| Tuesday, 23rd May 2023, 5:08 pm

അതിര്‍ത്തിയില്‍ ഉക്രൈന്‍ ഭീകരാക്രമണം നടത്തുന്നുവെന്ന് റഷ്യ; വാര്‍ത്ത നിഷേധിച്ച് ഉക്രൈന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെല്‍ഗോറോദ്: റഷ്യന്‍ അതിര്‍ത്തിയില്‍ ഉക്രൈന്‍ തീവ്രവാദികള്‍ ഭീകരാക്രമണം നടത്തുന്നുവെന്നാരോപിച്ച് പ്രത്യാക്രമണം ശക്തമാക്കി റഷ്യ. ഉക്രൈനെതിരായി റഷ്യന്‍ അതിര്‍ത്തി പ്രദേശമായ ബെല്‍ഗോറോദ് പ്രവിശ്യയില്‍ നിന്നുള്ള പ്രത്യാക്രമണം തുടര്‍ച്ചയായ രണ്ടാം ദിനവും തുടരുകയാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഉക്രൈന്‍-റഷ്യ യുദ്ധം ആരംഭിച്ച് 15 മാസങ്ങള്‍ക്കിടയില്‍ ഉണ്ടായ ഏറ്റവും രൂക്ഷമായ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണമാണ് ഉക്രൈന്‍ നടത്തുന്നത് എന്നാണ് റഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്. ശക്തമായ തിരിച്ചടി നല്‍കുന്നുണ്ടെന്നും റഷ്യ അറിയിച്ചു. ഇന്നലെ ബെല്‍ഗോറോദിന് നേരെയുണ്ടായ ആക്രമണത്തില്‍ 12 റഷ്യക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

അതിര്‍ത്തിയില്‍ ഇപ്പോള്‍ തീവ്രവാദ വിരുദ്ധ പോരാട്ടമാണ് നടക്കുന്നതെന്നാണ് റഷ്യന്‍ അതിര്‍ത്തിയായ ക്രെംലിനില്‍ നിന്നുള്ള വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം റഷ്യന്‍ പ്രതിരോധ സൈന്യം അജ്ഞാത ഡ്രോണുകള്‍ വെടിവെച്ചിട്ടതായി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉക്രൈന് നേരെ ആക്രമണം പുനരാരംഭിച്ചത്.

ബെല്‍ഗോറോദിലെ സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ അതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ഉക്രൈന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ബെല്‍ഗോറോദ് ആക്രമിച്ചിട്ടില്ലെന്ന ഉക്രൈന്‍ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് റഷ്യന്‍ പ്രതിനിധി തിരിച്ചടിച്ചു.

റഷ്യയുടെ അതിര്‍ത്തി പ്രദേശത്തെ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ ഉക്രൈന് ആയുധങ്ങള്‍ കൈമാറുന്നതും പരിശീലനം നല്‍കുന്നതും, നിലവിലെ സ്ഥിതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തില്ലെന്നും പെസ്‌കോവ് വ്യക്തമാക്കി.

അമേരിക്ക എഫ് 16 വിമാനം പരിശീലിപ്പിക്കുന്നതും കൂടുതല്‍ പാശ്ചാത്യ ആയുധങ്ങള്‍ സ്വീകരിക്കുന്നതും ഈ യുദ്ധത്തിന്റെ തീവ്രത വര്‍ധിപ്പിക്കുകയേയുള്ളൂ.

content highlights: Russia-Ukraine war, Attacks on Belgorod region continue

We use cookies to give you the best possible experience. Learn more