| Saturday, 26th February 2022, 9:52 pm

ഉക്രൈനെതിരെ എല്ലാ വശങ്ങളിലൂടെയും ആക്രമണം കടുപ്പിക്കാന്‍ റഷ്യ; അഞ്ച് നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: ഉക്രൈനെതിരെ എല്ലാ വശങ്ങളിലൂടെയും ആക്രമണം കടുപ്പിക്കാന്‍ റഷ്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉക്രൈന്റെ എല്ലാ വശങ്ങളിലൂടെയും ആക്രമണം വ്യാപിപ്പിക്കാനാണ് റഷ്യന്‍ തീരുമാനം.

ഇക്കാര്യത്തില്‍ റഷ്യന്‍ സൈന്യത്തിന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം നേരിട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോസ്‌കോയില്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.

അഞ്ച് ഉക്രൈന്‍ നഗരങ്ങളില്‍ വ്യോമാക്രമണം നടത്തുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലിവീവ്, ചേര്‍നിഹിവ്, സുമി എന്നിവയടക്കമുള്ള നഗരങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതേസമയം, ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഉക്രൈനും റഷ്യക്കുമിടയില്‍ സംയമനചര്‍ച്ചകള്‍ക്ക് സാഹചര്യമൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ആക്രമണം കടുപ്പിക്കാനുള്ള റഷ്യന്‍ തീരുമാനം.

അതേസമയം, ബെലാറസില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള ക്ഷണം ഉക്രൈന്‍ തള്ളിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആക്രമണം കടുപ്പിക്കാനുള്ള റഷ്യന്‍ തീരുമാനം.


Content Highlight: Russia to increase attacks on Ukraine from all sides

We use cookies to give you the best possible experience. Learn more