മോസ്‌കോ: യു.എസ് നിര്‍മിത ആയുധങ്ങള്‍ ഉക്രൈന് കൈമാറാനുള്ള പദ്ധതിയില്‍ ഇസ്രഈലിന് റഷ്യയുടെ മുന്നറിയിപ്പ്.
റിപ്പോര്‍ട്ടുകളില്‍ വസ്തുതയുണ്ടെങ്കില്‍ ഉക്രൈനെ സഹായിക്കാനുള്ള തീരുമാനത്തില്‍ ഇസ്രഈല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ സ്ഥിരം പ്രതിനിധി വാസിലി നെബെന്‍സിയയുടേതാണ് താക്കീത്.
വാസിലി നെബെന്‍സിയ
നീക്കം ഇസ്രഈലും റഷ്യയും തമ്മിലുള്ള ബന്ധത്തെ ബാധിച്ചേക്കാമെന്നും നെബെന്‍സിയ ചൂണ്ടിക്കാട്ടി. ഇസ്രഈലിന്റെ നീക്കം സാരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും നെബെന്‍സിയ ചൂണ്ടിക്കാട്ടി.
കിയവില്‍ എത്തിയ മറ്റ് പാശ്ചാത്യ-യു.എസ് ആയുധങ്ങള്‍ പോലെ, ഇസ്രഈല്‍ കൈമാറുന്ന ഉപകരണങ്ങളും അവസാനം നശിപ്പിക്കപ്പെടുമെന്ന് ഉറപ്പാണെന്നും റഷ്യന്‍ അംബാസിഡര്‍ വ്യക്തമാക്കി. ഇതിനുപുറമെ ഇസ്രഈലിന്റെ നീക്കം റഷ്യയും നാറ്റോയും തമ്മിലുള്ള അഭിപ്രായ വ്യതാസങ്ങള്‍ വര്‍ധിപ്പിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
യു.എസ് നിര്‍മിതമായ ഇസ്രഈലിലെ പഴയ എട്ട് പാട്രിയറ്റ് ഉപകരണങ്ങള്‍ ഉക്രൈന് നല്‍കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സ്രോതസുകളെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് റഷ്യ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഏപ്രിലില്‍ 30ന്, വര്‍ഷത്തിലേറെ പഴക്കമുള്ള M901 PAC-2 ബാറ്ററികള്‍ പിന്‍വലിക്കാനും ഇവയ്ക്ക് പകരമായി കൂടുതല്‍ നൂതനമായ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിക്കാനുമുള്ള പദ്ധതിക്ക് ഇസ്രഈല്‍ തുടക്കം കുറിച്ചിരുന്നു.
എന്നാല്‍ ലെബനനിലെ ഹിസ്ബുള്ളയുമായി ഏതുനിമിഷവും സംഘര്‍ഷം ഉടലെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉക്രൈന് ആയുധങ്ങള്‍ കൈമാറാനുള്ള നെതന്യാഹു സര്‍ക്കാരിന്റെ തീരുമാനം അന്തിമമായിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
റഷ്യ-ഉക്രൈയിന്‍ യുദ്ധത്തില്‍ ഇസ്രഈല്‍ ഉക്രൈന് ഇതുവരെ ആയുധങ്ങള്‍ കൈമാറിയിട്ടില്ല. മാനുഷിക സഹായങ്ങള്‍ മാത്രമാണ് നല്‍കിയിരുന്നത്.
Content Highlight: Russia warns Israel over plan to transfer US-made weapons to Ukraine