖ്യാപനം ഉണ്ടാവുന്നത്.

എന്നാല്‍ റഷ്യയുടെ നയമാറ്റത്തില്‍ ആശങ്കയിലായിരിക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ജാഗ്രതയോടെയിരിക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. യുദ്ധത്തിന് എങ്ങനെ തയ്യാറെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ലഘുലേഖകള്‍ പല രാജ്യങ്ങളും പൗരന്മാര്‍ക്ക് കൈമാറിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സ്വീഡനും ഡെന്മാര്‍ക്കുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടും.

അതേസമയം വ്യോമാക്രമണ ഭീഷണിയെത്തുടര്‍ന്ന് ഉക്രൈനിലെ കീവിലെ യു.എസ് എംബസി അടച്ചുപൂട്ടിയിരുന്നു. എംബസി പൂട്ടിയ വിവരം പുറത്തുവിട്ട യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എംബസി ഉദ്യോഗസ്ഥരോട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉക്രൈന് യു.എസ് നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍റഷ്യയില്‍ പ്രയോഗിക്കാന്‍ അനുമതി നല്‍കിയത്.

പ്രസിഡന്റ് പദവിയില്‍ നിന്ന് പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കവെയാണ് ബൈഡന്‍ ഈ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഇനിയങ്ങോട്ടുള്ള യുദ്ധത്തില്‍ ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിച്ച് യുദ്ധത്തില്‍ മേല്‍ക്കൈ നേടാന്‍ ഉക്രൈന് സാധിക്കും എന്ന കണക്ക് കൂട്ടലിലായിരുന്നു അമേരിക്ക.

Content Highlight: Russia with nuclear threat; European countries are worried

We use cookies to give you the best possible experience. Learn more