മോസ്‌കോ: റഷ്യയിലെ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളില്‍ യൂട്യൂബിന്റെ വേഗത ഈ ആഴ്ച അവസാനത്തോടെ ഏകദേശം 40ശതമാനം കുറയുമെന്ന് സ്‌റ്റേറ്റ് ഡുമ കമ്മിറ്റി ഓണ്‍ ഇന്‍ഫര്‍മേഷന്‍ പോളിസി തലവന്‍ അലക്‌സാണ്ടര്‍ ഖിന്‍ഷ്‌റ്റെയിന്‍. യു.എസ് വീഡിയോ ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമിന്റെ റഷ്യ വിരുദ്ധ നയത്തോടുള്ള പ്രതികരണമായാണ് നടപടിയെന്ന് വ്യാഴാഴ്ച ടെലിഗ്രാമിലെ ഒരു പോസ്റ്റില്‍ ഖിന്‍ഷെയിന്‍ ചൂണ്ടിക്കാട്ടി.
യൂട്യൂബിന്റെ സ്പീഡ് ഈ ആഴ്ച 40 ശതമാനം കുറയുമെന്നും അടുത്ത ആഴ്ച ഇത് 70 ശതമാനം വരെ കുറയുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലെ ബ്ലോഗര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, കലാകാരന്മാര്‍ തുടങ്ങിയ പൊതുവ്യക്തികളുടെ ചാനലുകള്‍ യൂട്യൂബ് സ്ഥിരമായി ഡിലീറ്റ് ചെയ്യുന്ന സ്ഥിതിയുണ്ട്. ഇത് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായ നടപടിയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
‘യൂട്യൂബിന്റെ തകര്‍ച്ച ഒരു അനിവാര്യമായ നടപടിയാണ്. ഇത് ഒരിക്കലും റഷ്യയിലെ യൂട്യൂബ് ഉപയോക്താക്കള്‍ക്കെതിരായ നടപടിയല്ല. മറിച്ച് രാജ്യത്തിന്റെ നിയമനിര്‍മാണം ശിക്ഷ കൂടാതെ ലംഘിക്കാന്‍ സാധിക്കുെമന്ന് വിശ്വസിക്കുന്ന വിദേശ ഭരണത്തിനെതിരായ നടപടിയാണ്,’ ഖിന്‍ഷെയിന്‍ പറഞ്ഞു.
മൊബൈലുകളില്‍ യൂറ്റൂബ് പഴയത് പോലെ തന്നെ പ്രവര്‍ത്തിക്കും. റഷ്യയിലെ സേവനത്തിന്റെ ഭാവി കമ്പനിയുടെ കൈകളിലാണെന്നും നിയമനിര്‍മ്മാതാവ് പറഞ്ഞു. പലരും അവധിയിലായിരിക്കുകയും കമ്പ്യൂട്ടറുകളേക്കാള്‍ ഫോണുകള്‍ ഉപയോഗിക്കുകയും ചെയ്യുന്ന സമയമാണ് ഇതിനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
യൂറ്റൂബ് അതിന്റെ നയം മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ രാജ്യത്ത് നിന്ന് അവര്‍ നല്ലതൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഖിന്‍ഷെയിന്‍ പറഞ്ഞു.
രാജ്യത്തെ മാതൃ കമ്പനിയായ ഗൂഗിളിന്റെ സെര്‍വറുകളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി യൂട്യൂബ് ഉപയോക്താക്കള്‍ ജനപ്രിയ വീഡിയോഹോസ്റ്റിങ് സേവനം കൂടുതല്‍ സൗകര്യപ്രദമല്ലെന്ന് പരാതിപ്പെടുന്നുണ്ട്.
ഉക്രൈന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ടെക് ഭീമന്‍ റഷ്യയിലെ സാന്നിധ്യം പരിമിതപ്പെടുത്തിയതിന് ശേഷം രണ്ട് വര്‍ഷത്തിലേറെയായി ഹാര്‍ഡ്വെയര്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്ന് റഷ്യയിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ദാതാവായ റോസ്‌റ്റെലെകോം നേരത്തെ പറഞ്ഞിരുന്നു.