ഹേഗ്: ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ട്- ICC). വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് കോടതി പുടിന് യുദ്ധത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഉക്രൈനില്‍ താമസിക്കുന്ന കുട്ടികളെ റഷ്യയിലേക്ക് അനധികൃതമായി നാടുകടത്തിയതില്‍ പുടിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കോടതി പ്രസ്താവനയിറക്കി. പുടിനെ കൂടാതെ റഷ്യയിലെ ബാലാവകാശ കമ്മീഷന്റെ പ്രസിഡന്‍ഷ്യല്‍ കമ്മീഷണറായ മരിയ അലക്‌സിയെവ്‌നയ്‌ക്കെതിരെയും വാറണ്ട് നല്‍കിയിട്ടുണ്ട്.
Situation in #Ukraine: #ICC judges issue arrest warrants against Vladimir Vladimirovich Putin and Maria Alekseyevna Lvova-Belova
Read more ⤵️ https://t.co/5OMC7Xuuy5
അതേസമയം റഷ്യ അറസ്റ്റ് വാറണ്ടിനെ തള്ളിക്കളഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ സംബന്ധിച്ച് ഇപ്പോള്‍ വന്നിരിക്കുന്ന അറസ്റ്റ് വാറണ്ട് അര്‍ത്ഥമില്ലാത്തതാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സഖോര്‍വ പറഞ്ഞു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിടെ റോം ചട്ടത്തില്‍ റഷ്യ കക്ഷിചേര്‍ന്നിട്ടില്ലെന്നും അതുകൊണ്ട് വാറണ്ട് ബാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യ-ഉക്രൈന്‍ യുദ്ധത്തിലെ എല്ലാ ആരോപണങ്ങളും കഴിഞ്ഞ വര്‍ഷം തള്ളിക്കളഞ്ഞിരുന്നു.
എന്നാല്‍ റഷ്യ റോം ചട്ടത്തില്‍ കക്ഷി ചേര്‍ന്നില്ലെന്നത് തീര്‍ത്തും അപ്രസക്തമാണെന്ന് ഐ.സി.സി പ്രസിഡന്റ് പിയോറ്റര്‍ ഹോഫ്മാന്‍സ്‌കി അല്‍ ജസീറയോട് പറഞ്ഞു.
‘ 123 സംസ്ഥാന പാര്‍ട്ടിയും ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവുമുള്ള ഐ.സി.സി ചട്ടപ്രകാരം, കക്ഷി ചേര്‍ന്നിട്ടുള്ള സംസ്ഥാന പാര്‍ട്ടിക്കോ അതിന്റെ അധികാരപരിധിയില്‍ നടക്കുന്നതോ ആയ കുറ്റകൃത്യങ്ങളില്‍ ഐ.സി.സിക്ക് ഇടപെടാം.
ഉക്രൈന്‍ 2014ലും 2015ലും ഐ.സി.സിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.സി.സിയുടെ തീരുമാനത്തെ സ്വീകരിക്കുന്നതായി ഉക്രൈന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ ആന്‍ഡ്രി കോസ്റ്റിന്‍ അഭിപ്രായപ്പെട്ടു.
‘ റഷ്യ കുറ്റവാളികളാണെന്നും അതിന്റെ നേതൃത്വത്തിന് കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്നും ലോകം അംഗീകരിച്ചു,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭ ഉക്രൈനില്‍ റഷ്യ ചെയ്തിട്ടുള്ള യുദ്ധ കുറ്റകൃത്യങ്ങളില്‍ അന്വേഷണം വേണമെന്ന പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് വന്നിരിക്കുന്നത്.
content highlight: Russia-Ukraine War; International Criminal Court issues arrest warrant against Putin