റഷ്യന്‍ ലോകകപ്പിലെ മൂന്നാം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്‌പെയിന്‍ ഇന്ന് റഷ്യയെ നേരിടും. നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മ്മനിയും മുന്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയും യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലും ഇതിനോടകം നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു.
സ്വന്തം നാട്ടുകാരുടെ മുന്നില്‍ പന്ത് തട്ടുന്ന റഷ്യ, മുന്‍ ലോകചാമ്പ്യന്‍മാര്‍ക്ക് മടക്ക ടിക്കറ്റ് നല്‍കുമോ എന്നാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്.
ഗ്രൂപ്പ് സ്റ്റേജില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് റഷ്യ പ്രീക്വാര്‍ട്ടറിനെത്തുന്നത്. എ ഗ്രൂപ്പില്‍ കളിച്ച റഷ്യ ആദ്യ രണ്ട് കളികളിലായി സൗദി അറേബ്യയെയും ഈജിപ്തിനെയും കീഴടക്കി പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന ആദ്യ ടീമായി സ്ഥാനമുറപ്പിച്ചിരുന്നു. ഉറുഗ്വായോട് തൊറ്റെങ്കിലും ടീമിന്റെ കരുത്ത് കുറഞ്ഞെന്ന് കരുതാന്‍ വയ്യ.
അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ ഡെനിസ് ചെറിഷേവ്, അലക്‌സാണ്ടര്‍ ഗോളോവിന്‍ എന്നിവരുടെ ഫോമാണ് റഷ്യയുടെ പ്രതീക്ഷ.
പരിചയസമ്പത്താണ് സ്‌പെയിനിന്റെ കരുത്ത്. ഇനിയേസ്റ്റ, കോസ്റ്റ, ഇസ്‌കോ സഖ്യമാണ് സ്‌പെയിനിന്റെ പ്രതീക്ഷ. സെര്‍ജിയോ റാമോസ് നയിക്കുന്ന പ്രതിരോധത്തില്‍ പിക്വ ഫോമിലേക്കുയരണം. കഴിഞ്ഞ മത്സരത്തിലില്ലാതിരുന്നു സില്‍വ അവസാന ഇലവനില്‍ ഇടം നേടിയേക്കും.
ഇന്ന് രാത്രി 7.30 ന് മോസ്‌കോയിലാണ് പോരാട്ടം.