മോസ്‌കൊ: രാജ്യത്തെ ജനനനിരക്ക് കുത്തനെ ഇടിയുന്നത് നിയന്ത്രിക്കാന്‍ പുതിയ പദ്ധതികളുമായി റഷ്യ. ‘മിനിസ്ട്രി ഓഫ് സെക്‌സ്’ മന്ത്രാലയം ആരംഭിക്കാന്‍ റഷ്യ ആലോചന നടത്തുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
തിരക്കിട്ട ജോലിക്കിടയിലും സമയം കണ്ടെത്തി പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പുതിയ നീക്കം.
മന്ത്രാലയ രൂപീകരണം സംബന്ധിച്ച നിവേദനം റഷ്യന്‍ പാര്‍ലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷന്‍ സമിതി അധ്യക്ഷ നിന ഒസ്റ്റാനിയയുടെ പരിഗണനയിലാണെന്ന് യു.കെ മാധ്യമമായ മിററിനെ ഉദ്ധരിച്ച് ഇ.ടി റിപ്പോര്‍ട്ട് ചെയ്തു.
വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കണം എന്നതാണ് പ്രധാന നിര്‍ദേശം. ഈ ശമ്പളം വീട്ടമ്മമാരുടെ പെന്‍ഷനിലേക്ക് വകയിരുത്താനും നിര്‍ദേശമുണ്ട്.
രാത്രി 10 മണി മുതല്‍ പുലര്‍ച്ച രണ്ട് വരെ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കണമെന്നും നിവേദനത്തില്‍ പറയുന്നു. ഇതിനായി നിര്‍ദേശിച്ച സമയങ്ങളില്‍ പങ്കാളികള്‍ വീടുകളിലെ ലൈറ്റ് ഓഫ് ചെയ്യണമെന്നും ഇന്റര്‍നെറ്റ് വിച്ഛേദിക്കണമെന്നും പറയുന്നു.
പങ്കാളികള്‍ക്ക് സ്‌നേഹം പങ്കിടുന്നതിനും യാത്രകള്‍ പോകുന്നതിനും സാമ്പത്തിക സഹായം നല്‍കുന്നതും പുടിന്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പങ്കാളികളുടെ ആദ്യ ഡേറ്റിന് 4395 ഇന്ത്യന്‍ രൂപ നല്‍കാനാണ് നിര്‍ദേശം.
പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കുന്നതിനായി റഷ്യന്‍ പ്രവിശ്യകളും ഏതാനും പദ്ധതികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
നിര്‍ദേശങ്ങള്‍ പ്രവര്‍ത്തികമാക്കുമെന്ന് പ്രാദേശിക ആരോഗ്യമന്ത്രി യെവ്ഗനി ഷെസ്‌തോപാലോവ് പറഞ്ഞു. പൊതുഇടങ്ങളില്‍ ചായ, ഉച്ചഭക്ഷണ ഇടവേളകള്‍ പങ്കാളികളുടെ അടുപ്പത്തെ ഉത്തേജിപ്പിക്കുന്നതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ പുടിന്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സൗജന്യ പ്രത്യുല്‍പാദനശേഷി പരിശോധനാ സൗകര്യം തയ്യാറാക്കിയിട്ടുണ്ട്. കണക്കുകള്‍ പ്രകാരം 20,000 ത്തിലധികം സ്ത്രീകള്‍ ഈ സേവനം ഉപയോഗപ്രദമാക്കിയിട്ടുണ്ട്.
റഷ്യയും ഉക്രൈയിനും തമ്മിലുള്ള യുദ്ധം രൂക്ഷമായതിന് പിന്നാലെ ഇരുരാജ്യങ്ങളിലും നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്.
യുദ്ധത്തെ തടുര്‍ന്ന് റഷ്യയിലെ ജനനനിരക്കില്‍ ഗണ്യമായ കുറവുണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് പങ്കാളികള്‍ അടുപ്പം വര്‍ധിപ്പിക്കണമെന്ന് പുടിന്‍ ആഹ്വാനം ചെയ്തത്.
നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ പഠനം നടത്താനും തീരുമാനമുണ്ട്. ലൈംഗിക അഭിരുചികള്‍, ഗര്‍ഭധാരണം, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി സര്‍വേ നടത്താനാണ് റഷ്യ തീരുമാനിച്ചിരിക്കുന്നത്.
Content Highlight: Russia with new plans to curb plummeting birth rate