| Monday, 2nd December 2024, 6:27 pm

സിറിയന്‍ പ്രസിഡന്റിനുള്ള നിരുപാധിക പിന്തുണ ഇനിയും തുടരും: റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: സിറിയന്‍ സര്‍ക്കാരും വിമതരും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്ന സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനുള്ള നിരുപാധിക പിന്തുണ തുടരുമെന്ന് അറിയിച്ച് റഷ്യ. സിറിയയിലെ നിലവിലെ സ്ഥിതികള്‍ വിലയിരുത്തി റഷ്യ എന്ത് തീരുമാനം കൈക്കൊള്ളണമെന്ന കാര്യം പരിഗണനയിലാണെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

ഡമസ്‌കസില്‍ വിമതരുടെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന് സിറിയന്‍ പ്രസിഡന്റ് മോസ്‌കോയിലേക്ക് പറന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം വര്‍ഷങ്ങളായി സിറിയയുടെ സഖ്യകക്ഷിയായി തുടരുന്ന റഷ്യ, വിമതര്‍ക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഏകദേശം ഒരു ദശാബ്ദം മുമ്പ് സിറിയയില്‍ ആഭ്യന്തരയുദ്ധം ഉടലെടുത്തപ്പോഴും റഷ്യയുടെ ഇടപെടല്‍ അസദ് ഭരണകൂടത്തിന് അനുകൂലമായിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ റഷ്യയ്ക്ക് പുറമെ ഇറാഖും വിമതര്‍ക്കെതിരായ പോരാട്ടത്തില്‍ സിറിയന്‍ സര്‍ക്കാരിന് കൂടെയുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് സിറിയയിലെ വിമത ഗ്രൂപ്പ് രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ആലപ്പോ പിടിച്ചെടുത്തത്. പിന്നാലെ മേഖലയില്‍ നിന്ന് പിന്‍വാങ്ങുന്നതായി സൈന്യം അറിയിച്ചിരുന്നു.

വിമത സംഘവും സൈന്യവും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ 300ല്‍ അധികം പേരാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. ഹയാത്ത് തഹ്രീല്‍ അല്‍ ഷാം എന്ന സായുധ വിഭാഗമാണ് അപ്രതീക്ഷിത ആക്രമണം നടത്തിയത്. ആലപ്പോ നഗരത്തിന് സമീപമുള്ള നിരവധി പ്രദേശങ്ങളുടെ നിയന്ത്രണവും വിമത വിഭാഗം കൈക്കലാക്കിയിരുന്നു. പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരെയാണ് വിമത സംഘടനയുടെ കലാപം.

സിറിയ-തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള ഇദ്‌ലിബ് പ്രവിശ്യയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഏറ്റവും ശക്തമായ വിമത ഗ്രൂപ്പാണ് എച്ച്.ടി.എസ് എന്നറിയപ്പെടുന്ന ഹയാത്ത് തഹ്രീല്‍ അല്‍ ഷാം. സിറിയയും അമേരിക്കയും റഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ എല്ലാംതന്നെ എച്ച.ടി.എസിനെ ഒരു ഭീകര സംഘടനയായാണ് കണക്കാക്കുന്നത്.

2020ന് ശേഷം വടക്കുപടിഞ്ഞാറന്‍ സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് ശനിയാഴ്ച സിറിയന്‍ അധികൃതര്‍ ആലപ്പോ വിമാനത്താവളം അടച്ചുപൂട്ടുകയും എല്ലാ വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ച്ചകളില്‍ സംഘടനയുടെ അധീനതയിലുള്ള ഇദ്ബലില്‍ റഷ്യയും സിറിയയും വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് മറുപടിയായാണ് ആലപ്പോ നഗരം പിടിച്ചടുത്തതെന്നാണ് സൂചന.

Content Highlight: Russia will continue to support Syrian president Bashar Al Assad

Latest Stories

We use cookies to give you the best possible experience. Learn more