| Thursday, 24th February 2022, 9:54 pm

പുതിയ നീക്കവുമായി റഷ്യ; ലക്ഷ്യം ചെര്‍ണോബില്‍!; ഞെട്ടിത്തരിച്ച് ലോകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ഉക്രൈന്‍-റഷ്യ യുദ്ധത്തിനിടെ പുതിയ ലക്ഷ്യവുമായി റഷ്യ. ഉക്രൈന്റെ സൈനിക താവളങ്ങള്‍ മാത്രമേ ആക്രമിക്കൂ എന്ന നിലപാടുമായി യുദ്ധം തുടങ്ങിയ റഷ്യ ഇപ്പോള്‍ പുതിയ ലക്ഷ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ്  പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചെര്‍ണോബില്‍ ആണവ പ്ലാന്റ് പിടിച്ചടക്കാനുള്ള നടപടിയുമായാണ് റഷ്യ മുന്നോട്ട് പോവുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. റഷ്യയുടെ ഈ നീക്കത്തെ ഏറെ ഭീതിയോടെയാണ് ലോകം നോക്കിക്കാണുന്നത്.

ചെര്‍ണോബില്‍ ആണവപ്ലാന്റിന് സമീപം റഷ്യ കടന്നുകയറിയതായും അവിടെ ഏറ്റുമുട്ടല്‍ നടക്കുന്നതായും ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു.

1986ലെ ആണവദുരന്തത്തിന് ശേഷം ഒരാള്‍ പോലും റിയാക്ടര്‍ നിലനിന്നിരുന്ന പ്രിപ്യാറ്റ് നഗരത്തില്‍ പ്രവേശിച്ചിരുന്നില്ല. ഇപ്പോഴും ശക്തമായ റേഡിയേഷമാണ് ആ പ്രദേശത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴും ആണവ വികിരണം വമിപ്പിച്ചുകൊണ്ടിരിക്കുന്ന റേഡിയോ ആക്ടീവ് വേസ്റ്റുകള്‍ അടക്കം ചെയ്തിരിക്കുന്ന ചെര്‍ണോബിലിന് സമീപം ഇത്തരത്തിലുള്ള കടന്നു കയറ്റം നടത്തി ഉക്രൈനെ ഭീതിയിലാഴ്ത്തുക എന്ന തന്ത്രമാണ് റഷ്യ പയറ്റുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

റഷ്യയുടെ ഭാഗമായി തന്നെയുള്ള ബെലൂറിസില്‍ നിന്നുള്ള സൈന്യമാണ് ചെര്‍ണോബിലില്‍ പ്രവേശിച്ചിരിക്കുന്നത്. എന്നാല്‍ ചെര്‍ണോബില്‍ പ്ലാന്റിന് സമീപം എന്തെങ്കിലും തരത്തിലുള്ള അപകടമോ സ്‌ഫോടനമോ നടന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോവുമെന്നുറപ്പാണ്.

ചെര്‍ണോബില്‍ ദുരന്തം

ലോകം കണ്ട ഏറ്റവും വലിയ ആണവദുരന്തങ്ങളില്‍ ഒന്നാണ് 36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഴയ സോവിയറ്റ് റഷ്യയിലെ ചെര്‍ണോബിലില്‍ സംഭവിച്ചത്. അവിടെ സ്ഥിതിചെയ്യുന്ന നാല് ആണവ നിലയങ്ങളില്‍ ഒന്ന് 1986 -ല്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

400 ഹിരോഷിമാ സ്ഫോടനങ്ങള്‍ക്ക് തുല്യമെന്ന് വിശേഷിപ്പിക്കപ്പെട്ട ആ ദുരന്തത്തില്‍ ആയിരകണക്കിനാളുകളാണ് മരിച്ചത്. നാല് കോടി ജനങ്ങള്‍ക്ക് ആണവ റേഡിയേഷന്‍ ബാധിച്ചു.

ഇന്നുമിവിടെ ലക്ഷകണക്കിന് മനുഷ്യരാണ് റേഡിയേഷന്‍ മൂലം ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് അടിമകളാവുന്നത്. ഇനിയും ഇരുപതിനായിരം വര്‍ഷത്തേയ്ക്ക് ഈ പ്രദേശത്ത് ജനവാസം സാദ്ധ്യമല്ല എന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.

