ഉക്രൈനെ അനുകൂലിക്കാതെ ഇന്ത്യ; വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു; വീറ്റോ ചെയ്ത് റഷ്യ
Ukraine
ഉക്രൈനെ അനുകൂലിക്കാതെ ഇന്ത്യ; വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു; വീറ്റോ ചെയ്ത് റഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th February 2022, 7:56 am

ന്യൂയോര്‍ക്ക്: റഷ്യയ്‌ക്കെതിരായി യു.എന്‍ രക്ഷാസമിതി കൊണ്ടുവന്ന ‘ഉക്രൈന്‍ പ്രമേയ’ത്തെ അനുകൂലിക്കാതെ ഇന്ത്യ. ഉക്രൈനില്‍ നിന്നും സൈനിക പിന്‍മാറ്റം ആവശ്യപ്പെടുന്ന പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിക്കാതിരുന്നത്. യു.എസും അല്‍ബേനിയയും ചേര്‍ന്നായിരുന്നു പ്രമേയം അവതരിപ്പിച്ചത്.

വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നാണ് ഇന്ത്യ ഉക്രൈന് അനുകൂലമായ നടപടി സ്വീകരിക്കാതിരുന്നത്. റഷ്യയെ പിണക്കേണ്ട എന്ന നിലപാടിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. ഇന്ത്യയ്ക്ക് പുറമെ ചൈനയും യു.എ.ഇയും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നിരുന്നു.

റഷ്യയുടെ കടന്നുകയറ്റത്തില്‍ ഇന്ത്യ ഇടപെടണമെന്ന ആവശ്യം മുന്നോട്ട് വെച്ചപ്പോള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നായിരുന്നു ഇന്ത്യയുടെ മറുപടി. ഇന്ത്യയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും അറിയിച്ചിട്ടുണ്ട്.

15 അംഗ സുരക്ഷാ കൗണ്‍സിലില്‍ 11 രാജ്യങ്ങള്‍ സൈനിക പിന്‍മാറ്റം ആവശ്യപ്പെടുന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. റഷ്യയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് അമേരിക്ക പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. എന്നാല്‍ അമേരിക്കന്‍ നയങ്ങളെ എന്നും അംഗീകരിച്ചിരുന്ന യു.എ.ഇ വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്നതും ശ്രദ്ധേയമാണ്.

അതേസമയം റഷ്യ പ്രമേയത്തെ വീറ്റോ ചെയ്തിരുന്നു. യു.എന്‍ സമിതിയിലെ സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല.

റഷ്യ വീറ്റോ ചെയ്യുമെന്ന് ഉറപ്പിച്ചു തന്നെയാണ് അമേരിക്ക പ്രമേയം അവതരിപ്പിച്ചത്. റഷ്യ വീറ്റോ ഉപയോഗിച്ചതോടെ അവര്‍ തങ്ങളുടെ ഒറ്റപ്പെടല്‍ അടിവരയിട്ടുറപ്പിക്കുന്നതിന് സമമാണെന്നായിരുന്നു ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. യു.എന്‍.സി പ്രമേയം ആദ്യപടി മാത്രമാണെന്നും വരും ദിവസങ്ങളില്‍ യു.എന്നിന്റെ പൊതുസഭയില്‍ നടക്കാനിരിക്കുന്ന നടപടികളുടെ മുന്നോടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നാടുവിട്ടു പോയിട്ടില്ലെന്ന വിശദീകരണവുമായി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി രംഗത്തെത്തിയിരുന്നു. ഞങ്ങള്‍ കീവിലുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരും. ട്വിറ്ററില്‍ പങ്കുവച്ച പുതിയ വിഡിയോയിലാണു സെലെന്‍സ്‌കി നിലപാടു പങ്കുവച്ചത്.

അതേസമയം, ചേരിചേരാ നയം സ്വീകരിക്കാമെന്ന് ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചിരുന്നു. ഇരു വിഭാഗത്തെയും പിന്തുണയ്ക്കാതെ നിഷ്പക്ഷ നടപടി സ്വീകരിക്കുമെന്നാണ് സെലന്‍സ്‌കി അറിയിച്ചിരിക്കുന്നത്. റഷ്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഉക്രൈന്‍ അറിയിച്ചിരുന്നു.

 

റഷ്യയുടെ വക്താവായ ദിമിത്രി പെസ്‌കോവാണ് ചര്‍ച്ചക്ക് സന്നദ്ധമാണെന്ന കാര്യം വ്യക്തമാക്കിയത്. വിദേശ കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ചര്‍ച്ചക്കായി അയക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യുദ്ധം മാനവികതയുടേയും രാഷ്ട്രീയത്തിന്റേയും പരാജയമെന്ന പ്രതികരണവുമായി മാര്‍പാപ്പയും രംഗത്തെത്തിയിരുന്നു. പൈശാചിക ശക്തികള്‍ക്കു മുന്നില്‍ അടിയറവു പറയലാണു യുദ്ധം. ഓരോ യുദ്ധവും ലോകത്തെ മുന്‍പുള്ളതിനേക്കാള്‍ മോശമാക്കുമെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു.

Content Highlight: Russia Vetos UN Security action on Ukraine