| Monday, 26th September 2022, 9:29 am

യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ജനാധിപത്യവല്‍ക്കരിക്കണം, സ്ഥിരാംഗത്വത്തിന് ഇന്ത്യയും ബ്രസീലും അര്‍ഹര്‍; പിന്തുണയുമായി റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യക്കും ബ്രസീലിനും സ്ഥിരാംഗത്വം നല്‍കുന്നതിനെ പിന്തുണച്ച് റഷ്യ. ഇന്ത്യയും ബ്രസീലും സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗത്തിന് വേണ്ടി മത്സരിക്കാന്‍ തീര്‍ത്തും അര്‍ഹതയുള്ള സ്ഥാനാര്‍ത്ഥികളാണെന്നും അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രാധാന്യമുള്ള രാജ്യങ്ങളാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അഭിപ്രായപ്പെട്ടു.

യു.എന്‍ ജനറല്‍ അസംബ്ലിയുടെ 77ാമത് വാര്‍ഷിക സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലിക ആഗോള യാഥാര്‍ത്ഥ്യങ്ങളുമായി യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പൊരുത്തപ്പെടേണ്ടതുണ്ടെന്നും സെക്യൂരിറ്റി കൗണ്‍സിലിനെ കൂടുതല്‍ ജനാധിപത്യപരമാക്കാനുള്ള സാധ്യതയെയാണ് റഷ്യ നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യങ്ങളുടെ പ്രാതിനിധ്യം യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഉണ്ടാവേണ്ടതുണ്ടെന്നും ലാവ്‌റോവ് അഭിപ്രായപ്പെട്ടു.

”കൗണ്‍സിലിലെ സ്ഥിരാംഗത്വത്തിനുള്ള പ്രധാന അന്താരാഷ്ട്ര ശക്തികളായും യോഗ്യരായ സ്ഥാനാര്‍ത്ഥികളായും ഇന്ത്യയെയും ബ്രസീലിനെയും ഞങ്ങള്‍ കാണുന്നു. അതേസമയം നിര്‍ബന്ധമായും ആഫ്രിക്കയെയും ഉയര്‍ത്തിപ്പിടിക്കുന്നു,” ലാവ്റോവ് പറഞ്ഞു.

രക്ഷാസമിതിയുടെ പരിഷ്‌കരണത്തിനായി ദീര്‍ഘകാലമായി ഇന്ത്യ യുഎന്നിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്നും അതുകൊണ്ട് തന്നെ സ്ഥിരാംഗത്വം നല്‍കുന്നത് പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ സംസാരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ലാവ്‌റോവിന്റെ പ്രസംഗം.

നിലവില്‍ അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ അഞ്ച് രാജ്യങ്ങളാണ് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗങ്ങളായ വീറ്റോ പവറുള്ള രാജ്യങ്ങള്‍. സ്ഥിരാംഗങ്ങളല്ലാത്ത പത്ത് അംഗരാജ്യങ്ങളും കൗണ്‍സിലിലുണ്ട്.

സ്ഥിരാംഗങ്ങളായ രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നത് ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ്.

നേരത്തെ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിനിടെ അമേരിക്കക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കൊണ്ടും റഷ്യന്‍ വിദേശകാര്യ മന്ത്രി രംഗത്തെത്തിയിരുന്നു.

പാശ്ചാത്യ രാജ്യങ്ങള്‍ക്ക് റഷ്യയോട് ‘വിചിത്രമായ’ ഒരു ഭയമാണുള്ളതെന്നും (grotesque fear) പറഞ്ഞ ലാവ്റോവ്, അമേരിക്കയെ പോലുള്ള രാജ്യങ്ങള്‍ തന്റെ രാജ്യത്തെ ‘നശിപ്പിക്കാന്‍’ ശ്രമിക്കുന്നതായും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മുമ്പില്ലാത്ത വിധം റഷ്യോഫോബിയ (Russophobia) വ്യാപിച്ചതായും ഐക്യരാഷ്ട്രസഭക്ക് മുന്നില്‍ പറഞ്ഞു.

റഷ്യക്കെതിരായും മറ്റുമുള്ള ഉപരോധ മാര്‍ഗങ്ങളിലൂടെ ലോകത്തെ മുഴുവന്‍ തങ്ങളുടെ കൈവെള്ളയിലൊതുക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും ലോകത്ത് ഏതുകോണില്‍ നടക്കുന്ന ജിയോപൊളിറ്റിക്കല്‍ മാറ്റങ്ങളെയും തങ്ങളുടെ ആധിപത്യത്തിന് നേരെയുള്ള ഭീഷണിയായാണ് വരേണ്യ വര്‍ഗക്കാരായ പാശ്ചാത്യ രാജ്യങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

”അമേരിക്ക കാരണം രക്ഷപ്പെട്ട ഒരു രാജ്യത്തിന്റെ പേരെങ്കിലും പറയാനാകുമോ. യു.എസിന്റേത് സ്വേച്ഛാധിപത്യമാണ്. ദൈവത്തിന്റെ ദൂതരാണെന്നാണ് അവരുടെ വിചാരം,” ലാവ്‌റോവ് പറഞ്ഞു.

Content Highlight: Russia supports India and Brazil for permanent membership in UN Security Council

We use cookies to give you the best possible experience. Learn more