റഷ്യയില്‍ നിന്ന് ഇന്ത്യയെ അകറ്റാനുള്ള ശ്രമങ്ങങ്ങള്‍ വിലപ്പോകില്ല: പുടിന്‍
World
റഷ്യയില്‍ നിന്ന് ഇന്ത്യയെ അകറ്റാനുള്ള ശ്രമങ്ങങ്ങള്‍ വിലപ്പോകില്ല: പുടിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th October 2023, 12:44 pm

 

സോചി: ഇന്ത്യയ്ക്കും റഷ്യക്കുമിടയില്‍ വിള്ളല്‍ വരുത്താനുള്ള പശ്ചാത്യ രാജ്യങ്ങളുടെ ശ്രമങ്ങള്‍ അര്‍ത്ഥശൂന്യമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമര്‍ പുടിന്‍. ഇന്ത്യ അവരുടെ പൗരന്‍മാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

‘തങ്ങളുടെ കുത്തകയെ അംഗീകരിക്കാത്തവരില്‍ നിന്നും ഒരു മുഖ്യ ശത്രുവിനെ സൃഷ്ടിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങള്‍. എല്ലാവരും അപകടത്തിലാണ്, ഇന്ത്യ പോലും. എന്നാല്‍ ഇന്ത്യന്‍ നേത്യത്വം രാജ്യതാത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു,’ സോചിയിലെ റഷ്യന്‍ ബ്ലാക്ക് സീ റിസോര്‍ട്ടില്‍ വെച്ച് പുടിന്‍ പറഞ്ഞു.

ഇന്ത്യയെ റഷ്യയില്‍ നിന്നകറ്റാനുള്ള ശ്രമങ്ങള്‍ വിഫലമാണ്. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്, പുടിന്‍ കൂട്ടി ചേര്‍ത്തു.

യുക്രൈന്‍ അധിനിവേശത്തിനു ശേഷം യു.എസും യൂറോപ്യന്‍ യൂണിയനും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഉപരോധമേര്‍പ്പെടുത്തിയ റഷ്യന്‍ എണ്ണ കുറഞ്ഞ വിലയ്ക്ക് ഇന്ത്യന്‍ റിഫൈനര്‍മാര്‍ വാങ്ങിയത് വിവാദമായ സന്ദര്‍ഭത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രേ മോദിയെ പ്രശംസിച്ച പുടിന്‍, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ കൂടുതല്‍ ശക്തമായി വരുകയാണെന്നും പറഞ്ഞു.

‘ഇന്ത്യയില്‍ 1.5 ബില്യണിലധികം ജനങ്ങളുണ്ട് , സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തിലധികം, അത് ഇന്ത്യയുടെ ശക്തിയാണ്. കൂടാതെ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ കൂടുതല്‍ കൂടുതല്‍ ശക്തമാകുന്നു. റഷ്യയെ പോലെ ഇന്ത്യയ്ക്കും അതിരുകളില്ല. ഇന്ത്യന്‍ ജനത ലോകത്തിന്റെ എല്ലാ ഭാഗത്തും വ്യക്തിമുദ്ര പതിപ്പിക്കുകയാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Puthin praises India