ചെര്‍ണോബില്‍ നൂക്ലിയര്‍ പവര്‍ സ്റ്റേഷനിലെ റിയാക്ടറിന്റെ നാലാമത്തെ യൂണിറ്റിലാണ് അപകടം ഉണ്ടായത്. പരീക്ഷണം നടന്നു കൊണ്ടിരിക്കുമ്പോഴാണ് അപകടം നടന്നത്. പരീക്ഷണത്തിനിടെ ടെക്‌നീഷ്യന്മാര്‍ വൈദ്യുതി നിയന്ത്രിക്കുന്ന സിസ്റ്റം ഓഫാക്കിയതും അടിയന്തിര സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിക്കാത്തതുമാണ് വിനയായത്.

മെഷീന്‍ ഓഫാക്കിയതിന് ശേഷവും റിയാക്ടറില്‍ ഏഴു ശതമാനം പവര്‍ അവശേഷിച്ചതാണ് വന്‍ ദുരന്തം സംഭവിക്കാന്‍ കാരണമായത്.

ടെക്‌നീഷ്യന്മാരുടെ അബദ്ധങ്ങളും മറ്റു സുരക്ഷാ പരാജയങ്ങളുമാണ് പരീക്ഷണം നടത്തുന്നവരുടെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായത്. നിമിഷങ്ങള്‍ക്കുള്ളില്‍ വന്‍ വിസ്‌ഫോടനം സംഭവിക്കുകയും റിയാക്ടറിലെ കൂറ്റന്‍ മെറ്റീരിയല്‍ ലിഡ് കത്തുകയും ചെയ്തു. പിന്നീട് ഗ്രാഫൈറ്റ് റിയാക്ടറില്‍ തീപിടിക്കുകയും റേഡിയോ ആക്റ്റീവ് വസ്തുക്കള്‍ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുകയുമായിരുന്നു.

അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബുകള്‍ വര്‍ഷിച്ചതിനേക്കാള്‍ വിലിയ റേഡിയേഷനാണ് ചെര്‍ണോബില്‍ ദുരന്തം വഴി സംഭവിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

അപകടം നടന്നതിനു ശേഷം ആളുകള്‍ പിന്നീട് പ്രിപ്യാറ്റില്‍ താമസം ഉപേക്ഷിച്ചു. 1991ല്‍ തീപിടുത്തം കാരണം ചെര്‍ണോബിലിന്റെ രണ്ടാം യൂണിറ്റും 1996ല്‍ ഒന്നാം യൂണിറ്റും അടച്ചു പൂട്ടി. എന്നാല്‍ 2000 വരെ മൂന്നാം യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നു.

അപകടത്തെ തുടര്‍ന്ന് സംഭവിച്ച നീരാവി വിസ്‌ഫോടനവും തീപ്പിടുത്തവും കാരണം ചുരുങ്ങിയത് അഞ്ച് ശതമാനം റേഡിയോ ആക്റ്റീവ് കോറെങ്കിലും അന്തരീക്ഷത്തില്‍ ലയിച്ചിട്ടുണ്ട്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിന്റെ ഭാഗമായി അനന്തഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്.

1986 ല്‍ സോവിയറ്റ് നൂക്ലിയര്‍ റിയാക്ടറിലെ ടെക്‌നിഷ്യന്മാര്‍ക്ക് തങ്ങളുടെ പരീക്ഷണം ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ കഴിയാതെ വരികയായിരുന്നു. അപകടം നടന്ന രാത്രി ചെര്‍ണോബില്‍ പ്ലാന്റിലെ രണ്ട് ജീവനക്കാര്‍ വിസ്‌ഫോടനം കാരണം മരണപ്പെടുകയും തുടര്‍ന്നുള്ള ആഴ്ചകളില്‍ അക്യൂട്ട് റേഡിയേഷന്‍ സിണ്ട്രം കാരണം 28ഓളം പ്ലാന്റ് ജീവനക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

Content Highlight: Russia targets Chernobyl Nuclear plant

We use cookies to give you the best possible experience. Learn more