'മദര്‍ ഹീറോയിന്‍'; പത്ത് കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് 13 ലക്ഷം പാരിതോഷികം; റഷ്യന്‍ ജനസംഖ്യ ഉയര്‍ത്താന്‍ പുടിന്‍
World News
'മദര്‍ ഹീറോയിന്‍'; പത്ത് കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് 13 ലക്ഷം പാരിതോഷികം; റഷ്യന്‍ ജനസംഖ്യ ഉയര്‍ത്താന്‍ പുടിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th August 2022, 3:44 pm

മോസ്‌കോ: റഷ്യന്‍ ജനസംഖ്യ ഉയര്‍ത്താന്‍ പുതിയ ‘പദ്ധതി’യുമായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. 10 കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് ഒരു മില്യണ്‍ റഷ്യന്‍ റൂബിള്‍സ് (ഏകദേശം 13 ലക്ഷം ഇന്ത്യന്‍ രൂപ) പാരിതോഷികമായി നല്‍കാനാണ് പുടിന്റെ തീരുമാനം.

റഷ്യന്‍ ജനസംഖ്യയിലുണ്ടായ ഇടിവ് നികത്തുന്നതിനാണ് ജനന നിരക്ക് കൂട്ടാന്‍ ഉദ്ദേശിച്ച് കൊണ്ടുള്ള പുടിന്റെ നീക്കം.

സോവിയറ്റ് യൂണിയന്‍ നിലനിന്നിരുന്ന സമയത്തെ, 1944ലെ മദര്‍ ഹീറോയിന്‍ (Mother Heroine) രീതിയാണ് പുടിന്‍ ഈയാഴ്ച പുനരുജ്ജീവിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുറത്തുവിട്ട സര്‍ക്കാര്‍ ഉത്തരവിലായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

പത്തോ അതിലധികമോ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകളായിരിക്കും പാരിതോഷികം ലഭിക്കാന്‍ അര്‍ഹരാകുക. റഷ്യന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജോസഫ് സ്റ്റാലിനായിരുന്നു അന്നത്തെ സോവിയറ്റ് യൂണിയനില്‍ ഈ ഓണററി മെഡല്‍ നടപ്പിലാക്കിയത്. രണ്ടാം ലോക മഹായുദ്ധം കാരണം ജനസംഖ്യയിലുണ്ടായ ഇടിവ് മറികടക്കുന്നതിനായിരുന്നു ഇത്.

ഏകദേശം 400,000 പൗരന്മാര്‍ക്ക് അന്ന് അവാര്‍ഡ് നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ പുടിന്‍ തിരികെ കൊണ്ടുവന്നിരിക്കുന്ന ഈ അവാര്‍ഡ് സിസ്റ്റത്തിലൂടെ പത്തുലക്ഷം റൂബിള്‍സ് റഷ്യന്‍ പൗരന്മാര്‍ക്ക് അവരുടെ പത്താമത്തെ കുട്ടിക്ക് ഒരു വയസ്സ് തികയുന്ന സമയത്ത് ഒറ്റത്തവണ പേയ്മെന്റായി നല്‍കും, മറ്റ് ഒമ്പത് കുട്ടികളും ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ മാത്രം, എന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നത്.

ക്യാഷ് അവാര്‍ഡിന് പുറമെ മദര്‍ ഹീറോയിന്‍ ടൈറ്റില്‍ സ്വന്തമാക്കുന്ന സ്ത്രീകള്‍ക്ക് റഷ്യന്‍ പതാകയില്‍ ഡെക്കറേറ്റ് ചെയ്ത സ്വര്‍ണ മെഡലും സമ്മാനമായി നല്‍കുമെന്നാണ് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

ഹീറോ ഓഫ് ലേബര്‍, ഹീറോ ഓഫ് റഷ്യ എന്നീ അവാര്‍ഡുകള്‍ക്ക് സമാനമായായിരിക്കും മദര്‍ ഹീറോയിന്‍ ടൈറ്റിലും പൗരന്മാര്‍ക്ക് നല്‍കും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റഷ്യയില്‍ ജനനനിരക്ക് കുറഞ്ഞുവരുന്ന ട്രെന്‍ഡാണുള്ളത്. 2022ല്‍ ജനനനിരക്ക് നാല് ലക്ഷം കുറഞ്ഞ് 145.1 ദശലക്ഷമായി ചുരുങ്ങിയിരുന്നു. 2021 മുതല്‍ ജനനനിരക്കിലെ ഇടിവിന്റെ തോത് ഏകദേശം ഇരട്ടിയായി വര്‍ധിക്കുകയും കൊവിഡ് 19 മഹാമാരിയുടെ ആഘാതം കാരണം കഴിഞ്ഞ വര്‍ഷം ഇടിവ് മൂന്നിരട്ടിയായി മാറുകയും ചെയ്തിരുന്നു.

ഇതോടെയാണ് പുതിയ പദ്ധതികളുമായി റഷ്യന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: Russia to award women who give birth to 10 kids 1 million rubles, in Mother Heroine title, to boost population